Tuesday, April 15, 2008

കുടിയിറക്കം

ഇന്ന് വിശപ്പ് എന്നെ കൊത്തി വലിക്കുകയും
തണുപ്പ് എന്റെ വസ്ത്രങ്ങളെ കീറിക്കളയുകയും ചെയ്തു
അടര്‍ന്നു വീണ മണ്‍ഭിത്തികള്‍ക്കിടയില്‍
പൂഴിയില്‍ മുഖമമര്‍ത്തി ഞാന്‍ തേങ്ങി

ഇന്നലെയിവിടെയൊരു ഗ്രാമമുണ്ടായിരുന്നു
അരുവികള്‍ തളിര്‍ക്കുകയും പൂവിടുകയും ചെയ്തിരുന്നു
ചില്ലകളില്‍ ഊഞ്ഞാല്‍ പാട്ടുയുരുകയും
കുരുവികള്‍ തേനുട്ടിപ്പറക്കുകയും ചെയ്തിരുന്നു

ഇന്ന് കാഴ്ചകള്‍ നഷ്ടപ്പെട്ടവരുടെ തേരോട്ടമായിരുന്നു
രഥചക്രങ്ങളില്‍ അടര്‍ന്നു പോയ മണകൂടുകള്‍
സൃഷ്ടിച്ച ശ്മാശനത്തില്‍ രാത്രിമഴയുടെ വിറങ്ങലിച്ച
യാമങ്ങള്‍ തേങ്ങലുകള്‍ നിറഞ്ഞ് മൂകമായി

ഇന്നലെ കന്യകമാരുടെ രക്തം പുഴകളില്‍ നിറയുകയും
മീനുകള്‍ കന്യകമാരായ് പുനര്‍ജ്ജനിക്കുകയും ചെയ്തു
അത്തിമരച്ചില്ലകളില്‍ വിരിയാത്ത കുരുവിക്കൂടുകള്‍
അമ്മക്കിളിയെയോര്‍ത്ത് സമാധിയായി

ഇന്ന് ഓളങ്ങളാല്‍ സംവഹിക്കപ്പെട്ട് ഞാന്‍ മാത്രം
പൊങ്ങിയും താണും വിടര്‍ന്നും കൊഴിഞ്ഞും
മുറിവേറ്റ എന്റെ ഗ്രാമാ‍ശ്രമത്തില്‍ നിന്നും
രക്തം കിനിയുന്ന ഹൃദയവുമായ് ഒഴുകിയിറങ്ങി

Tuesday, April 1, 2008

മരങ്ങാട്ടുപ്പള്ളിയില്‍ നിന്നും ഒരവിവാഹിതന്റെ വിലാപം

രംഗപ്രവേശം:
രാവിലെ റബ്ബര്‍ വെട്ട് കഴിഞ്ഞപ്പോഴാണ് സമയം പതിവിലും വൈകിയെന്ന ആധി പ്രകാശിനെ പിടികൂടിയത്. കിണറ്റുകരയില്‍ നിന്നും മൂന്നാലു തൊട്ടി വെള്ളം കോരി തല വഴി കമഴ്ത്തി, തോര്‍ത്തി, പൌഡറില്‍ മണപ്പിച്ച്, പല്ലിന്റെ വിടവിലൂടെ നാവിന്‍ത്തുമ്പൊന്നമര്‍ത്തി കണ്ണാടിയ്ക്ക് മുമ്പില്‍ ഞെളിഞ്ഞൊന്ന് നോക്കിട്ട് മൂക്കിലെ മറുകിലൊന്ന് തലോടി കവലയിലേയ്ക്ക് ഒറ്റ നടത്തം. വരുന്ന ബസ്സെല്ലാം തിങ്ങിനിറഞ്ഞ്, തൂങ്ങിയാടികിടക്കുന്നു ഭാവിയുടെ വാഗ്ദാനങ്ങള്‍. ഇനി നോക്കീട്ട് കാര്യമില്ല. പ്രകാശ് കോളജിലേയ്ക്ക് തൂങ്ങി നീങ്ങി.

