Monday, November 26, 2007

ബഷീറിയന്‍ തെറി(?)

“ഞാന്‍ നിങ്ങളോട് ചോദിച്ച് പോകുകയാണ് സുഹൃത്തുക്കളെ... നാളെ ഈ കോളെജിനെക്കുറിച്ചോര്‍ക്കുമ്പോള്‍... നിങ്ങളുടെ വകയായി എന്ത് സംഭാവനയാണ് നല്‍കാനുള്ളത്???? ആയതിനാല്‍... നിങ്ങളുടെ രചനകളുമായി ഒരു സ്മരണിക പുറത്തിറക്കാന്‍... നിങ്ങളുടെ വിലയെറിയ വോട്ടുകള്‍ തന്ന്... എന്നെ ഈ കോളെജിന്റെ എഡിറ്ററായി വിജയിപ്പിക്കണമെന്ന്... വിനീതമായി ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു... നന്ദി... നമസ്കാരം.”
“ജെയിപ്പിച്ചാ ചേട്ടനെന്നാക്കെ ചെയ്യും?” ഒരു പെണ്‍ ശബ്ദം.
“മനോജെ... നോട്ടിസൊരെണ്ണം കൊടുക്കെടാ.” പ്രകാശ് കുറെ നോട്ടിസുമായ് ഓടിയെത്തി.
“അന്വേഷണാത്മക ഫീച്ചര്‍...
പ്രശസ്തരുടെ കാര്‍ട്ടുണുകള്‍...
ഇന്റര്‍ കോളിജിയറ്റ് ചെറുകഥാ മത്സരം...
പ്രശസ്തനായ ഒരു സാഹിത്യകാരനുമായ് അഭിമുഖം...
ദാ വായിച്ചു നോക്കൂ വാഗ്ദാനങ്ങള്‍.”
“അപ്പോ, വോട്ട് ചെയ്യുമല്ലൊ? മറക്കല്ലെ?” ഞാന്‍ അടുത്ത ക്ലാസ്സിലെയ്ക്ക് നടന്നു.

എന്റെ വാചകകസര്‍ത്തിന് 260 വോട്ടിന്റെ ഭൂരിപക്ഷം. “ധീരാ, ധീരാ... നേതാവെ...” വിളികളുടെ സുഖമൊക്കെ പെട്ടന്ന് മങ്ങി. സബ് എഡിറ്റേഴ്സ്... സ്റ്റാഫ് എഡിറ്റേഴ്സ്... പരസ്യം... ടെണ്ടര്‍... കവര്‍ ഡിസൈന്‍... വാഗ്ദാനങ്ങള്‍... ടെന്‍ഷന്‍, ടെന്‍ഷന്‍, ടെന്‍ഷന്‍.

അടുത്തുള്ള റബ്ബര്‍ത്തോട്ടം, പള്ളി സിമിത്തേരി, പിന്നെ ലൈബ്രറി അതൊക്കെയായിരുന്നു ബോറടിയ്ക്കുന്ന ക്ലാസ്സുകളില്‍ നിന്നുള്ള രക്ഷ. ഒരു ദിവസം സിമിത്തേരിയിലെയ്ക്ക് തിരിയാന്‍ പള്ളിമുറ്റത്ത് കേറുമ്പോള്‍ ഒരലര്‍ച്ച. ചുറ്റും തിരിഞ്ഞ് നോക്കുമ്പോള്‍ പുറകെ വന്നു അടുത്ത ശബ്ദം. “ഫ്.ഫ്.ഫൂ... ഹലോ. ഹലോ... മൈക്ക് ടെസ്റ്റിംഗ്... ഫ്.ഫ്.ഫൂ......” കൊടിമരത്തിന്റെ അടുത്തായി ഒരു ബാനര്‍ വലിച്ചു കെട്ടിയിരിക്കുന്നു. “നിധീരിക്കല്‍ മാണിക്കത്തനാര്‍ അനുസ്മരണം. ഉത്ഘാടകന്‍: ശ്രീ. ഡി. സി. കിഴക്കെമുറി.” സമ്മേളനം തുടങ്ങിയിട്ടില്ല. നേരെ ചെന്ന്‌ പെട്ടത് പ്രിന്‍സിപ്പാളിന്റെ മുമ്പില്‍.
“താനെന്താടോ ഇവിടെ?”
“ഞങ്ങള്‍ക്കൊരു ലെറ്റര്‍... മുഹമ്മദ് ബഷീറിനെ ഇന്റര്‍വ്യൂ ചെയ്യാന്‍... ഡീസി സാറൊരു ലെറ്റര്‍ തന്നാല്‍...” സരസ്വതി തുണച്ചു!
പ്രിന്‍സിപ്പാള്‍ എന്നെ പരിചയപ്പെടുത്തി. ആവശ്യം കേട്ടമാത്രയില്‍ ഡി. സി. അദ്ദേഹത്തിന്റെ ബാഗ് തുറന്ന് ഒരു പേപ്പറെടുത്തു. പിന്നെയെന്റെ പേരു ചോദിച്ച് ഒരു കുറുപ്പെഴുതി തന്നു. വീണുകിട്ടിയ മഹാഭാഗ്യം! സ്വാഗതപ്രസംഗകന്‍ മൈക്കിനടുത്തേയ്ക്ക് നീങ്ങുന്നു. ‘ഇനിയെന്തിനാടോ നില്‍ക്കുന്നെ?’ എന്ന് പ്രിന്‍സിപ്പാളിന്റെ മുഖഭാവം. ഞങ്ങള്‍ സിമിത്തെരിയിലെയ്ക്ക് പോയി.

ബഷീറിന്റെ പുസ്തകങ്ങള്‍ ഞങ്ങളുടെ ലൈബ്രറിയില്‍ കുറവായിരുന്നു. ‘ശബ്ദങ്ങള്‍’ മരങ്ങോലി വായനശാലയില്‍ നിന്നും കൊച്ചുപോള്‍ തപ്പിയെടുത്തു. ചോദ്യാവലിയുമായി ബന്ധപ്പെട്ട ഏതാണ്ടെല്ലാം തന്നെ വായിച്ചുകഴിഞ്ഞു. ക്യാമറ സംഘടിപ്പിക്കുന്ന കാര്യം മനോജ് ഏറ്റു. ഒരു റിക്കോഡര്‍ സംഘടിപ്പിക്കാനായിരുന്നു ബുദ്ധിമുട്ടിയത്. മനസ്സില്ലാ മനസ്സോടെയെങ്കിലും റിക്കോഡര്‍ തന്ന് സഹായിച്ചത് എന്റെ ഇടവകയിലെ സിസ്റ്റര്‍ ലളിതയെന്നൊരു കന്യാസ്ത്രീയാണ്. കോഴിക്കോട്ടെയ്ക്കുള്ള യാത്ര ഞങ്ങള്‍ ആഘോഷമാക്കി.

ബഷീറിന്റെ വീടിന്റെ പടികടന്നെത്തുമ്പോള്‍, മറ്റൊരുകൂട്ടര്‍ പുറത്തേയ്ക്ക് വരുന്നു. അകലെ വീടിന്റെ അരമതിലില്‍ ബേപ്പുര്‍ സുല്‍ത്താന്‍ ഇരിക്കുന്നു. ഞങ്ങള്‍ നടന്നടുത്തു.
“ഒരിന്റര്‍വ്യു...”
“ദാ, ഇപ്പോ ഒരു കൂട്ടര് പോയതെയുള്ളു. നാളെ ആയാലോ?”
“അയ്യോ...“ അറിയാതെ ഒരു നിലവിളി ഉള്ളിലുയര്‍ന്നു.
ഞാന്‍ കത്തെടുത്ത് ബഷീറിന് നീട്ടി. ഡി.സിയുടെ ശുപാര്‍ശ വായിച്ച് മടക്കി ബഷീര്‍ ചോദിച്ചു, “നിങ്ങള്‍ക്കെന്താ‍ ചോദിയ്ക്കാനുള്ളത്?”
മലയാളം ഡിപ്പാര്‍ട്ടുമെന്റിലെ അദ്ധ്യാപകരുടെ സഹായത്താല്‍ തയ്യാറാക്കിയ രണ്ടു ഷീറ്റ് നിറയുന്ന ചോദ്യങ്ങള്‍ ഞാന്‍ കൈയ്യിലെടുത്തു. ചോദ്യങ്ങള്‍ ഒന്നാം ഷീറ്റിന്റെ അവസാനമെത്തി.
“താങ്ങളുടെ കൃതികളൊന്നും മഹത്തരമല്ല എന്ന് വീണ്ടുവിചാരം എന്നൊരു പുസ്തകത്തി....”
“പ്...ഭ!!!!!”
“അവന്റെ .......ടെ മഹത്തരം! എന്താണ് മഹത്തരം??? ഇവിടെ ഏത് കൃതിയാണ് മഹത്തരമായുള്ളത്???”
ശുര്‍‌ര്‍‌ര്‍‌ര്‍...ന്ന് എന്റെ കാറ്റുപോയി. എന്റെ കൈയ്യില്‍ നിന്നും റിക്കോഡര്‍ താഴെ വീഴുമെന്ന് ഞാന്‍ പേടിച്ചു. മനോജിന്റെയോ കൊച്ചുപോളിന്റെയോ മുഖത്തേയ്ക്ക് നോക്കാന്‍ പോലും എനിക്ക് പേടിയായിരുന്നു. ഒരു ശബ്ദവും എന്റെ തൊണ്ടയില്‍ നിന്നും പുറത്തേയ്ക്ക് വരുന്നില്ല. ബഷീര്‍ ഒരു ബീഡിയെടുത്ത് പുകയൂതി തുടങ്ങി. പിന്നെ അദ്ദേഹം തന്നെ തുടര്‍ന്നു.
“എന്റെ അനുഭവങ്ങളാണ് ഞാനെഴുതിയത്.”
“സാര്‍..., ഈ ചോദ്യം തെറ്റായിപ്പോയോ?”
“ഹെയ്. നിങ്ങള്‍ ചോദിച്ചോളു. ഞാന്‍ എന്റെ രീതിയിലെഴുതുന്നു. മറ്റുള്ളവര്‍ അവരുടെ രീതിയില്.”
ഒരല്പം ആശ്വാസമായി. തുടര്‍ന്നങ്ങോട്ട് ഏല്ലാ ചോദ്യങ്ങളും ക്ഷമയോട് അദ്ദേഹം ഉത്തരം പറഞ്ഞു. ഫോട്ടോകള്‍ക്ക് പോസ് ചെയ്തു. അദ്ദേഹത്തിന്റെ മുറിയാകെ ചുറ്റിയടിക്കാന്‍ ഞങ്ങളെ അനുവദിച്ചു. പിന്നെ ഞങ്ങളുടെ സ്വകാര്യവിശേഷങ്ങള്‍ തിരക്കി. അനുഗ്രഹം വാങ്ങി ഞങ്ങള്‍ പടിയിറങ്ങി.

