Tuesday, July 29, 2008

സുഖപ്രസവം, നാല് കുട്ടികള്‍ സര്‍

അബ്ദുള്‍ ജലീല്‍ പറഞ്ഞു നിറുത്തിയപ്പോള്‍ അത്ഭുതം കൊണ്ട് എന്റെ വായ് തുറന്നു പോയി.
“റിയലീ!?” ആദ്യം വായില്‍ വന്നത് അങ്ങിനെയാണ്. “കണ്‍ഗ്രാജുലേഷന്‍സ്...”

സിറിയയില്‍ നിര്‍ബന്ധിത സൈനിക സേവനത്തിനു ശേഷം റിയാദില്‍ ഭാഗ്യന്വേഷിയായ് എത്തിച്ചേര്‍ന്ന ഈ കുറിയ മനുഷ്യന്‍ ഞാന്‍ കണ്ടു മുട്ടിയ സിറിയക്കാരില്‍ നിന്നും ഏറെ വ്യത്യസ്തനായിരുന്നു. ആ വ്യത്യാസം ചൂണ്ടിക്കാട്ടിയപ്പോള്‍ അയാള്‍ സൈനിക ജീവിതത്തെയെയും അതിലുടെ കൈ വന്ന മാറ്റത്തെയും കുറിച്ച് വാചാലനായി. പണം കൊടുത്ത് മറ്റുള്ളവരെപ്പോലെ തനിക്കും സൈനിക ജീവിതം ഒഴിവാക്കാമായിരുന്നെങ്കിലും അയാള്‍ രാജ്യസേവനം ആസ്വദിച്ച് ജീവിതം കരുപ്പിടിപ്പിയ്ക്കുകയായിരുന്നു. തന്റെ കാര്‍ഷികോത്സാഹത്തിന്റെ വിളവെടുപ്പിലേയ്ക്ക് സിറിയയിലെ ഒരുള്‍നാടന്‍ ഗ്രാമം അയാളെ ഇടയ്ക്കിടെ വിളിച്ചുകൊണ്ടിരുന്നു. അങ്ങിനെയൊരു വിളവെടുപ്പിന്റെ അവധി കഴിഞ്ഞെത്തുമ്പോഴാണ് ജലീല്‍ ഈ വിശേഷം പങ്കു വെച്ചത്.

എന്റെ മുഖത്തേക്ക് നോക്കി ജലീല്‍ ആവര്‍ത്തിച്ചു, “നാല് സര്‍, നാല്. മൂന്ന് പെണ്ണും ഒരാണും. അവിടെ പേപ്പറിലും ഇന്റര്‍നെറ്റിലും വന്നിരുന്നു.” ഒരറബിപേപ്പറിന്റെ കട്ടിംഗ് എന്റെ കൈയ്യില്‍ തന്നു. നീല കമ്പിളികുപ്പായത്തില്‍ പൊതിഞ്ഞ് നാല് കുഞ്ഞുളെ നിരത്തിക്കിടത്തിയിരിക്കുന്ന ഫോട്ടോയോടുകുടിയ വാര്‍ത്ത.
“കണ്‍ഗ്രാജുലേഷന്‍സ്... നിന്റെ സമയം നല്ലതാണെന്ന് തോന്നുന്നു, ഭാഗ്യവാന്‍.” ഞാന്‍ അഭിനന്ദനങ്ങള്‍ക്ക് പിശുക്ക് വരുത്തിയില്ല.
“അല്‍ ഹംദുലില്ല...” ജലീല്‍ തന്റെ മുറിയിലേയ്ക്ക് പോയി.

