Wednesday, May 14, 2008

ഒരു സ്നേഹ സംവാദം

ഇരുളിന്റെ ഓരം ചേര്‍ന്ന് അയാള്‍
ആകാശത്തേയ്ക്ക് ഒരു കസേര വലിച്ചിട്ടു
ഒളിഞ്ഞും തെളിഞ്ഞും അവരെത്തിയെത്തിയപ്പോള്‍
ആയാള്‍ മെല്ലെ ചോദ്യങ്ങളുടെ കൂട് തുറന്നു.

“പൊട്ടിച്ചിരിക്കുന്ന അരുവിയുടെ കളകളമായ്
നൃത്തമാടുന്ന കുപ്പിവളകളുടെ കിലുകിലുക്കമായ്
നിങ്ങളെ വാരിയെറിഞ്ഞതാരാണ്?”

“അവള്‍ - സ്വപ്നങ്ങളുടെ കാമുകി.”

“അപ്പോള്‍ ഈ നിറങ്ങളും
തിളക്കവും നിങ്ങളില്‍ ചേര്‍ത്തതാരാണ്?”

“അവള്‍ ചിരിക്കാനൊരുങ്ങിയപ്പോള്‍ നിറങ്ങളും
ചും‌ബിക്കാനൊരുങ്ങിയപ്പോള്‍ തിളക്കവും ഞങ്ങളില്‍ ചേര്‍ന്നു
പക്ഷേ... എല്ലാം കൂട്ടിവച്ച് അവളിറങ്ങിപ്പോയി...”
(നക്ഷത്രങ്ങള്‍ കരയാനൊരുങ്ങി)

“അപ്പോള്‍ നിങ്ങള്‍ക്കും വേദനകളുടെ ലോകമുണ്ടോ!”

“ഭൂമിയില്‍ ഓരോ സ്വപ്നങ്ങള്‍ തകരുമ്പോഴും
ഞങ്ങളില്‍ നിറവും തിളക്കവും മങ്ങുന്നു.
ഭൂമിയിലെ ഓരോ നെടുവീര്‍പ്പിലും ഞങ്ങള്‍ നിപതിക്കുന്നു.
ഇതാണ് ഞങ്ങളുടെ ജീവിതം - നക്ഷത്രങ്ങളുടെ ലോകം.”

അയാള്‍ വീണ്ടും ചോദിക്കാനൊരുങ്ങിയപ്പോള്‍
അരുവിയുടെ കളകളമായ് കുപ്പിവളയുടെ കിലുകിലുക്കമായ്
ഒരു സംഗീതം ചക്രവാളത്തില്‍ നിറഞ്ഞലിഞ്ഞു.
നക്ഷത്രങ്ങളുടെ രാജകുമാരിയായ് അന്നവള്‍
ആകാശക്കൊട്ടാരത്തില്‍ വാഴിക്കപ്പെട്ടു.

ആ സംഗീതത്തില്‍ മുഴുകി അയാള്‍ തളര്‍ന്നു മയങ്ങി.

Wednesday, May 7, 2008

കടല്‍ക്കരയിലെ കുട്ടികള്‍

രണ്ടു കുട്ടികള്‍
കടല്‍ക്കരയില്‍ ഇരിക്കുന്നു.
ഒരാണ്‍കുട്ടിയും
മറ്റെത് പെണ്‍കുട്ടിയും.
കക്കകളും ചിപ്പികളും
അവര്‍ പെറുക്കിക്കൂട്ടി.
ഒരു വലിയ തിരമാല
അവരുടെ നേരെ ആര്‍ത്തു.
കക്കകളും ചിപ്പികളും
കടലിലേയ്ക്ക് ഒഴുകിപ്പോയി.
വിഷണ്ണനായ ആണ്‍കുട്ടിയോട്
പെണ്‍കുട്ടി പറഞ്ഞു,
‘ഇനിയൊരിക്കലും അവ
തിരികെ വരില്ല,
നമ്മുക്ക് പോകാം.’
ആണ്‍കുട്ടി പറഞ്ഞു,
‘ഞാനിവിടെ കാത്തിരിക്കട്ടെ
അവ തിരികെയെത്തും.’
പെണ്‍കുട്ടി നടന്നു മറഞ്ഞു.
പിന്നാലെ അടുത്ത തിരയുമെത്തി.