റിക്കോഡറില്‍ നിന്നും പകര്‍ത്തിയെഴുതി അഭിമുഖം ഞാന്‍ ബഷീറിനയച്ചു കൊടുത്തു. ചെറിയ കുറിപ്പുകളും തിരുത്തലുകളുമായി ബഷീറിന്റെ കൈയ്യൊപ്പോടെ അത് തിരികെയെത്തി. ബഷീ‍റുമൊത്തുള്ള ഫോട്ടോയോടെ ആ അഭിമുഖം കോളജ് മാഗസിനില്‍ തിളങ്ങി നിന്നു - ‘ബഷീര്‍ ദ മാന്‍’ എന്ന തലക്കെട്ടില്‍.

(എന്റെ ഏറ്റവും പ്രിയപ്പെട്ട കഥാകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെയും, ശ്രീ. ഡി. സി. കിഴക്കെമുറിയുടെയും സ്മരണകള്‍ക്ക് മുന്നില്‍ എന്റെ പ്രണാമം)

Saturday, November 24, 2007

കൊണോമയിലെയ്ക്ക് സ്വാഗതം

കോരിച്ചൊരിയുന്ന ഒരു മഴയുള്ള രാത്രിയിലാണ് ഞാന്‍ ആദ്യമായ് കൊണോമയിലെത്തുന്നത്. കോഹിമയില്‍ നിന്നും പുറപ്പെടുമ്പോള്‍ എത്ര നല്ല കാലാവസ്ഥയായിരുന്നു, വഴിവിളക്കുകളൊന്നുമില്ലാത്ത വിജനമായ് പാത. ചുറ്റും കൂരിരുട്ട്. തികഞ്ഞ ഒരു അഭ്യാസിയെപ്പോലെ അദ്ദേഹം വാഹനം മുന്നോട്ട് കുതിപ്പിച്ചു. വൈപ്പറിന്റെ താളം മുറിയാത്ത ചലനത്തിനിടയിലൂടെ ഞാന്‍ മുന്നോട്ട് നോക്കിയിരുന്നു, അവ്യക്തമാ‍യ കാഴ്ചകളിലെയ്ക്ക്...

പിന്നീടെവിടെയോ കാര്‍ നിറുത്തി ശക്തമായി ഹോണ്‍ മുഴക്കി, മഴയില്‍ കുതിര്‍ന്ന് ഒരു കുറിയ മനുഷ്യന്‍ വാതില്‍ തുറന്നകത്തേയ്ക്ക് കയറി. ശക്തിയേറിയ ലെന്‍സിനുള്ളില്‍ അയാളുടെ കണ്ണുകള്‍ക്ക് അസാധാരണ വലിപ്പം തോന്നിച്ചു. അവര്‍ തമ്മില്‍ സംസാരിച്ചതൊന്നും എനിക്ക് മനസ്സിലായില്ല.
“ദിസ് ഈസ് കെലെലുബി, ദ ഹെഡ്.”
അയാള്‍ എന്റെ നേരെ കൈകള്‍ നീണ്ടീ.
“നൈസ് ടു മീറ്റ് യൂ.” ഞങ്ങള്‍ ഉപചാരങ്ങളോടെ പരിചയപ്പെട്ടു.
“വെല്‍ക്കം ടു കൊണോമ.”
“തായ്ങ്ക്യൂ. ഐയാം പ്രിവിലെജിട്.”

മൂവരുമായ് കാര്‍ മുന്നോട്ട് നീങ്ങി. ഒരു കയറ്റം കയറി കാര്‍ നിന്നു, വിജനമായ ഒരിടം. ചുറ്റും കൂരിരുട്ട്. കെലെലുബി പുറത്തേയ്ക്കോടി. പുറത്ത് പ്രകാശം പരന്നു. മഴ ശാന്തമാകുന്ന ലക്ഷണമൊന്നുമില്ല. ഞാന്‍ വെള്ളത്തിലെയ്ക്ക് ഇറങ്ങി. അടുത്തു കണ്ട കെട്ടിടത്തിലെയ്ക്ക് ഓടിക്കയറി. പുറകില്‍ തികച്ചും അപചരിചിതനാ‍യ ഒരാള്‍ എന്റെ പെട്ടിയും തുക്കിനില്‍ക്കുന്നു.
“ചൌക്കിദാര്‍...” അയാള്‍ സ്വയം പരിചയപ്പെടുത്തി.

എന്നെ കൊണ്ടുവന്നയാള്‍ക്ക് തിരികെ കൊഹിമയിലെയ്ക്ക് പോകണം.
ഞാന്‍ കാറിനടുത്തേയ്ക്ക് ചെന്നു. “ഐയാം സോറി ഈഫ് ഐ ട്രബിള്‍ഡ് യൂ.”
“ഇറ്റ്സ് മൈ പ്ലെഷര്‍. ഹാപ്പി സ്റ്റേ ഇന്‍ കൊണോമ.”
കെലെലുബി അയാളൊടൊപ്പം പോയി. നാളെ വരാമെന്ന ഓര്‍മ്മപ്പെടുത്തലോടെ. ചൌക്കിദാര്‍ ഭക്ഷണമുണ്ടാ‍ക്കാമെന്നു പറഞ്ഞ് ഇരുട്ടിലെയ്ക്ക് നടന്നു. മേല്‍ക്കുരയില്‍ ശക്തമാ‍യ മഴത്തുള്ളിക്കിലുക്കം.

പിറ്റേന്ന് പരിസരമൊക്കെ ഒന്നു ചുറ്റിക്കണ്ടു. വിജനമായ മൂന്ന് കെട്ടിടങ്ങള്‍. ഈ ഗ്രാമത്തിന്റെ സരസ്വതിക്ഷേത്രവും അനുബന്ധങ്ങളും. ഇടതുര്‍ന്ന വൃക്ഷത്തലപ്പുകളുമായി കുത്തനെ ഉയര്‍ന്നു നില്‍ക്കുന്ന ഒരു മല പുറകിന്റെ കാഴ്ചകളെ മറയ്ക്കുന്നു, താഴെ കൊണോമ ഗ്രാമം. മലയിടുക്കുകളില്‍ ചിതറിക്കിടക്കുന്ന വീടുകള്‍. തട്ടുകളായിത്തിരിച്ച പാടങ്ങള്‍ പച്ചവിരിച്ച് കാറ്റിലിളകിയാടുന്നു, പാടത്തിനു നടുവിലൂടെ വെള്ളിനൂല്‍ പോലെ ഒരു നീരൊഴുക്ക്. മറുവശത്ത് ഒരു ചെമ്മണ്‍ പാത, ഞാനിന്നലെ കടന്നെത്തിയ അതെ പാത. പാതയോരങ്ങളില്‍ കല്ലുകള്‍ കുത്തനെ ഉയര്‍ത്തി നിര്‍ത്തിയിരിക്കുന്നു, ചുറ്റും സുഖകരമായ തണുപ്പ്.

കറുത്ത കമ്പിളി പുതച്ച് ഒരാള്‍ നടന്നു വരുന്നതു കാണാം. ചുമപ്പും പച്ചയും ഇടകലര്‍ന്ന വരകളോടുകൂടിയ കറുത്ത കമ്പിളി. അടുത്തെത്തിയപ്പോള്‍ അ രൂപം നന്നെ ചെറുതായി. ഒരു കുട്ടി.
“ഗുഡ് മോര്‍ണിംഗ്! സേര്‍.”
“ഗുഡ് മോണിംഗ്.”
“ഐയാം കെത്തുസെലെ, സണ്‍ ഓഫ് കെലെലുബി.” അവന്‍ കമ്പിളിയില്‍ നിന്നും പുറത്തെടുത്ത് എന്റെ നേരെ കൈ നീട്ടി. അവരുടെ വീട്ടിലെയ്ക്കുള്ള ക്ഷണവുമായാണ് അവനെത്തിയിരിയ്ക്കുന്നത്. ഞാന്‍ തയ്യാറായി അവനോടൊപ്പം ഗ്രാമത്തിലെയ്ക്ക് നടന്നു, എതിരെ രണ്ടു സ്ത്രീകള്‍ കടന്നു പോയി. തേയില നുള്ളാ‍ന്‍ പോകുന്ന സ്ത്രീകളെപ്പോലെ അവര്‍ കൂടകള്‍ മുതുകില്‍ തൂക്കിയിരിന്നു, ഒരു സ്ത്രീയുടെ മാറാപ്പില്‍ നിന്നൊരു കുഞ്ഞ് തലയുയര്‍ത്തിനോക്കി. ഞാന്‍ കൌതുകത്തോടെ അവരെത്തന്നെ നോക്കി നിന്നു. കെത്തുസെലെയോട് അവരെന്തോ ചോദിച്ചു. “ഊ...” എന്നൊരു കൂവലായിരുന്നു അവന്റെ മറുപടി. (‘ഊ‘-വെന്ന മറുപടി കൂവലിന് ‘അതെ‘ എന്നാണര്‍ത്ഥം). അവര്‍ ഞങ്ങള്‍ വന്ന വഴിയെ നടന്നു നീങ്ങി. ഇടയ്ക്ക് മുന്നോട്ടുള്ള നടത്തം നിറുത്തി അവന്‍ തിരിഞ്ഞു. “സേര്‍, ദിസ് ഈസ് മൈ ബ്രദര്‍.”
ഞാന്‍ ചുറ്റും നോക്കിയിട്ടും ആരെയും കണ്ടില്ല. “വേര്‍?”
“ഹീയര്‍ സേര്‍...” വഴിയരുകിലെ ഒരു ശവകുടിരം ചൂണ്ടിക്കാണിച്ചു അവന്‍.
ഇവിടെ പാതയോരങ്ങള്‍ മുഴുവന്‍ ശവകുടീരങ്ങളാണ്. വലിയ കല്ലുകള്‍ കുറുകെ നാട്ടിയ ശവകുടീരങ്ങള്‍. അകലെ പൈന്‍ മരങ്ങള്‍ക്കിടയിലൂടെ തണുത്ത കാറ്റ് കടന്ന് പോയി.