കോളജിന്റെ പ്രധാന കവാടത്തിലേയ്ക്ക് കാലെടുത്തു വച്ചതും ചെരിപ്പിന്റെ വാറ് ടിം... “ഹെന്റമ്മച്ചിയെ...” പ്രകാശ് മനസ്സില്‍ വിളിച്ചു. റബ്ബര്‍ വെട്ടാന്‍ പോകുന്ന ചെരിപ്പ്! മാറിയിടാന്‍ മറന്നു. ഇതിന്ന് പണിയാകും. എന്നാലും വെച്ച കാല് പിന്നോട്ടില്ല. ഒരു കമ്പെടുത്ത് വാറ് കുത്തിക്കേറ്റി ക്ലാസ്സിലേയ്ക്ക് പിടിച്ചു. റബ്ബര്‍ പാല്‍ വീണ് കറുത്ത പുള്ളികളുള്ള ദ്രവിച്ച് തീരാറായ ചെരിപ്പ്! “ഏതേലും കഴുവേറി ഇന്നിതെക്കേറിപ്പിടിയ്ക്കരുതേ...” പ്രകാശ് ഉള്ളാ‍ലെ പ്രാര്‍ത്ഥിച്ചു. പ്രകാശിന്റെ പ്രാര്‍ത്ഥനയല്ലെ ആര് കേള്‍ക്കാന്‍. കൈയൊടെ പിടിച്ച് മനോജിന്റെ വക ഗംഭീര സ്വീകരണം. “പോടാ മയിരുകളെ...” പ്രകാശ് ഏല്ലാവരോടുമായി പൊട്ടി. പിന്നെ റബ്ബര്‍ കര്‍ഷകനെക്കുറിച്ചും അദ്ധ്വാനിക്കുന്ന കര്‍ഷകവിഭാഗത്തെക്കുറിച്ചും ഒരു ലഖുലേഖ. അതൊക്കെ എവിടെയെശാന്‍? പ്രകാശ് അന്നത്തെ പ്രധാന കഥാപ്രാത്രമായി. എന്‍. സി. സിയില്‍ അണ്ടര്‍ ഓഫീസറായ പ്രകാശിന്റെ ബുദ്ധിയുണരുന്നു, ‘ഞാനിപ്പോ ബൂട്സിട്ട് വരാ‘മെന്നൊരു ഗമെല് കക്ഷി എന്‍. സി. സി റൂമിലെയ്ക്ക് പാഞ്ഞു. ആ ഐഡിയാ‍യും ചീറ്റി. കമാന്‍ഡര്‍ ഇത്താക്ക് ഹാജര്‍ നഹി ഹെ! പിന്നെയെന്തോന്ന്! വീണെടെം വിഷ്ണു ലോകം. സര്‍വ്വലോക റബ്ബര്‍വെട്ടുകാരെ സംഘടിക്കുവിന്‍. അത്ര തന്നെ.

ഉച്ചയ്ക്ക് കാന്റിനില്‍ നിന്നും താഴെ മാടക്കടയിലേയ്ക്ക് നടന്നു. പ്രേമിന്റെയോ ചാക്കോച്ചന്റെയോ സിഗരിറ്റിന്റെ പങ്കു പറ്റണം - ഒരു സിഗരറ്റിന് നാ‍ലോ അഞ്ചോ അവകാശികള്‍. ഹാവു പുകച്ചൂതുന്ന ഈ ജീവിതം എത്രയോ സുന്ദരം! തിരിച്ചു കേറുമ്പോള്‍ അച്ചുവേട്ടന്റെ വക, “പ്രകാശെ, നീയിപ്പൊ റബ്ബര്‍ പാലാണോ കുടിയ്ക്കുന്നത്? നടക്കുമ്പോള്‍ റബ്ബര്‍ പന്ത് പോലൊരു ചാട്ടം.” ആ കമന്റ് ഏല്ലാവര്‍ക്കും രസിച്ചു. ഏല്ലാവരും ഒന്നാര്‍ത്തുവിളിച്ചു. അച്ചുവേട്ടനെ തെറി വിളിക്കാന്‍ വയ്യാത്തതിന്റെ കേട് മറ്റുള്ളവരോടായി പ്രകാശ്. “പോടാ മയിരുകളെ...” ശുഷ്കമായ പ്രകാശിന്റെ തെറിലോകം ഈ വാക്കിലൊതുങ്ങി.