ജോലിത്തിരക്കുകള്‍ സമയം കവര്‍ന്നെടുത്ത് മാസങ്ങള്‍ കടന്നുപോയതറിഞ്ഞില്ല. ജലീലിന്റെ കുട്ടികളെക്കുറിച്ച് ഭാര്യയുടെ ചോദ്യത്തിന് ഉത്തരം നല്‍കാനായില്ല. പിന്നീട് കുട്ടികളെപ്പറ്റിയൊന്നും ജലീലിനോട് ചോദിക്കാതിരുന്നതില്‍ ചെറിയൊരു ശരിയില്ലാഴ്മയും തോന്നി. പിറ്റേന്ന് ജലീലിനെ കണ്ട മാത്രയില്‍ കുട്ടികളെപ്പറ്റിത്തിരക്കി.
“അവരെല്ലാം റിയാദിലുണ്ട് സര്‍, സുഖജീവിതം.” തിളങ്ങുന്ന കണ്ണുകളോടെ ജലീല്‍ പറഞ്ഞപ്പോള്‍ അവരുടെ ആനന്ദജീവിതം ആ കണ്ണുകളില്‍ ഞാന്‍ വായിച്ചെടുത്തു.“വീട്ടിലേക്ക് വരു സര്‍, കുഞ്ഞുങ്ങളെ കാണാന്‍ താല്പര്യമുണ്ടോ?” ക്ഷണിക്കാനും ജലീല്‍ മറന്നില്ല.
“നമ്മുക്ക് ഒന്ന് പോയാലോ?” ഭാര്യയ്ക്ക് ഉത്‌ഹാസമായി.
“ഏയ് അതൊന്നും ശരിയാകില്ല.” ഞാന്‍ വിസമ്മതക്കുറിപ്പിറക്കി.
പക്ഷേ പിറ്റേന്ന് ജലീലിന്റെ രണ്ടാം വട്ടം ക്ഷണമുണ്ടായി. അവസാനം ആ വാര്യാന്ത്യത്തില്‍ ഞങ്ങള്‍ അത്താഴത്തിന് എത്താമെന്ന് ഉറപ്പ് നല്‍കേണ്ടിയും വന്നു. സാംസ്കാരിക വൈരുദ്ധ്യം അതിഥി ആഥിധേയ മര്യാദകളെ എങ്ങിനെ സങ്കലനം ചെയ്യും? നാല് കുഞ്ഞുങ്ങള്‍! എന്ത് സമ്മാനമായിക്കരുതണം? എന്റെ അനാവശ്യ ചിന്തകള്‍ അസ്ഥാനത്താണെന്ന് ഭാര്യ ഉറപ്പിച്ചു. എന്താകട്ടെ,ഒരുങ്ങുക തന്നെ.

ഞങ്ങള്‍ ജലീലിന്റെ ഫ്ലാറ്റിലെത്തുമ്പോള്‍ അവര്‍ ഞങ്ങള്‍ക്കാ‍യ് കാത്തിരിയ്ക്കുകയായിരുന്നു. താമസിച്ചതിന് ക്ഷമാപണവുമായ് ഞങ്ങള്‍ അകത്തുകടന്ന് ഞങ്ങള്‍ക്കായ് വിരിച്ച കാര്‍പ്പറ്റിലേയ്ക്ക് ചമ്രം പടിഞ്ഞു.
“അസെലാമലൈക്കും...” ജലീലിന്റെ കുടുംബിനി മുറിയിലേയ്ക്ക് പ്രവേശിച്ചു. എന്റെ ഭാര്യ എഴുന്നേറ്റ് അവരെ ആശ്ലേഷിച്ച് പ്രത്യഭിവാദ്യം ചെയ്ത് കരുതിയിരുന്ന സമ്മാനപ്പൊതി കൈമാറി. അവര്‍ ഞങ്ങളുടെ മുന്നിലേയ്ക്ക് ഗാവയും* ഈത്തപ്പഴവും നിറച്ചു.
“കുട്ടികള്‍...?” ഞാന്‍ ചോദിച്ചു.
“അവരുറങ്ങുന്നു. ഉടനെ എഴുന്നേല്‍ക്കും. നമ്മുക്ക് ഭക്ഷണം കഴിയ്ക്കാം.” ജലീല്‍ പറഞ്ഞവസാനിയ്ക്കുന്നതിന് മുമ്പേ വറുത്ത കോഴിയും മൊരിച്ച റൊട്ടിയും ഒലിവെണ്ണയൊഴിച്ച കടലച്ചമ്മന്തിയും കുറെ ഉപ്പിലിട്ട ഒലിവിന്‍ കായ്കളും മറ്റു വിഭവങ്ങളും നിരന്നു.
‘കൊള്ളാം, കാര്യമായിട്ടാ‍ണല്ലോ?’ ഞാന്‍ രഹസ്യമായി ഭാര്യയോട് പറഞ്ഞു.
സമൃദ്ധമായ അത്താഴം ചൂടുള്ള ഒരു തുര്‍ക്കിക്കാപ്പിയോടെ അവസാനിച്ചു.