താഴെയെത്തുമ്പോള്‍ കെലെലുബി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അയാള്‍ നില്‍ക്കുന്നതിനരുകില്‍ കടും ചായങ്ങള്‍ തേച്ച ഒരു വാതില്‍ കുത്തനെ നിറുത്തിയ കല്ലില്‍ ഉറപ്പിച്ചിരിക്കുന്നു. അതിനും താഴെയായ് തടിയില്‍ കൊത്തിയെടുത്ത വടിവില്ലാത്ത അക്ഷരങ്ങള്‍... കൊണോമയിലെയ്ക്ക് സ്വാഗതം.

കൊണോമ - നാഗാലാന്റിന്റെ തലസ്ഥാനനഗരിയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഗ്രാമം

Wednesday, November 21, 2007

പ്രായം

അന്ന് തിരികെയെത്തുമ്പോള്‍ അവളൊരു കണ്ണട വച്ചിട്ടുണ്ട്. തടിച്ച ഫ്രയിമുള്ള ആ കണ്ണടയ്ക്കുള്ളില്‍ അവളുടെ കണ്ണുകള്‍ എനിക്ക് നഷ്ടമായി. ഞാന്‍ പതിവു പോലെ കട്ടിലില്‍ ചെന്നിരുന്ന് ഷര്‍ട്ടിന്റെ കുടുക്കുകള്‍ ഊരിത്തുടങ്ങി. വര്‍ത്തമാനപത്രങ്ങളൊന്നും കുറെ നാളുകളായി ഞാന്‍ വായിക്കാറെയില്ല. നേരെ കിടപ്പുമുറിയിലെയ്ക്ക് കയറും. പഴകിയ പുസ്തകക്കൂട്ടങ്ങളില്‍ വെറുതെ നോക്കിയിരിക്കും, ആ ഇരിപ്പില്‍ കിക്സോട്ടിനെപ്പോലെ രവിയായും, കുന്തനായും, ആദിത്യനായും അലഞ്ഞു തിരിയും. പിന്നെ ഒരു കപ്പ് കാപ്പിയിലൂടെ ഞാന്‍ തിരികെയെത്തും. അന്നവള്‍ അരികില്‍ തന്നെയുണ്ട്. എന്നെ മെല്ലെ മടിയിലെയ്ക്ക് ചായിക്കാനൊരുങ്ങി.
“ഞാ? ഇപ്പോ പതിവില്ലാതെ!”
“നോക്ക്-ക നരച്ച് തുടങ്ങീരിക്കണൂ. പിഴ്ത് കള്യാം.”
പതിവുകളൊക്കെ തെറ്റാന്‍ തുടങ്ങുകയാണോ ആവോ.
“കാപ്പി...” ഓര്‍മ്മപ്പെടുത്താനായ് ഞാന്‍ മുരടനക്കി.
“നിക്ക്-ക ഇപ്പോ തീര്‍ക്കാം.”
“ഈ കണ്ണട...?”
“ഞാന്‍ മ്മ്ടെ തേന്‍ വരിക്കേടെ ചോട്ടില് നിയ്ക്കാരുന്ന്. ആരോ അപ്പ്‌റം തിരിണെ കണ്ട്, ആരാവ്ടെന്ന് ചോദിച്ച്. അത്രന്നെ. അമ്മയ്ക്ക് കണ്ണ് തിരിയാണ്ടായിരിക്ക്‍ണ്ന്ന് പറഞ്ഞ് ദിനേശന്‍ ഡാക്കിട്ടറിന്റെ അടുത്തു കൊണ്ട് പോയ്. അല്ലാ അതിപ്പെ നന്നായെയുള്ള്. എല്ലാ ഒര് തെളിച്ചായ്.”
ഏതെല്ലാമോ അവ്യക്ത ചിന്തകളിലൂടെ ഞാന്‍ ചലിച്ചു കൊണ്ടെയിരുന്നു - അവളുടെ തണുത്ത വിരലുകളും.
“നാണിയെ വിളിച്ച് നിര്‍ത്താ‍ന്‍ പറ്ഞ്ഞ് ദിനേശന്‍.”
“ഏ... എന്താ?”
“നാണിയെ വിളിച്ച് നിര്‍ത്താ‍ന്‍ പറ്ഞ്ഞ്.”
“എന്തായിപ്പോ?”
“വെയിലൊത്ത്‌ന്ന് കേറീപ്പം ഒന്ന് വേച്ച്. അത്രന്നെ...” പിന്നെയൊരു ദീര്‍ഘ നിശ്വാസത്തോടെ അവളുടെ വിരലുകള്‍ നിശ്ചലമായി.
“വയ്യാണ്ടായീന്ന് തോന്നണുണ്ടോ?” ഞാന്‍ മെല്ലെ നിവര്‍ന്ന് അവളുടെ മുഖത്തേയ്ക്ക് നോക്കി. ആ ദീര്‍ഘ നിശ്വാസത്തില്‍ നിന്നും അവള്‍ ഉണര്‍ന്നിരുന്നില്ല.
“നാളെ നാണിയെ വിളിയ്ക്കാം. എന്താ?”
“ഇപ്പോ ഒന്നും വേണ്ടാ. എനിക്ക് അത്രയ്ക്ക് വയ്യാട്ടായ്യിട്ടില്ലാ. ദാ കാപ്പിടാം.”
അവള്‍ നടന്നു മറഞ്ഞപ്പോള്‍ ഞാന്‍ പുസ്തകക്കൂട്ടങ്ങളിലെക്ക് നോക്കിയിരുന്നു. പരകായ പ്രവേശങ്ങളൊന്നും എനിക്ക് സാദ്ധ്യമായില്ല. പുസ്തകക്കൂട്ടങ്ങളില്‍ നിന്നും ആരും ഇറങ്ങി വന്നില്ല. എനിക്കു ചിരപരിചിതരായവരൊക്കെ എവിടെയോ മറഞ്ഞു നില്‍ക്കുകയാണ്. മുറിയിലെ മങ്ങിയ വെളിച്ചം ഏറ്റുവാങ്ങി മേശപ്പുറത്ത് നരച്ച കുറെ മുടിയിഴകള്‍ മാത്രമവശേഷിച്ചു.

Sunday, November 18, 2007

മഞ്ചുവിന്റെ അച്ഛന്‍

സെക്കന്തരാബാദില്‍ ട്രയിന്‍ കൃത്യ സമയത്തു തന്നെയെത്തി. മഞ്ചുവിന്റെ അച്ഛനെ മുമ്പൊരിക്കലും ഞാന്‍ കണ്ടിട്ടില്ല. എങ്കിലും തേടിപ്പിടിച്ച് മഞ്ചുവിന്റെ അടുത്തെത്തിക്കുക. പ്ലാറ്റുഫോമിന്റെ മറ്റേയറ്റത്തേക്ക് നടന്നു. സംശയം തോന്നുന്ന ഒരാളെയും കാണുന്നില്ല. ‘ശെടാ‍... ഇനി വെറെ വല്ല സ്റ്റേഷനിലും ഇറങ്ങിക്കാണുമോ?’ കം‌പാര്‍ട്ടുമെന്റുകള്‍ മിക്കവാറും കാലിയായിക്കഴിഞ്ഞു. ഹൈദരാബാദിലെക്കുള്ള കുറച്ചു പേര്‍ മാത്രമെ ഇനി ട്രയിനിലുള്ളു.

