പട്ടിന്റെ പാവാടയുലച്ചിളകുന്ന കതിരുകള്‍ക്കരികെ -
കാറ്റിലിളകി തുടിച്ചൊന്നു പാടുക; ഏറ്റെറ്റു പാടുക.
കുത്തുവിളക്കിന്റെ ചിമ്മാത്ത കണ്ണിലെക്കുറ്റു നോക്കി -
കഥയറിഞ്ഞാടുക; വേഷപകര്‍ച്ചയാല്‍ മാറുക.
ഗുരുവിന്റെ നിറവുള്ള അരുവിയില്‍ പീതവര്‍ണ്ണനായ്-
അവര്‍ണ്ണനായ്; നിന്നെ നീയായറിയുക, ഗുരുവായറിയുക.
അമ്മ തന്‍ മാറിലൊരു കുഞ്ഞിന്റെ ദാഹമായ് -
ആശ്ലേഷത്തിലമരുക; പുനര്‍ജ്ജനിച്ചിടുക.
ഉടവാളൂരിയമര്‍ത്ത്യനായ്, ദാസനായ് -
പത്മതീര്‍ത്ഥത്തിലെ നീരണിയുക; നിറവിലുയരുക.
ചീനവലകളില്‍ ചിലമ്പിച്ച കടല്‍ക്കാറ്റായ് -
ഈ ജൂതത്തെരുവിലൊരു പഴമയെ തേടുക.
ചെമ്പകച്ചോട്ടിലെ കാരിരുമ്പില്‍ നിന്റെ കരളുടക്കി -
ഈ ചുരത്തിന്റെ ചൂരമായ് നിറയുക.
മിഠായിത്തെരുവിന്റെ മധുരമായ്, കലമ്പലായ് -
ചരിത്രമുറങ്ങുന്ന കടലോളം പായ്‌വഞ്ചി തുഴയുക.
അടിയൊനുമുടയോനും ഒന്നായ വിപ്ലവക്കൂറ തന്‍ -
വീര്യത്തിലൂടൊരു അരിവാളുയര്‍ത്തുക.
പേരിന്റെ പൊരുളുകളിലലയാതെ തുളസീമാലയിന്‍ വ്രതമായ് -
കല്ലെല്ലാം കരളിന്റെ കരുത്താക്കി സ്വാമിയായീടുക.
കോട്ടതന്‍ കൊട്ടിലില്‍ എരിയുന്ന ശൌര്യത്തില്‍ -
നെയ്യ്‌വിളക്കായ് ജ്വലിക്കുക; സുല്‍ത്താനായി വാഴുക.
നോമ്പിന്റെ നിസ്കാരമെത്തയില്‍ മുത്തമായ് -
ബാങ്കിന്റെ താളത്തിലുയര്‍ന്ന് പ്രണമിക്കുക.
ഈ നിളയില്‍ നിറഞ്ഞൊന്നു നീന്തുക, തുടിക്കുക -
തെളിനീരിന്‍ ഉറവയായ് ഒലിക്കുക.
ഇനിയീ മലകളില്‍ വസന്തത്തിന്‍ തേനൂറിപ്പറക്കുന്ന -
ചിറകായ് പിറക്കുക; മധുനിലാവായ് പൊഴിയുക.
Subscribe to:
Post Comments (Atom)
1 comment:
അമ്മ തന്‍ മാറിലൊരു കുഞ്ഞിന്റെ ദാഹമായ് -
ആശ്ലേഷത്തിലമരുക; പുനര്‍ജ്ജനിച്ചിടുക.
നല്ല വരികള്‍.
കവിത കൊള്ളാം. ഇനിയും എഴുതുക.
Post a Comment