ശിവാനന്ദോത്സവം:
ഉത്സവക്കമ്മിറ്റി പ്രധാന കാര്യക്കാരന്‍ ശിവാനന്ദന്റെ അതിഥികളായി അമ്പലപ്പറമ്പില്‍ അലഞ്ഞുതിരിയുമ്പോള്‍ നീന്തലറിയാത്ത പ്രകാശിന്റെ തലയില്‍ സമയം പോകാനുള്ള വിദ്യയുദിച്ചു. പിന്നെ താമസിച്ചില്ല. പാ‍റമടയിലെ വിശാലതയില്‍ നീന്തിത്തുടിച്ച് രസിച്ചു(?). അകലെ പടിഞ്ഞാറെ ചക്രവാളത്തില്‍ അന്തിക്കള്ളിന്റെ മണം ഉയര്‍ന്നു പടര്‍ന്നു. “എടാ മൂക്കണെനു മുമ്പ് അങ്ങ് ചെല്ലണം”, പ്രകാശ് അക്ഷമനായി. ആവേശത്തിനിടയില്‍ ഈയുള്ളവന്‍ മുങ്ങിത്താണു. പനനീര് മോന്താനുള്ള യാത്രയില്‍ നനഞ്ഞ അണ്ടര്‍ വെയറുമായി പൊരുത്തപ്പെടാന്‍ മനോജ് കഷ്ടപ്പെടുന്നുണ്ടായിരുന്നു. “നീന്തലറിയാന്‍ വയ്യെങ്കില്‍ എന്നെപ്പോലെ കരയ്ക്കിരുന്നാല്‍ പോരായിരുന്നോ? മനോജ് കരയ്ക്കൊണ്ടായിരുന്നതു കൊണ്ട് നീ രക്ഷപ്പെട്ടു.” പ്രകാശ് ഇടയ്ക്കിടെ ഓര്‍മ്മിപ്പിയ്ക്കുന്നുണ്ടായിരുന്നു. ആ സംഭവത്തിന് ഒരു ജീവന്‍ രക്ഷാ പതക് മനോജിന് അവകാശപ്പെട്ടതാണ്. പിന്നെ പനനീരിന്റെ ആലസ്യത്തില്‍ ഏല്ലാം മറന്ന് പോളേട്ടന്റെ പ്രഭാഷണത്തില്‍ മുഴുകിയ നിലാവുള്ള രാത്രി അവസാനിയ്ക്കാറായി. അമ്പലപ്പറമ്പില്‍ തിരികെയെത്തുമ്പോള്‍ അനൌസ്മെന്റ് “അടുത്ത ഒരു രംഗത്തോടെ ഈ നാടകം ഇവിടെ പൂര്‍ണ്ണമാകുന്നു...” സംഭവബഹുലമായ ശിവാനന്ദോത്സവം അങ്ങിനെ പൂര്‍ത്തിയായി.

രൂപാന്തരം:
വടക്ക് കിഴക്കെ മലയിടുക്കുകള്‍ക്കിടയില്‍ മരങ്ങാട്ടുപ്പള്ളിയില്‍ നിന്നും ഒരു ബിരുദധാരിയെ അവശ്യമായിരിക്കുന്നു. ഭാരതമെന്നത് വലിയ ആവേശമൊന്നുമല്ലാത്ത ഒരു ജനതയെ ഭാരതത്തിന്റെ ഭാവിയായി വാര്‍ത്തെടുക്കുക. കൊള്ളാം. തരക്കേടില്ലാത്ത പ്രതിഫലം. പുതിയ ആകാശം പുതിയ ഭൂമി. പ്രകാശിന്റെ തലവര മാറ്റിവരയ്ക്കപ്പെട്ടു. റഷ്യയില്‍ നിന്നും കയറ്റി അയക്കപ്പെട്ട സാഹിത്യരൂപങ്ങളെല്ലാം ചുളുവിലയ്ക്ക് അവിടെ സുലഭം. ഏല്ലാം വാങ്ങി ഒരു അലമാരയില്‍ അടുക്കിവെച്ച് പ്രകാശ് വായന തുടങ്ങി. ഇതാ പ്രകാശിന്റെ ചിന്താമണ്ഡലം ഉത്ദീപമാകുന്നു. ഹാ സാഹിത്യലോകത്തിലെ അമൂല്യ മുത്തുകളെ, ഹായ്... ഹോയ്... പൂയ്... സാഹിത്യസാഗരത്തില്‍ നീന്തിത്തുടിച്ച് പ്രകാശ് പുതിയ ജന്മമെടുക്കുന്നു. അനന്തപുരിയില്‍ ഒരു നസ്രാണിപത്രത്തില്‍ ശവശരീരങ്ങളുടെ കണക്കെടുക്കുന്നു. ടോള്‍സ്റ്റോയിയും ദയ്സ്തോവിസ്കിയുമെല്ലാം മരങ്ങാട്ടുപ്പള്ളിയിലെ അലമാരയില്‍ വീര്‍പ്പു മുട്ടിയിരുന്നു. പിന്നെ റബ്ബര്‍ മരങ്ങളുടെ ഇല കൊഴിയുന്നതും തളിര്‍ക്കുന്നതും, പാല്‍ കറങ്ങിയിറങ്ങുന്നതും, റബ്ബര്‍ പൂക്കളില്‍ തേനീച്ചകള്‍ സംഗീതമാകുന്നതും, റബ്ബര്‍ കായ്കള്‍ പൊട്ടിയടരുന്നതും അവര്‍ക്ക് പരിചിതമായിത്തീര്‍ന്നു. പ്രകാശിന് അന്യവും.