അപ്രതിക്ഷിതമായ് എന്റെ ഇടത്തെ കൈയ്യില്‍ ഒരു പിടുത്തം മുറുകി. മുറിക്കൈയ്യന്‍ ഷര്‍ട്ടും, മടക്കികുത്തിയ പോളീസ്റ്റര്‍ മുണ്ടും ധരിച്ച ഒരാള്‍. മറ്റെക്കയ്യില്‍ ഒരു ചെറിയ മണിബാഗ്.
“മഞ്ചുവിന്റെ ...”
“അതെ. എനിക്കു നിങ്ങളെ കണ്ടപ്പോഴെ മനസ്സിലായി.”
“അതെങ്ങനെ?” ഞാന്‍ ആശ്ച്യര്യപ്പെട്ടുപോയി. “ബാഗെവിടെ? ഞാന്‍ പിടിയ്ക്കാം.”
“ഓ വേറെ ബ്യാഗൊന്നുമില്ല. ദാ ഇത് മാത്രം.” കൈയ്യിലെ ബാഗൊന്നുയര്‍ത്തിക്കാണിച്ചു. “കേട്ടപ്പോഴെ ഞാനിങ്ങോട്ടു പോന്നു.”
“പേടിയ്ക്കാനൊന്നുമില്ല. ഓപ്പറേഷന്‍ കഴിഞ്ഞു, ഇപ്പോ ഒരു കുഴപ്പവുമില്ല.”
“എവ്ടെയാ ഈ ആ‍ശുപത്രി? അങ്ങോട്ട് പോയാലോ?”
“ഇപ്പോ ചെന്നാലും കേറാന്‍ പറ്റില്ല. നമ്മുക്ക് ഭക്ഷണം കഴിച്ചിട്ട് പോകാം. അച്ഛന് ഒന്നു കുളിയ്ക്കണോ?”
“അതൊക്കെ വൈകിട്ടു മതി. നമ്മുക്ക് ആശുപത്രിലോട്ട് പോയാലോ?”
“ദാ ഇവിടെ അടുത്ത് ഹോട്ടലുണ്ട്.”
വഴിയിലൊരല്പം തിരക്കുണ്ട്. ട്രയിനിറങ്ങിയവരൊക്കെ ഓട്ടോക്കാരുമായി ചാര്‍ജ്ജിനെക്കുറിച്ചുള്ള തര്‍ക്കങ്ങളില്‍. സാധാരണ പോലെ ബസ്സുകളെല്ലാം ഒരുമിച്ചെത്തി നില്‍ക്കുന്നു. സ്റ്റേഷന്‍ പരിസരമാകെ ബഹളമയം. ഇത്രയെറെ ആളുകള്‍ ആ ട്രയിനിലുണ്ടായിരുന്നോ! മറ്റെതെങ്ങിലും ട്രയിനും വന്നു കാണുമായിരിയ്ക്കും. ഞങ്ങള്‍ റോഡ് മുറിച്ച് അന്നപുര്‍ണ്ണ ഹോട്ടലിലെയ്ക്ക് നടന്നു.
“ഇവിടെ നാട്ടിലെ ഭക്ഷണം തന്നെ കിട്ടും. ഈ ഹോട്ടല്‍ മലയാളീടെയാ.” കൈ കഴുകി ഞങ്ങളിരുന്നു.
“രണ്ട് മീന്‍ കറി ചോറ്. ഒന്ന് പച്ചരി. ഇവിടെയാകുമ്പോള്‍ പച്ചരിയാണ് ശീലം. മുറിയിലും പച്ചരി തന്നെ.” ഞാനൊരു മുന്‍കൂര്‍ ജ്യാമ്യമെടുത്തു.
“ഓ...”

ഊണു കഴിഞ്ഞു തിരികെയെത്തിയപ്പോള്‍ ഓരെറ്റ ബസ്സുപോലുമില്ല.
“ഇവിടെയിങ്ങനെയാ. വരുമ്പോ എല്ലാം കൂടി വരും.”
“ദാ ഒരെണ്ണം വര്ണ്ണ്ട്.”
“അയ്യോ അതു പോകുല്ല. നമ്മുക്ക് 7-‌‌ാം നമ്പര്‍ ബസ്സിലാണ് പോകേണ്ട്ത്”
“ദാ വെറൊരെണ്ണം. അത് 7 ആണല്ലോ.”
“അച്ഛാ, അതും പോകില്ല. ഏഴു തന്നെ കുറെയുണ്ട്.” പിന്നെയധികം താമസിയാതെ ഞങ്ങള്‍ക്കുള്ള ബസ്സെത്തി. മഞ്ചുവിന്റെ അച്ഛന്‍ പുറത്തേയ്ക്ക് നോക്കിയിരുന്നു. പിന്നെ ഞങ്ങള്‍ രണ്ടു ലോകത്തായിരുന്നു.
“അടുത്ത സ്റ്റോപ്പില്‍ ഇറങ്ങണം. അ... അച്ഛാ...”
“ഞാനൊന്ന് മയങ്ങി. ഇനി അധികമുണ്ടോ?”
“അടുത്ത സ്റ്റോപ്പാ. എന്നാ എണിറ്റോ. അച്ഛനാദ്യം ഇറങ്ങിക്കോണം കേട്ടോ.” അടുത്ത സ്റ്റോപ്പില്‍ ബസ്സ് നിന്നു.
“ഇതെന്തു പണിയാ, വീണെനോല്ലൊ... ഇറങ്ങണെനു മുമ്പെ...”
“ഇവിടെയിങ്ങനാ. ചാടിയിറങ്ങണം. പെണ്ണുങ്ങളിറങ്ങാനുണ്ടേങ്കിലെ ശരിക്കു നിര്‍ത്തു”
“എന്നാലും... ഞാന്‍ പേടിച്ച് പോയ്.”
അച്ഛനെ മുറിയുടെ വാതിക്കലെത്തിച്ചിട്ട് ഞാന്‍ മനഃപൂര്‍വ്വം മാറി. വാരാന്തയിലെ ജനാലയിലുടെ വെറുതെ പുറത്തേയ്ക്ക് നോക്കി നിന്നു. അവരുടെയിടയില്‍ ഞാന്‍ ഇല്ലാതിരിയ്ക്കുന്നതാണ് നല്ലതെന്നു തോന്നി.
“അവനെവിടെ? എടാ...” മഞ്ചുവിന്റെ വിളി. “എങ്ങിനെ കണ്ടു പിടിച്ചൂ... ങിഹ്... ഹ്... ഹ്...”
“എന്നെയാണു കണ്ടുപിടിച്ചത്. വെറെയെവിടെയോ ഇറങ്ങിക്കാണുമെന്നു പേടിച്ചു നില്‍ക്കുവായിരുന്നു ഞാന്‍.”
“ങിഹ്... ഹ്... ഹ്... അയ്യോടാ...”
“ഇന്നലെ പറഞ്ഞതു വല്ലതും ഓര്‍മ്മയുണ്ടോ? അച്ഛനോട് ഒന്നു പറഞ്ഞാലോ.” ചമ്മല്‍ മാറാന്‍ ഞാന്‍ വിഷയം മാറ്റി.
“ഇന്നലെ...?” അച്ഛന്‍ ഏറ്റെടുത്തു.
“എന്റെച്ഛാ... ഇന്നലെ സെടേഷനില്‍ ഞാനെന്തൊക്കെയോ പറഞ്ഞന്നാ ഇവരു പറയുന്നെ.”
“എന്തൊക്കെയോ...? ആ ഡോക്ടറെയൊന്നു വിളി. പകുതി ആ ഡോക്ടറോടാ പറഞ്ഞത്.”

ലതികയുടെ വരവോടെ ഞങ്ങളുടെ ബഹളം പെട്ടന്നു മുറിഞ്ഞു. “കൊച്ചച്ഛാ...” ലതിക കൊഞ്ചിക്കൊണ്ട് മഞ്ചുവിന്റെ അച്ഛനെയൊന്നു ചുറ്റിപിടിച്ചു. “എനിക്കു ഡ്യുട്ടിയായിരുന്നൂ, നാളെ... ഓഫാ.”
“നീ, തന്നെയാ വന്നത്?”
“ങൂങ്. റോസമ്മയുണ്ട്. അവള് താഴെ ഡിസ്ചാര്‍ജ്ജിന്റെ കാര്യം സംസാരിക്കുവാ. ഇനി നമ്മുടെ ഹോസ്പിറ്റലില്‍ പോയി റെസ്റ്റ് എടുത്താ മതി.”
“എന്നാ ഞാനും കൂടി താഴൊട്ടു ചെല്ലാം. നിങ്ങള്‍ക്ക് കുടുംബകാര്യങ്ങളൊക്കെ പറയാന്‍ കാണുമല്ലോ.” ഞാന്‍ പിന്‍‌മാറി.

തിരികെ ദയാകര്‍ റെഡ്ഡി ഹോസ്പിറ്റലിന്റെ അണ്ടര്‍ ഗ്രൌണ്ട് പാര്‍ക്കിംഗിങ്ങില്‍ ഞങ്ങളിറങ്ങുമ്പോള്‍ മഞ്ചു എന്നെ വിളിച്ചു. “എടാ.. അച്ഛനെ ഏല്ലാടൊം ഒന്ന് കാണിക്കണം”
“അതൊക്കെ ശരിയാക്കാം. തല്‍ക്കാലം മോളില്‍ പോയിക്കിടക്കാന്‍ നോക്ക്.”
“അതല്ലടാ. നീ അച്ഛനുമായി ഒന്നു കറങ്ങിട്ടു വാ. അച്ഛാ... ഇവന്റെ കൂടെയൊന്നു കറങ്ങ്.”
“ബിര്‍ളാ മന്ദിര്‍ കാണാന്‍ നല്ലതാ.” റോസമ്മ പിന്‍‌ന്താങ്ങി.

ബിര്‍ള മന്ദിരിന്റെ തണുത്ത മാര്‍ബില്‍ തിണ്ണയില്‍ സന്ധ്യയാകുന്നതും കാത്ത് ഞങ്ങളിരുന്നു. ചുറ്റും ഹൈദരാബാദിന്റെ നിയോണുകള്‍ കത്തിത്തുടങ്ങിയിരിക്കുന്നു. അവധി ദിവസമല്ലാത്തതിനാല്‍ വലിയ തിരക്കില്ല. ഓരോ ദൂരകാഴ്ച്ചകളും ഞാന്‍ വിവരിച്ചു കൊണ്ടേയിരുന്നു. ഏല്ലാം ശ്രദ്ധിച്ച് കൊണ്ട് മഞ്ചുവിന്റെ അച്ഛന്‍ ചുറ്റും കണ്ണോടിച്ചു. ലുംബിനി പാര്‍ക്കിലും ടാങ്ക് ബണ്ടിലും ലൈറ്റുകള്‍ സജീവമായി. തൂവെള്ള വെളിച്ചത്തില്‍ ടാങ്കിനു നടുവിലുള്ള ബുദ്ധപ്രതിമ പകലെത്തെക്കാള്‍ സുന്ദരമായിരിക്കുന്നു. വഴിയുടെ നടുക്ക് വലിയ തൂണുകള്‍ ഉയര്‍ന്നു നില്‍ക്കുന്നു. നഗരത്തിന്റെ മുഖഛായ മാറ്റാനുള്ള മേല്‍പ്പാലങ്ങളുടെ പണിനടക്കുകയാണ്. നാം‌പള്ളിയിലെയ്ക്കും ലങ്കര്‍ ഹൌസിലെക്കും ട്രാഫിക്ക് ഒഴുകി നീങ്ങുന്നു. മറുവശത്ത് പ്ലാനറ്റോറിയവും വിധാന്‍ സൌദും സ്റ്റേടിയവും തലയുയര്‍ത്തി നില്‍ക്കുന്നു. നഗരത്തിന്റെ നേര്‍ക്കാഴ്ചകള്‍ അവസാനിപ്പിച്ച് ഞങ്ങള്‍ മടങ്ങാന്‍ തീരുമാനിച്ചു.