അകത്തെ മുറിയില്‍ കുട്ടികള്‍ ഉണര്‍ന്നതിന്റെ ലക്ഷണങ്ങള്‍ കേട്ടുതുടങ്ങി. ഓരോരുത്തരെയായ് അവര്‍ പുറത്തേയ്ക്ക് കൊണ്ടു വന്നു. ഓമനത്തം തുളുമ്പുന്ന മൂന്ന് പെണ്‍കുഞ്ഞുങ്ങള്‍. ആണ്‍കുട്ടി ഇനിയും എണിറ്റിട്ടില്ല. ഏത് കുഞ്ഞിനെ ആദ്യമെടുക്കണെമെന്നോരു കണ്‍ഫ്യൂഷന്‍! കുഞ്ഞുങ്ങള്‍ ഓരോരുത്തരായ് മടിയിലേയ്ക്കും ഒഴിഞ്ഞ പിഞ്ഞാണങ്ങളിലേയ്ക്കും നീന്തിക്കയറി. ഗാവ ഗ്ലാസ്സുകള്‍ ഒന്നോ രണ്ടോ മറിഞ്ഞുടഞ്ഞു.
“നിങ്ങള്‍ വല്ലാതെ കഷ്ടപ്പെടുന്നുണ്ടാവുമല്ലേ?” ഞാന്‍ കുഞ്ഞുങ്ങളെ നോക്കിപ്പറഞ്ഞു.
“ഏയ്യ്, അങ്ങിനെയൊന്നുമില്ല.” അവര്‍ കുട്ടികളെ എടുത്ത് അകത്തെ മുറിയിലാക്കി കുറെ കളിപ്പാട്ടങ്ങളും വാരിയിട്ടു. അപ്പോള്‍ നാലാമത്തെ കുഞ്ഞും എണീറ്റു കരഞ്ഞു.

മറ്റൊരു തുര്‍ക്കിക്കാപ്പി കൂടി പകര്‍ന്ന് ജലീല്‍ ഒരു സിഗറിറ്റിന് തീ കൊടുത്തു. തുടര്‍സംഭാഷണങ്ങള്‍ ലഘൂകരീക്കാനുള്ള എന്റെ ശ്രമമെല്ലാം പാഴായി. ജലീലിന്റെ ഭാര്യ കുറെ കുപ്പായങ്ങളുമായ് തിരികെയെത്തി. അവ ഓരോന്നായി നിവര്‍ത്തി അഭിപ്രായമാരാഞ്ഞു. “ഉഗ്രന്‍, കൊള്ളാം! നല്ല കളര്‍!” എന്നൊക്കെ എന്റെ ഭാര്യ തട്ടി വിടുന്നുണ്ട്. ഇടയ്ക്ക് എന്റെ മുന്നിലേയ്ക്കും കുറെ നിരത്തിയിട്ടു. ഞാനെന്തഭിപ്രായം പറയാന്‍.
“നല്ല ഡിസൈന്‍. റിയാദില്‍ കാണാനില്ല.” എന്തെങ്കിലും പറയണമല്ലോ, ഞാനും തട്ടി വിട്ടു.
“ശരിയാ. ഇത് റിയാദില്‍ കിട്ടില്ല. ഞങ്ങള്‍ സിറിയയില്‍ നിന്നും വില്ക്കാന്‍ കൊണ്ടു വന്നതാ. മാഡത്തിന് നന്നായിരിയ്ക്കും.”
‘ദൈവമെ, ഇത് നമ്മള്‍‌ക്ക് വില്ക്കാനുള്ള പരിപാടിയാണല്ലോ?’ ഞാന്‍ ഭാര്യയോട് അടക്കം പറഞ്ഞു.
“ഇതെല്ലാം നല്ലതാ, പക്ഷേ ഞങ്ങളുടെ ആളുകള്‍ ഈ രീതിയിലുള്ളത് ധരിയ്ക്കാറില്ല. ഒന്നും തോന്നരുത്.” ഭാര്യ ഭംഗിയായ് കാര്യമവതരിപ്പിച്ചു. ആഥിധേയരുടെ വിഷണ്ണമായ മുഖത്തേയ്ക്ക് നോക്കാന്‍ എനിയ്ക്കായില്ല.
“മോനെ മാത്രം കണ്ടില്ലല്ലോ?” ഞാന്‍ നിശബ്ദതയ്ക്ക് വിരാമമിട്ടു.
ജലീല്‍ അകത്തുപോയി കുഞ്ഞുമായെത്തി. നാലാമത്തെ കുട്ടി മറ്റു കുട്ടികളെക്കാള്‍ കാഴ്ചയില്‍ ക്ഷീണിതനായി തോന്നി. അവനെ ലാളിച്ച് തിരികെപ്പോരാന്‍ യാത്രയാകുമ്പോള്‍ അകത്ത് മറ്റൊരു ഗ്ലാസ്സ് കൂടി വീണുടയുന്നത് കേട്ടു.