വൈക്കത്തഷ്ടമിനാളില്‍:
റബ്ബറില്‍ നിന്നും ഫോര്‍ത്തിലേയ്ക്ക് കടന്ന പ്രകാശ് സാദ്ധ്യതകളുടെ ലോകത്തിലേയ്ക്ക് കപ്പല്‍ പായിച്ചു. ഈ പാച്ചിലിനിടയില്‍ ഓര്‍മ്മകളുടെ സുഖമായ വൈക്കത്തഷ്ടമി. അഷ്ടമിത്തിരക്കുകള്‍ക്കിടയില്‍ ഒരു കാമുകന്റെ വിടര്‍ന്ന മുഖവുമായി തെക്കെനടയില്‍ പ്രകാശ് സംഗമിച്ചു. ‘ഈ നസ്രാണിയും പട്ടരുകുട്ടിയും തമ്മില്‍...? മരങ്ങാട്ടുപ്പള്ളിയില്‍ നിന്നും അമ്മച്ചിയെ കൊണ്ടുവന്ന് ഇവിടെയെല്ലാം ഹനാ‍ന്‍ വെള്ളം തളിയ്ക്കാനാണോ ഇവന്റെ പ്ലാന്‍!‘ സഹപ്രവര്‍ത്തകയെന്നൊരു മേല്‍വിലാസം ഞങ്ങള്‍ക്ക് നല്‍കുമ്പോള്‍ വലിയ നുണയൊന്നും പറയാന്‍ പ്രകാശ് പഠിച്ചിട്ടില്ലെന്ന് ഉറപ്പായിരുന്നു. പിന്നെയും ഏറെ വൈകി കെ.ടി.ഡി.സിയില്‍ കായല്‍ കാറ്റേറ്റ് ബീയര്‍ ഗ്ലാസ്സില്‍ വിയര്‍പ്പ് കണങ്ങള്‍ അടിയുമ്പോള്‍ ഞങ്ങള്‍ക്കിടയില്‍ വലിയൊരു മൌനത്തിന്റെ ബര്‍ളിന്‍ മതില്‍ ഉയര്‍ന്നു നിന്നു. ചവര്‍ക്കുന്ന വീര്യം കുടിച്ചിറക്കി അക്കരെനിന്നും വരുന്ന ബോട്ടിന്റെ അരണ്ട പ്രകാശത്തിലേയ്ക്ക് നോക്കിയിരിക്കുമ്പോള്‍ കാമുകന്റെ മുഖം ചുവന്ന് പ്രകാശിച്ചിരുന്നു. സന്ധ്യയായി... പ്രഭാതമായി... ശവക്കുഴികള്‍ തേടി പ്രകാശ് യാത്രയായി.