സെക്കന്തരാബാദില്‍ ബസ്സിറങ്ങി മോണ്ടാ മാര്‍ക്കറ്റിന്റെ തിരക്കിലൂടെ എന്റെ മുറിയിലെയ്ക്ക് നടന്നു. മാര്‍ക്കറ്റുറോഡില്‍ തിരക്കിനു കുറവൊന്നുമില്ല. ആളുകള്‍ രണ്ടു ഭാഗത്തെയ്ക്കും ക്രമം തെറ്റാതെ ചലിച്ചുകൊണ്ടേയിരിക്കുന്നു.
“ഈ മാര്‍ക്കറ്റിന്റെ പുറകില്‍ ഒരു മാര്‍വാടിയുടെ ടെറസ്സിലാണ് മുറി. എന്റെ കുട്ടത്തിലുള്ളയാള്‍ നാട്ടില്‍ പോയിരിക്കുകയാണ്.” മുറിയെക്കുറിച്ചോ കുടെ താമസ്സിക്കുന്നയാളെക്കുറിച്ചോ ഒന്നും ഞാന്‍ സൂചിപ്പിച്ചിരുന്നില്ല. പഞ്ചാബി ഹൌസില്‍ നിന്നും മൊരിഞ്ഞ റൊട്ടിയുടെ മണം റോഡിലെക്ക് പരക്കുന്നുണ്ട്. നല്ല മണം. എനിക്കാ മണം മാത്രമെ ഇഷ്ടമുള്ളു. ഒരിക്കല്‍ ബാബുവിന്റെ മുറിയില്‍ വച്ച് രുചിച്ചതാണ്. കല്ലുപോലെ ഉണങ്ങിയ റൊട്ടി. പഞ്ചാബി ഹൌസ് അത്താഴത്തിന്റെ ചിന്ത ഉണര്‍ത്തി.
“ചിക്കന്‍ കഴിക്കുമോ? ഒരു കോഴിയെ വാങ്ങിയാലോ?”
“ഞാന്‍ എല്ലാം കഴിക്കും. എല്ലാം ഉണ്ടാ‍ക്കാനൊക്കെ അറിയാമെല്ലെ?”
“ഉം.. പക്ഷേ ഉണ്ടാക്കിക്കഴിഞ്ഞെ എന്തു കറിയാന്ന് പറയാന്‍ പറ്റു. ജീവിച്ചല്ലെ പറ്റൂ”

കോഴിയെയും വാങ്ങി ഞങ്ങള്‍ നടന്നു. ഗോവണി കയറി ടെറസ്സിലെത്തി. വിശാലമായ ടെറസ്സ്. നല്ല കാറ്റ്.
“വെള്ളൊക്കെ പിടിച്ച് വച്ചിട്ടുണ്ട് എല്ലെ?” വാട്ടര്‍ ടാങ്ക് ചൂണ്ടി മഞ്ചുവിന്റെ അച്ഛന്‍ ചോദിച്ചു.
“അല്ലാതെ പറ്റില്ല. വെള്ളം റേഷനാണ്. നമ്മുടെ വെള്ളം അപ്പുറത്തുണ്ട്. ഇത് ഹൌസോണറുടെ ടാങ്കാ. പക്ഷേ തികയാതെ വന്നാല്‍ ഞങ്ങളു കക്കും. ഇപ്പോ അജി നാട്ടില്‍ പോയതിനാല്‍ വല്യ കുഴപ്പമില്ല,”
“എനിക്കൊന്നു കുളിയ്ക്കണം.”
“വെള്ളം ചൂടാക്കണോ?”
“ഏയ്.”
മുറി തുറന്നകത്തു കയറിയപ്പോഴാണ് ആതിഥേയന്റെ വീഴ്ച എന്നെ അലട്ടിയത്.
“അച്ഛാ‍... ഒരു ചെറിയ പ്രശ്നൊണ്ട്. അതെയ്... ഇവിടെ മാറിയുടുക്കാന്‍ ലുങ്കീം മുണ്ടൊന്നുമില്ല. ഞങ്ങള് സൌകര്യത്തിന് ബര്‍മൂഡയാ.”
“ദാ ഇതു മതില്ലോ.” കം‌പ്യുട്ടര്‍ മൂടിയിരുന്ന ഷീറ്റെടുത്ത് മഞ്ചുവിന്റെ അച്ഛന്‍ അരയില്‍ ചുറ്റി.
“എന്നാ കുളിച്ചോ. അപ്പുറത്തെതാ കുളിമുറി.”
മഞ്ചുവിന്റെ അച്ഛന്‍ തിരികെയെത്തുമ്പോള്‍ കുക്കര്‍ ഒന്നാം വിസില്‍ കൂവി. പിന്നെ ഞാന്‍ കുളിച്ചെത്തുമ്പോള്‍ പുല്പാ‍യ വിരിച്ച് മലര്‍ന്നു കിടക്കുന്നു മഞ്ചുവിന്റെ അച്ഛന്‍.
“എന്താ നാട്ടിലെ കാര്യമോര്‍ക്കുവാണോ?”
“ഏയ്. അതൊക്കെ മോന്‍ നോക്കിക്കോളും. എന്നാലും മോനെയൊന്നു വിളിക്കണം.”
“അതിനെന്താ. ഇപ്പ പോണോ. അതോ കഴിച്ചിട്ടോ.”
“ദൂരെയാ?”
“താഴെ തന്നെ. നമ്മളിങ്ങോട്ടു തിരിഞ്ഞ വഴില്.”

അച്ഛനും മകനുമിടയില്‍ നിന്നും ഞാന്‍ മാറി. അടുത്ത പീടികയില്‍ വെങ്കിട്ട് റാവു മിര്‍ച്ചി ബജി ഇളക്കിയിടുന്നു. അതു വറത്തു കോരിയാല്‍ ഇനി പരിപ്പുവടയാകും ഉണ്ടാക്കുന്നത്, പിന്നെ ഉള്ളി ബജി. റാവുവിന്റെ രീതികളൊക്കെ എനിക്ക് വശമാ‍യിരിക്കുന്നു. എത്രയോ സന്ധ്യകള്‍ ഞാന്‍ കാഴ്ചക്കാരനായി കൂടിയിരിക്കുന്നു. അജി ടെലഫോണില്‍ സൊള്ളിക്കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ റാവുവിന്റെ കുടെ കൂടും. ഈ അസഹ്യമായ ചൂടിനുമേല്‍ സദാ പുഞ്ചിരിച്ചുകൊണ്ട് റാവു ഗാരു.
“അയാള് കാശ് വാങ്ങിച്ചില്ലല്ലോ.” മഞ്ചുവിന്റെ അച്ഛന്‍ നീട്ടിപ്പിടിച്ച നോട്ടുമായി മുന്നോട്ടു വന്നു.
“അ... അത് ഞാന്‍ പറഞ്ഞായിരുന്നു, പിന്നെ മോന്‍ എന്തു പറഞ്ഞൂ?”
“രണ്ടു ദിവസോം മില്ല് തുറന്നായിര്ന്ന്. പൊടിച്ച് കൊടുക്കും. അരയ്ക്കാനാണ് പ്രശ്നം.” ഒരു കടയുണ്ടെന്നല്ലാതെ അത് എന്താണെന്ന് എനിയ്ക്കറിയില്ലായിരുന്നു.
“അപ്പോ, ഒരാഴ്ച നാട്ടുകാരുടെ കാപ്പി കുടി മുട്ടും എല്ലെ?”
“ഏയ്... അങ്ങിനെ വലിയ തിരക്കൊന്നുമില്ല.”

ഭക്ഷണം കഴിഞ്ഞപ്പോള്‍ കട്ടിലില്ലാത്തതിന്റെ ഖേദം പ്രകടിപ്പിച്ചു ഞാന്‍, ഒരു നെടുവീര്‍പ്പോടെ മഞ്ചുവിന്റെ അച്ഛന്‍ നിലത്തിരുന്നു. ഞാന്‍ ഇതു വരെ കാണാത്ത ഒരു ഭാവമാറ്റം. എന്തൊക്കെയോ വിചാരങ്ങള്‍ ആ മുഖത്ത് മിന്നി മറയുന്നു. ഞാന്‍ അടുത്തു ചെന്നിരുന്നു. മഞ്ചുവിന്റെ അമ്മയ്ക്ക് കാവലായ് ആഴ്ചകളോളം ആശുപത്രി വരാന്തയില്‍ നിലത്തും ബഞ്ചിലുമായി കിടന്നുറങ്ങിയ വേദനകളിലെയ്ക്ക് മഞ്ചുവിന്റെ അച്ഛന്‍ കടന്നു, വിധിയടുത്തറിഞ്ഞിട്ടും ഏല്ലാ ദൈവങ്ങളെയും വിളിച്ച് ഉള്ളുരുകി കരഞ്ഞ ദിവസങ്ങള്‍. അവസാനം ഓരോ രോമകൂപങ്ങളിലെയ്ക്കും വേദനയായ് മരണം അരിച്ചിറങ്ങിയ രാത്രി. ഞങ്ങളുടെയിടയില്‍ മൌനം കനത്തു. ടെറസ്സില്‍ നിന്നും നനുത്ത കാറ്റ് ജനാലയിലുടെ ആശ്വാസമായൊഴുകിയെത്തി ഞങ്ങളെ ഉറക്കി.