*ഗാവ - ഒരറേബ്യന്‍ വെല്‍ക്കം ഡ്രിംങ്

Tuesday, July 22, 2008

മൂന്ന് യാത്രാക്കവിതകള്‍

1.നാസിക്കിലേയ്ക്ക്

ഉഷ്ണക്കാറ്റിന്റെ പാച്ചിലും
കരിഞ്ഞുണങ്ങിയ പുല്‍മേടുകളും
എഴുന്നു നില്‍ക്കുന്ന പാറകളുമല്ലാതെ
മറ്റൊന്നും കാണാനില്ലെന്ന് തോന്നിപ്പോകുന്നു
എങ്കിലും
ഈ മലയടിവാരത്തില്‍ ഞാന്‍
അഗസ്ത്യകൂടത്തെ തിരിച്ചറിയുന്നു
പക്ഷേ, നാറാണത്തച്ഛന്‍ തള്ളിയിട്ട
പാ‍റക്കൂട്ടങ്ങള്‍ കാണുന്നില്ല!

2.ഗോദാവരി

ഗോദാവരി ഉത്ഭവിയ്ക്കുന്നത്
ഒരു കണ്ണീര്‍ത്തുള്ളിയായാണ്
വ്രതത്തിന്റെയും നോയമ്പിന്റെയും
പ്രത്യുത്തരമായ് ഒരു കണ്ണീരായ്
ഗുഹാമുഖത്തു നിന്നും ഗോദാവരി
ഒഴുകിയിറങ്ങുന്നു

സ്നാനഘട്ടില്‍ ദൈവങ്ങളെ വിട്ട്
ജലക്രീഡകളുടെ നേരമ്പോക്കിലേയ്ക്ക്
ആര്‍ത്തിയോടെ മിഴിയുടക്കുമ്പോള്‍
അമ്പലമണികളില്‍, നന്ദീകാവലില്‍
ശിവലിംഗത്തില്‍ പറ്റിച്ചേര്‍ന്ന് പൂക്കള്‍
സായുജ്യമടഞ്ഞു

(ഗോദാവരി ഏല്ലാ വിധത്തിലും സമ്പന്നയാണ്)

3.ത്രയംബക് ക്ഷേത്രം

സ്വയംഭൂവിന്റെ
ക്ഷേത്രനടയില്‍
ഗോക്കളണഞ്ഞു

പുല്ലരിഞ്ഞ്
വിളറിപ്പോയ
വിരലുകളില്‍
വാത്സ്യലത്തിന്റെ
ചെറുത്തുട്ടുകള്‍
ആയുര്‍രേഖ
നീട്ടിയെഴുതുന്നു

കാമചേഷ്ടകളില്‍
മിഥുനങ്ങള്‍
നഷ്ടപ്പെടുമ്പോള്‍
തണുത്തുറഞ്ഞ
കല്‍ത്തുണുകള്‍
ദേവദാസികളുടെ
പാട്ടിലുണര്‍ന്നു

പാലില്‍ മുങ്ങി
സ്വയംഭൂ
സമാധിയായി