അവിവാഹിതരെ ഇതിലെ ഇതിലെ:
മറ്റൊരു സമാഗമത്തിന് വൈക്കം തിരഞ്ഞെടുത്തത് മനോജാണ്. പ്രകാശിന് കുമരകമായിരുന്നു ലഹരി. ജീവിതത്തിന്റെ കരുത്താര്‍ന്ന മുഖമുമായി പ്രകാശ് കൃത്യമായി എത്തി. കരിമീന്റെ തനതു വിഭവങ്ങളുമായ് ഞങ്ങള്‍ ആരംഭിയ്ക്കുമ്പോള്‍ സംഘാടകനായ മനോജിന്റെ കസേര ഒഴിഞ്ഞു കിടന്നു. കുമരകത്തെയ്ക്കുള്ള ഉള്‍വിളി പ്രകാശിനെ ഉടയ്ക്കിടെ ഉലയ്ക്കുന്നുണ്ടായിരുന്നു. മനോജിന്റെ വരവോടെ അച്ചുവേട്ടന്റെയും കൊച്ചുപോളിന്റെയും മറ്റും സാന്നിദ്ധ്യം മൊബൈല്‍ ലൌഡ് സ്പീക്കര്‍ ഏറ്റുവാങ്ങി. ബീയറിന്റെ തണുപ്പില്‍ പുതഞ്ഞ് പ്രകാശിനെ മനഃപൂര്‍വ്വം പ്രകോപ്പിച്ചു. അവനും ഒരു പെണ്ണും പെടക്കോഴിയുമൊക്കെ വേണമല്ലോ! അവിവാഹിത ജീവിതത്തിന്റെ അനന്ത സാദ്ധ്യതകളെക്കുറിച്ച് വാചാലനാകാന്‍ ശ്രമിയ്ക്കുകയും ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കാട്ടുകയും ചെയ്ത് പ്രകാശ് ചര്‍ച്ച പുരോഗമിപ്പിച്ചു. പിന്നെ 90-ന്റെ ഓര്‍മ്മകളുടെ തൂക്കുപാലത്തില്‍ കയറിയിറങ്ങി പലവഴികള്‍ താണ്ടി ഒരു ബോട്ട് യാത്രയിലേയ്ക്ക് കെട്ടടങ്ങി വൈക്കം സംഗമം. പ്രകാശിന്റെ വാല്‍ പന്തീരാണ്ടു കൊല്ലം കുഴലിലിട്ടാലും നേരേയാവില്ലെന്നും പിന്നെ വെട്ടി ഉപ്പിലിട്ടാല്‍ നേരെയാവാന്‍ സാദ്ധ്യതയുണ്ടെന്നും കഥാന്ത്യം.

കാലികം:
കാലത്തിന്റെ പ്രയാണത്തില്‍, അനുഭവങ്ങളുടെ തീച്ചുളയില്‍ കുരുത്ത പ്രകാശ് എന്ന അവിവാഹിതന്‍ കോഴിക്കോട് പത്രോഫീസിന്റെ ഡസ്കില്‍ നിന്നും ഏണീറ്റ് നടുവ് നിവര്‍ത്തി. പിന്നെ പതിവുള്ള രാത്രിശീലങ്ങളിലേയ്ക്ക് ഒരു യാത്ര. മുറിയിലെത്തുമ്പോള്‍ അരണ്ട വെളിച്ചത്തില്‍ ഡയറിയുടെ പുറംച്ചട്ട തിളങ്ങുന്നു. തുറന്ന് ആദ്യ നമ്പരില്‍ തന്നെ വിളിയ്ക്കാനുറപ്പിച്ചപ്പോള്‍ ക്ലോക്ക് 12 ന്റെ സംഗീതം പൊഴിച്ചു. “ഈ പാതിരാത്രിയ്ക്കിനി എന്നാ വിളിയ്ക്കാനാ?” ഷൂസ് വലിച്ചുരി മേലോട്ടെറിഞ്ഞ് പ്രകാശ് സ്വയം ചോദിച്ചു. പിന്നെ ഡയറി മേശയിലെയ്ക്ക് വലിച്ചെറിഞ്ഞ് ‘പോടാ മയിരുകളെ...’ എന്ന് അലറി കട്ടിലിലേയ്ക്ക് മറിഞ്ഞു.


(നിയമപ്രകാരമുള്ള മുന്നറിയിപ്പ്: ഇതിലെ കഥാപാത്രങ്ങള്‍ക്ക് മരിച്ചവരോ ജനിയ്ക്കാനിരിക്കുന്നവരോ ആയ ആരോടും യാതൊരു ബന്ധവുമില്ല - ജീവിച്ചിരിയ്ക്കുന്നവരുമായി മാത്രം)