ലതികയ്ക്ക് അവധിയായതിനാല്‍ സുവോളജിക്കല്‍ ഗാര്‍ഡന്‍സിലെയ്ക്ക് അവളും കുടെ വന്നു. വിശാലമാ‍യ കാഴ്ചബംഗ്ലാവിന്റെ ആകര്‍ഷണങ്ങളിലെക്ക് ഞങ്ങള്‍ നടന്നു. ഏല്ലാ മൃഗങ്ങള്‍ക്കും സ്വതന്ത്രവും വിശാലവുമായ ആവാസങ്ങള്‍. മനോഹരമായ നടപ്പാ‍തകള്‍. തണലേകി ഇരുപുറവും മരങ്ങള്‍. ഇടക്കിടെ വിശ്രമകേന്ദ്രങ്ങള്‍. ഏല്ലാം എത്ര മനോഹരമായി ക്രമപ്പെടുത്തിയിരിക്കുന്നു, കൌണ്ടറില്‍ തിരക്കാ‍യതിനാല്‍ ലയണ്‍ സഫാരി ഞങ്ങള്‍ ഒഴിവാക്കി. പിന്നെ വിശാലമായ ഒരു പുല്‍ത്തകിടിയില്‍ ഞങ്ങളിരുന്നു. കൊച്ചച്ഛനെ സല്‍ക്കരിക്കാന്‍ ലതിക കാര്യമായി ഒരുങ്ങി തന്നെയാണ് വന്നത്. ചപ്പാത്തിയും ചിക്കനും. പിന്നെയും കുറെ കറികള്‍ - കേരളത്തിന്റെ തെക്കുനിന്നും വടക്കോട്ട് ഒരു രുചിയാത്ര. എല്ലാം മഞ്ചുവിന്റെ കൂട്ടൂകാരികളുടെ സംഭാവനകള്‍. ഭക്ഷണം കഴിഞ്ഞ് ഞങ്ങള്‍ പക്ഷികൂടുകള്‍ക്കരുകിലെയ്ക്ക് നീങ്ങി. വര്‍ണ്ണച്ചിറകുകള്‍ വിടര്‍ത്തി ഒരു കൂട്ടര്‍ ആകര്‍ഷിക്കുമ്പോള്‍, സ്വയം മിനുക്കി മറ്റൊരു കൂട്ടര്‍ മാറിയിരുന്നു. കുളിര്‍മ്മയുള്ള കാഴ്ചകള്‍. പുറത്ത് വെയിലാറിത്തുടങ്ങിയിരുന്നു, കാഴ്ചകള്‍ അവസാനിപ്പിച്ച് ഞങ്ങള്‍ ഹോസ്പിറ്റലിലെയ്ക്ക് തിരിച്ചു.

പിറ്റെന്നു നാട്ടിലെയ്ക്ക് തിരിക്കുന്നതിനാല്‍ മഞ്ചുവിനോടൊപ്പം അച്ഛനെവിട്ട് ഞാന്‍ റൂമിലേയ്ക്ക് പോയി. അത്താഴം ഹോസ്റ്റ്ലില്‍ റെഡിയാക്കുന്നുണ്ടെന്ന് മഞ്ചു മുകൂട്ടി അറിയിച്ചിരുന്നു. അതിനാല്‍ എനിക്കും പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. കം‌പ്യുട്ടര്‍ തുറന്ന് ചെയ്തു കൊണ്ടിരുന്ന ഒരു മോഡ്യൂള്‍ കം‌പയില്‍ ചെയ്തു. മാറ്റിയും മറിച്ചും കോഡുകള്‍ എഴുതി. പ്രശ്നം പൂര്‍ണ്ണമായ് തീര്‍ന്നിട്ടില്ല. സമയം വല്ലാതെ വൈകി.
ഹോസ്പിറ്റലില്‍ നിന്നും ഞങ്ങള്‍ പോരുമ്പോള്‍ നന്നെ ഇരുട്ടിയിരുന്നു, തലേ രാത്രിയിലെപ്പോലെ വികാരതീവ്രമായ രംഗങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ആയതിനാല്‍ വളരെക്കുറച്ചെ ഞങ്ങള്‍ സംസാരിച്ചുള്ളു. ആ രാ‍ത്രിയില്‍ ടെറസ്സില്‍ നിന്നും തണുത്ത കാറ്റും കുറവായിരുന്നു.

ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ട്രയിനെത്തുമെന്ന് തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലും അനൌണ്‍സ്മെന്റ് വന്നു. വലിയ തിരക്കൊന്നുമില്ല. ഞങ്ങള്‍ ഒരല്പം മുന്നോട്ടു നീങ്ങി നിന്നു. പെട്ടന്ന് മഞ്ചുവിന്റെ അച്ഛന്‍ എന്റെ കൈയ്യില്‍ കടന്നുപിടിച്ചു.
“നിങ്ങള്‍... ‍...”
“ഉം... എന്താ അച്ഛാ?”
“ഇപ്പോഴ്ത്തെ കാലത്ത് ‍...” വലിയ ശബ്ദത്തോടെ ട്രയിന്‍ പ്ലാറ്റുഫോമിലെയ്ക്ക് എത്തി മഞ്ചുവിന്റെ അച്ഛന്റെ സംഭാഷണം മുറിച്ചു കളഞ്ഞു.
“ദാ, ആ കം‌പാര്‍ട്ടുമെന്റാ.” മഞ്ചുവിന്റെ അച്ഛന് കേറേണ്ട കം‌പാര്‍ട്ടുമെന്റ് മുന്നോട്ട് കടന്നു പോയി.
“എന്നാ കേറിക്കോ. ഇവിടുത്തെ കാര്യമോര്‍ത്തു വിഷമിയ്ക്കുകയൊന്നും വേണ്ടാ. ഞങ്ങളൊക്കെയില്ലെ.” മഞ്ചുവിന്റെ അച്ഛന്‍ എന്റെ രണ്ടു കൈകളിലും കടന്നു പിടിച്ചു.
“നാട്ടില്‍ വരുമ്പോള്‍ അങ്ങോട്ട് വരണം ട്ടോ.”
“ശരി. വരാം. അച്ഛന്‍ കേറിക്കോളു.”
മറ്റെന്തോ പറയാനെന്നപോലെ മഞ്ചുവിന്റെ അച്ഛന്‍ തിരിഞ്ഞു. വാത്സല്യത്തിന്റെ തിളക്കം ആ കണ്ണുകളില്‍ ഞാന്‍ വായിച്ചെടുത്തു. കൈ പിടിച്ച് അകത്തേയ്ക്ക് കയറുമ്പോള്‍ അനൌണ്‍സ്മെന്റിന്റെ ശബ്ദം ഉയര്‍ന്നു. ട്രയിന്‍ മെല്ലെ ചലിച്ചുതുടങ്ങി.

ആ ട്രയിന്‍ അകലെ മറയുന്നതു വരെ ഞാന്‍ പ്ലാറ്റുഫോമില്‍ നിന്നു - വലതുകൈ ഉയര്‍ത്തിപ്പിടിച്ച്.

Friday, November 16, 2007

ഗോഡ്സ് ഓണ്‍ കണ്ട്രി

പട്ടിന്റെ പാവാടയുലച്ചിളകുന്ന കതിരുകള്‍ക്കരികെ -
കാറ്റിലിളകി തുടിച്ചൊന്നു പാടുക; ഏറ്റെറ്റു പാടുക.

കുത്തുവിളക്കിന്റെ ചിമ്മാത്ത കണ്ണിലെക്കുറ്റു നോക്കി -
കഥയറിഞ്ഞാടുക; വേഷപകര്‍ച്ചയാല്‍ മാറുക.

ഗുരുവിന്റെ നിറവുള്ള അരുവിയില്‍ പീതവര്‍ണ്ണനായ്-
അവര്‍ണ്ണനായ്; നിന്നെ നീയായറിയുക, ഗുരുവായറിയുക.

അമ്മ തന്‍ മാറിലൊരു കുഞ്ഞിന്റെ ദാഹമായ് -
ആശ്ലേഷത്തിലമരുക; പുനര്‍ജ്ജനിച്ചിടുക.

ഉടവാളൂരിയമര്‍ത്ത്യനായ്, ദാസനായ് -
പത്മതീര്‍ത്ഥത്തിലെ നീരണിയുക; നിറവിലുയരുക.

ചീനവലകളില്‍ ചിലമ്പിച്ച കടല്‍ക്കാറ്റായ് -
ഈ ജൂതത്തെരുവിലൊരു പഴമയെ തേടുക.

ചെമ്പകച്ചോട്ടിലെ കാരിരുമ്പില്‍ നിന്റെ കരളുടക്കി -
ഈ ചുരത്തിന്റെ ചൂരമായ് നിറയുക.

മിഠായിത്തെരുവിന്റെ മധുരമായ്, കലമ്പലായ് -
ചരിത്രമുറങ്ങുന്ന കടലോളം പായ്‌വഞ്ചി തുഴയുക.

അടിയൊനുമുടയോനും ഒന്നാ‍യ വിപ്ലവക്കൂറ തന്‍ -
വീര്യത്തിലൂടൊരു അരിവാളുയര്‍ത്തുക.

പേരിന്റെ പൊരുളുകളിലലയാതെ തുളസീമാലയിന്‍ വ്രതമായ് -
കല്ലെല്ലാം കരളിന്റെ കരുത്താക്കി സ്വാമിയായീടുക.

കോട്ടതന്‍ കൊട്ടിലില്‍ എരിയുന്ന ശൌര്യത്തില്‍ -
നെയ്യ്‌വിളക്കായ് ജ്വലിക്കുക; സുല്‍ത്താനായി വാഴുക.

നോമ്പിന്റെ നിസ്കാരമെത്തയില്‍ മുത്തമായ് -
ബാങ്കിന്റെ താളത്തിലുയര്‍ന്ന് പ്രണമിക്കുക.

ഈ നിളയില്‍ നിറഞ്ഞൊന്നു നീന്തുക, തുടിക്കുക -
തെളിനീരിന്‍ ഉറവയായ് ഒലിക്കുക.

ഇനിയീ മലകളില്‍ വസന്തത്തിന്‍ തേനൂറിപ്പറക്കുന്ന -
ചിറകായ് പിറക്കുക; മധുനിലാവായ് പൊഴിയുക.

Wednesday, November 14, 2007

2005 ലെ ഓണനാള്‍

പതിവു തെറ്റിയ്ക്കാതെ ഷാബുസാറിന്റെ വീട്ടില്‍ ഓണസദ്യ. (അവിടുത്തെ അവിയലിന്റെ രുചിപോലെ മാ‍യാതെ നില്‍ക്കുന്നു ഓര്‍മ്മകളും.) ഏല്ലാം കഴിഞ്ഞ് സൊറ പറഞ്ഞിരിക്കുമ്പോള്‍ അപ്രതീക്ഷിതമായി അലിയുടെ കോള്‍. “അബ്ദുള്ള സ്വമ്മിംഗ് പൂളില്‍ വീണു മരിച്ചു.”
“എന്താ?” വിശ്വസിക്കാനാകാത്തതിനാല്‍ ആവര്‍ത്തിച്ചു “എന്താ പറഞ്ഞത്?”
“താടിടെ കുട്ടി മരിച്ചു.”
പിന്നീടൊന്നും ചോദിക്കാന്‍ നാവനങ്ങുന്നില്ല.
“ഹലോ... ഹലോ...“ അലി കട്ടാ‍യി.
ഞാനുമൊരു പിതാവാണ് - അബ്ദുള്ളയുടെ സമപ്രായനായ ഒരാണ്‍ക്കുട്ടിയുടെ. അനുശോചിക്കാന്‍ എനിക്കു വാക്കുകള്‍ നഷ്ടമാ‍യതും അതിനാല്‍ തന്നെ.
ജലം - കൌതുകമാകുന്നതും ... വിസ്മയമാകുന്നതും ... പിന്നെ ആശ്വാസമാകുന്നതും .... അന്ത്യമാകുന്നതും ... ജലത്താല്‍ മുറിവേറ്റവരുടെ വാര്‍ത്തകള്‍ നെഞ്ചിലെവിടെയൊ വിങ്ങല്‍ വീഴ്ത്തുന്നു.

വാല്‍: പിറ്റെ വര്‍ഷം താടിയുടെ ഹുഡാബീവി ഗര്‍ഭിണിയായ് - ഇരട്ടകളുമായ് - മാഷാ... അള്ളാ...

*താടി - മുന്‍‌കാലപ്രാബല്യത്തോടെ നടപ്പിലുള്ള വിളിപ്പേര്

Tuesday, November 13, 2007

ഫുങ് ഷോയ്*

ഞാനൊരു പ്രതിമ വാങ്ങി
ചിരിക്കുന്ന ബുദ്ധന്റെ പ്രതിമ
അങ്ങിനെയെന്റെ പ്രശ്നങ്ങളെല്ലാം തീര്‍ന്നൂ!
ഇനി ശാന്തമായ് ഉറങ്ങാം ...

അന്നു രാത്രിയാണ് ഞങ്ങളുടെ തെരുവില്‍
‍അവര്‍ ഏറ്റുമുട്ടിയത് -
ഒരു ഗര്‍ഭിണിയുടെ വയര്‍ പിളര്‍ന്നത്
ഒരു പെണ്‍കുഞ്ഞിന്റെ ...
ചോരത്തളങ്ങളില്‍ അമ്മമാരുടെ
കണ്ണീടര്‍ന്നത്.

കൂട്ടനിലവിളികള്‍ക്കിടയില്‍-
ബുദ്ധന്‍ ചിരിച്ചുകൊണ്ടെയിരുന്നു.
ശാന്തമായ് ...

(*ജലത്താലും കാറ്റാലും മുറിവേറ്റവര്‍ക്കായ്)

Monday, November 12, 2007

നിഴലാട്ടം

ഓക്കെയും ശാന്തത ......
നിറുത്താതെ ചലിക്കുന്ന ഘടികാര സൂചികള്‍
‍പോലുമിന്നേറ്റുവാങ്ങുന്ന കൊടിയ നിശബ്ദത-
നിദ്രയായ് തൂവിയിറങ്ങിയെന്‍ കണ്‍പോള മേല്‍.

പടിമേല്‍ പടഞ്ഞിരുന്നോതി തരുന്നൊരാ
ഗീതങ്ങള്‍ തന്നുടെ അര്‍ത്ഥമറിയാതെ,
നിശ്ചലമാകുന്ന നാവിന്റെ നിറവിനാല്‍-
പുതിയൊരു ലോകം ഉണര്‍ന്നിടുന്നൂ.

ഇനിയൊരു തെയ്യമായ് ഉറഞ്ഞുത്തുള്ളിടുക-
മനസ്സിന്റെ കോണിലെ മരവിപ്പില്‍ നിന്നും,
ഇത്തിരി തീക്കനല്‍ ഊതിപ്പെരുപ്പിച്ചീടുക
പടരട്ടെയിന്നിന്റെ ആവേശം അഗ്നിയായ്.

പതിയെപ്പറഞ്ഞാലും അലറിക്കരഞ്ഞാലും
പാട്ടിന്റെ പഴമ ഞാന്‍ തിരികെ നല്‍കാം,
പാണന്റെ നെഞ്ചിലെ താളനിശ്വാസമായ്-
പകര്‍ന്നെടുത്തീടുകി സ്നേഹാമൃതം.

പുലരിമയക്കത്തിലെങ്ങലായ് നിയെന്റെ
കാതില്‍ പറഞ്ഞതും പറയാതിരുന്നതും,
പലവുരു കേട്ടെന്റെ നിശ്വാസതാളത്തില്‍-
അലിയുന്ന കിനാവുകളായി മാറി.

മന്ത്രത്തിലെത്രയൊ വേദനാശ്ലോകങ്ങളാര്‍ത്തമായി
വേവുന്ന ചൂടിലെന്‍ മനം ചുടലകളം മാത്രമായ്
ദിഗംബങ്ങളൊക്കെയും ചോരയും ചാരവും
മറ്റൊരു താപസനായിടാം ഞാന്‍.

വരികയെന്നരികിലൊരു കാഷായ വേഷമായ്
രുദ്രാക്ഷമൊക്കെയും കടം കൊടുത്തെന്റെ,
മനസ്സിനെ മാത്രം വീണ്ടെടുക്കൂ ....
കമണ്ഡലമില്ല ഞാന്‍ കബന്ധമായി.

ഇനിയെന്റെ ചിന്തയില്‍ അഗ്നിയില്ല
ശിരസ്സിന്റെ ഭാരവുമേതുമില്ല
മുഖമില്ല നഖമില്ല ചേലുമില്ല
ഓളമായ് ഒരുമയായ് ഒഴുകി നീങ്ങാം.

Saturday, November 10, 2007

പുനരുത്ഥാനം

കണ്ണീരെല്ലാം പെയ്തു തീര്‍ന്ന
ഒഴിഞ്ഞ നിലവറയുടെ ഒരാന്തല്‍ മാത്രമായീ ഞാന്‍
‍ജനനമോ മരണമോ ഇനി ഞാന്‍ വിഷയമാക്കേണ്ടൂ?

മുലഞെട്ടിനായ് ദാഹിക്കുന്ന ഒരു കുഞ്ഞ്
എന്നില്‍ അലറിക്കരയുന്നു.
മതിയാവോളം കുടിയ്ക്കാനാകാതെ
ഞാനുറങ്ങിപ്പോയി - ആഴമായ്
ഘടികാരത്തിന്റെ സൂചികള്‍ നഷ്ട്മാ‍യ നാള്‍
‍നിലാവും നിറവും എനിക്കന്യമായി
(ജീവിതത്തെ കറുത്ത പട്ടു കൊണ്ടും
മരണത്തെ വെളുത്ത പട്ടു കൊണ്ടും മൂടിയതാരാണ്?)
പ്രണയവും സ്വപ്നങ്ങളും തൂവിപ്പോയ
രാത്രിയില്‍ ഞാനൊരു വൃദ്ധനായി
ഇനിയൊരു പൊയ്മുഖമില്ലാതെ വയ്യ -
മൌനത്തിന്റെ അലക്കുകള്‍ തുന്നി ചേര്‍ത്ത
വാചാലതയിലെയ്ക്ക് പ്രയാണം ചെയ്യാന്‍.

ബാക്കിയാ‍യത് പതിരായ കിനാക്കളാണ്
അവയെ ഞാന്‍ തന്നെ സൂക്ഷിച്ചുകൊള്ളാം
മാനം കാണാത്ത മയില്‍‌പീലീ പോലെ.
മഴയുടെ നിശബ്ദതയിലുടെ
പുനര്‍ജ്ജനിയുടെ മാറിലെയ്ക്കമര്‍ന്ന്
ഏതോ തീരത്ത് അണയാമെന്ന് ഞാനറിഞ്ഞു.

ഇനിയിവിടെ യാത്രാമൊഴിക്കിടമില്ലല്ലോ.

Tuesday, November 6, 2007

മടക്കയാത്ര

അറിയിപ്പ്:
മരണം അറിയിച്ചു വന്ന ആള്‍ പറഞ്ഞു
“നിങ്ങള്‍ തീര്‍ച്ചയായും വരണം”
“ഞാന്‍ ഒന്നു കുളിച്ചോട്ടെ?”
“അതൊക്കെ അവിടെ ചെന്നിട്ടാകാമല്ലോ”
“ശരി പുറപ്പെടാം”
മൌനത്തിന്റെ വിത്തുകള്‍ പാകി ഞങ്ങള്‍ യാത്രയായി

മരണവീട്:
റാന്തലിന്റെ അരണ്ട വെളിച്ചത്തില്‍
‍കാഴ്ച്ച നഷ്ടപ്പെടുന്ന ഇരുട്ടിനു മേല്‍
‍ഒരു വെളുത്ത തുണിക്കെട്ടായി പിത്യത്വം.
ചായക്കൂട്ടുകളിളകിയ കോണിപ്പടിയരുകില്‍
‍അന്യമായ് വികാര്‍ങ്ങളിലൂടെ
കണ്ണിമയ്ക്കാതെ വെറുതെ കുന്തിച്ചിരിക്കുക.

സ്നാനം:
മുങ്ങി നിവര്‍ന്നപ്പോള്‍ ബാല്യമായ്.
ഒരു മുങ്ങാം കുഴിയില്‍ -
ആരോഹണത്തിലെ സംഖ്യാ താളത്തിനിടയില്‍
‍അച്ഛന്റെ ശ്വാസമിടറുന്നതറിഞ്ഞൂ ഞാന്‍.
ചെത്തിപ്പൂവിന്റെ ഗന്ധ‌മൂറിയ പടവുകളില്‍
‍ഓര്‍മ്മകള്‍ക്കു മീതെ കാച്ചെണ്ണ മണം പടര്‍ന്നു

ശേഷക്രീയ:
നാളികേരപ്പാതിയിലൊരു തിരിയായെരിഞ്ഞ്
എള്ളില്‍ കുതിര്‍ന്ന്, കര്‍പ്പുരഗന്ധമായ്
ഞാനീ ദര്‍ഭ മോതിരമണിയാം
“ഞാനീ മോതിര വിരലൊന്നു മുറുക്കെപ്പിടിക്കട്ടെ”യെന്ന്
അച്ഛന്റെ കൂട്ടത്തിലന്നുത്സവം കണ്ടതിന്‍
‍പഞ്ചാരി കൊട്ടുന്നതിന്നെന്റെ നെഞ്ചില്‍

പ്രദിക്ഷണം:
സന്ധ്യ തന്‍ വേവില്‍ ഈറനായ്
ആത്മ നിന്ദയുടെ നനുത്ത വേദനകളില്‍
‍അര്‍ദ്ധ നഗ്ന വിലാപമായ്
വേദമോതി പകര്‍ന്നൊരഗ്നിക്കു മേല്‍
‍എരിഞ്ഞമര്‍ന്ന് വിശുദ്ധനാവുക
അസ്ഥിത്തറയിലന്തിത്തിരിയായ് തീരുവോളം

ശാന്തി:
മടങ്ങിയെത്തുകെന്‍ അശാന്ത ജീവനില്‍
പഴമയുടെ പതിവായ ശീലങ്ങളായ്
മാര്‍ഗ്ഗമായ്, മറ്റൊരു കാലമായ്
ഋതുക്കളില്‍ ശിശിരമായ്
എന്‍ നഗര മാലിന്യങ്ങളില്‍ ശാന്തിയായ്
ഓം ശാന്തി ശാന്തി.

Monday, November 5, 2007

കഥാന്ത്യം

ഒരു ‘സെയ്ഫ്റ്റി പിന്നി’നായുള്ള അന്വേഷണം
എനിക്ക് തിരികെ തന്നത് സ്വപ്നങ്ങളാണ്
യൌവനത്തിന്റെ അപക്വമായ പ്രകടനങ്ങളിലും
സ്വപനങ്ങള്‍ വീണുടയുന്ന വേദന വല്ലാതെ മുറിവേല്‍പ്പിച്ചൂ.

അതിരാവിലെ ഉറക്കച്ചടവിന്റെ ജ്യാളിത്യയോടെ-
പിന്നെ ഗാനാലാപനങ്ങളുടെ പ്രസന്നതയോടെ -
വീണ്ടെടുക്കാനാഗ്രഹം തോന്നുന്ന എത്രയോ
മുഖഭാവങ്ങള്‍.

ബ്രഹ്മചര്യത്തിന്റെ നീണ്ടു വെളുത്ത കുപ്പായത്തിനുള്ളില്‍
‍വിയര്‍പ്പുകണങ്ങള്‍ ആശ്വാസം തേടുന്ന
നിലാവുള്ള രാത്രികളില്‍
മതില്‍ക്കെട്ടുകള്‍ പൊളിച്ചു നീക്കീ ഞാന്‍.

കോരിച്ചൊഴിയുന്ന മഴയില്‍
മണ്ണായിത്തീര്‍ന്ന വാര്‍ദ്ധ്യക്യത്തിന്റെ കബറിടത്തില്‍
‍ഞാനൊരലര്‍ച്ചയായതും
ശീലക്കുടയുടെ കീഴില്‍ അവളാശ്വാസമാകുന്നതും.

പിന്നെയെത്ര ദിനങ്ങളില്‍, രാവുകളില്‍
‍സ്വപ്നമായ് ഒഴുകി നടന്നതും
നിറക്കൂട്ടുകളുമായ്
ജീവിതത്തെ ഹരം പിടിപ്പിച്ചതും.

ജീവിത പാതയോരങ്ങളില്‍
‍ധൈര്യം പകര്‍ന്നെന്റെ അരികിലുണ്ടായിരുന്നതും
മായാത്ത ചിരികളാല്‍ മാല കോര്‍ത്തെന്റെ
മന്‍സ്സിനെ സധൈര്യം മുന്നോട്ടു നയിച്ചതും.

പിന്നെ നുകത്തിന്റെ ഭാരമെടുത്തലഞ്ഞ നാളുകളില്‍
‍ആശ്വാസ്മായുണ്ടെന്ന ചിന്തയാല്‍
‍എല്ലാം മറന്നതും കിനാവുകള്‍ പെറ്റതും
പിന്നെ വളര്‍ച്ചയുടെ യാഥാര്‍ത്ഥ്യമറിഞ്ഞതും.

ചങ്കൂറ്റമെന്നല്ല ചങ്കിലെ നോവിനെ വിളിക്കെണ്ടൂ -
ആധിയാലോടിയണഞ്ഞതും കഴിഞ്ഞതും
കൂവി പറന്നോരു തീവണ്ടിപ്പുക പോലെ
ഏല്ലാം കറുത്തിരുണ്ടകന്നു പോയതും.

കണ്ണീരില്‍ ചാലിച്ചെരിഞ്ഞൊരു മനസ്സിനെ
വിഭ്രമമറ്റി പിടിച്ചു നിറുത്തിയതും
പിന്നെ പരക്കം പറന്നിങ്ങനെ
പലവകയായതും.

ഓര്‍മ്മയില്‍ പോലും ശപിയ്ക്കാതിരിക്കുവാന്‍
ഓര്‍മ്മയായ് മാറ്റി നിറുത്തിട്ട്
ഞാനിവിടെ വര്‍ത്തമാനത്തിന്റെ സന്തോഷമായ്
കലപില കൂട്ടി കഴിഞ്ഞു കൂടുന്നു.

Sunday, November 4, 2007

പ്രണയം

നിന്റെ (എന്റെയും) സിരകളില്‍ പൂത്തുലഞ്ഞ
കാമത്തിന്റെ ഇരുണ്ട കരിമ്പടം പോലെ
അറിവിന്റെ വിയര്‍പ്പിനുള്ളില്‍ നനഞ്ഞടിഞ്ഞു വീണതും
വേച്ചു പോകുന്ന ഓര്‍മ്മകളുടെ അറയില്
‍വീണ്ടും നിവരാനാവാതെ കഴിഞ്ഞതും
എന്റെ ശ്വാസതാളത്തിന്റെ ഗതിയിലൊരു
വിഭ്രമമായ് പകര്‍ന്നതിലൊരു സീല്‍ക്കാമായതും
വാഴവിന്റെ ഹുങ്കാരത്തിലൂറിച്ചിരിച്ചതും
പിന്നെയലറിക്കരഞ്ഞതും
ചൂടിന്റെ ചൂരങ്ങളെല്ലാം പെയ്തൊഴിഞ്ഞ്
ആദ്യമഴയായ് നനഞ്ഞതും
മാറിലൊരഗ്നിയായ് പടര്‍ന്നെരിഞ്ഞമര്‍ന്നതും
സന്ധ്യകള്‍ മധുവായ് നിറഞ്ഞതും നോവായണഞ്ഞതും
പുലരിയുടെ ചായക്കോപ്പില്‍ ചോരയായ് കിനിഞ്ഞതും
കാറ്റിന്റെ മര്‍മ്മരം കവിതായിരമ്പിയതിലടിതെറ്റി വീണതും
മണ്ണെണ്ണ വിളക്കിന്റെ പുകച്ചുരുളിലെതോ
അജ്ഞാതാമാം ഓര്‍മ്മയാല്‍ മൊഴിഞ്ഞ്തും

“ഇനി നീ ജാലകങ്ങള്‍ മലര്‍ക്കെ തുറന്നീടുക
മഞ്ഞിന്റെ നേര്‍മ്മ പോലെ നമുക്കലിഞ്ഞില്ലാതാകാം
പിന്നെ മറവിയുടെ ഓരം ചേര്‍ന്ന് ചത്തു മലര്‍ച്ചു കിടക്കാം
ഭൂതകാലത്തിന്റെ ഭൂതസ്മരണകളില്
‍ഞാനും നീയുമില്ലാതായിത്തീരും വരെ”