സെക്കന്തരാബാദില്‍ ട്രയിന്‍ കൃത്യ സമയത്തു തന്നെയെത്തി. മഞ്ചുവിന്റെ അച്ഛനെ മുമ്പൊരിക്കലും ഞാന്‍ കണ്ടിട്ടില്ല. എങ്കിലും തേടിപ്പിടിച്ച് മഞ്ചുവിന്റെ അടുത്തെത്തിക്കുക. പ്ലാറ്റുഫോമിന്റെ മറ്റേയറ്റത്തേക്ക് നടന്നു. സംശയം തോന്നുന്ന ഒരാളെയും കാണുന്നില്ല. ‘ശെടാ... ഇനി വെറെ വല്ല സ്റ്റേഷനിലും ഇറങ്ങിക്കാണുമോ?’ കംപാര്‍ട്ടുമെന്റുകള്‍ മിക്കവാറും കാലിയായിക്കഴിഞ്ഞു. ഹൈദരാബാദിലെക്കുള്ള കുറച്ചു പേര്‍ മാത്രമെ ഇനി ട്രയിനിലുള്ളു.
അപ്രതിക്ഷിതമായ് എന്റെ ഇടത്തെ കൈയ്യില്‍ ഒരു പിടുത്തം മുറുകി. മുറിക്കൈയ്യന്‍ ഷര്‍ട്ടും, മടക്കികുത്തിയ പോളീസ്റ്റര്‍ മുണ്ടും ധരിച്ച ഒരാള്‍. മറ്റെക്കയ്യില്‍ ഒരു ചെറിയ മണിബാഗ്.
“മഞ്ചുവിന്റെ ...”
“അതെ. എനിക്കു നിങ്ങളെ കണ്ടപ്പോഴെ മനസ്സിലായി.”
“അതെങ്ങനെ?” ഞാന്‍ ആശ്ച്യര്യപ്പെട്ടുപോയി. “ബാഗെവിടെ? ഞാന്‍ പിടിയ്ക്കാം.”
“ഓ വേറെ ബ്യാഗൊന്നുമില്ല. ദാ ഇത് മാത്രം.” കൈയ്യിലെ ബാഗൊന്നുയര്‍ത്തിക്കാണിച്ചു. “കേട്ടപ്പോഴെ ഞാനിങ്ങോട്ടു പോന്നു.”
“പേടിയ്ക്കാനൊന്നുമില്ല. ഓപ്പറേഷന്‍ കഴിഞ്ഞു, ഇപ്പോ ഒരു കുഴപ്പവുമില്ല.”
“എവ്ടെയാ ഈ ആശുപത്രി? അങ്ങോട്ട് പോയാലോ?”
“ഇപ്പോ ചെന്നാലും കേറാന്‍ പറ്റില്ല. നമ്മുക്ക് ഭക്ഷണം കഴിച്ചിട്ട് പോകാം. അച്ഛന് ഒന്നു കുളിയ്ക്കണോ?”
“അതൊക്കെ വൈകിട്ടു മതി. നമ്മുക്ക് ആശുപത്രിലോട്ട് പോയാലോ?”
“ദാ ഇവിടെ അടുത്ത് ഹോട്ടലുണ്ട്.”
വഴിയിലൊരല്പം തിരക്കുണ്ട്. ട്രയിനിറങ്ങിയവരൊക്കെ ഓട്ടോക്കാരുമായി ചാര്‍ജ്ജിനെക്കുറിച്ചുള്ള തര്‍ക്കങ്ങളില്‍. സാധാരണ പോലെ ബസ്സുകളെല്ലാം ഒരുമിച്ചെത്തി നില്‍ക്കുന്നു. സ്റ്റേഷന്‍ പരിസരമാകെ ബഹളമയം. ഇത്രയെറെ ആളുകള്‍ ആ ട്രയിനിലുണ്ടായിരുന്നോ! മറ്റെതെങ്ങിലും ട്രയിനും വന്നു കാണുമായിരിയ്ക്കും. ഞങ്ങള്‍ റോഡ് മുറിച്ച് അന്നപുര്‍ണ്ണ ഹോട്ടലിലെയ്ക്ക് നടന്നു.
“ഇവിടെ നാട്ടിലെ ഭക്ഷണം തന്നെ കിട്ടും. ഈ ഹോട്ടല്‍ മലയാളീടെയാ.” കൈ കഴുകി ഞങ്ങളിരുന്നു.
“രണ്ട് മീന്‍ കറി ചോറ്. ഒന്ന് പച്ചരി. ഇവിടെയാകുമ്പോള്‍ പച്ചരിയാണ് ശീലം. മുറിയിലും പച്ചരി തന്നെ.” ഞാനൊരു മുന്‍കൂര്‍ ജ്യാമ്യമെടുത്തു.
“ഓ...”
ഊണു കഴിഞ്ഞു തിരികെയെത്തിയപ്പോള്‍ ഓരെറ്റ ബസ്സുപോലുമില്ല.
“ഇവിടെയിങ്ങനെയാ. വരുമ്പോ എല്ലാം കൂടി വരും.”
“ദാ ഒരെണ്ണം വര്ണ്ണ്ട്.”
“അയ്യോ അതു പോകുല്ല. നമ്മുക്ക് 7-ാം നമ്പര്‍ ബസ്സിലാണ് പോകേണ്ട്ത്”
“ദാ വെറൊരെണ്ണം. അത് 7 ആണല്ലോ.”
“അച്ഛാ, അതും പോകില്ല. ഏഴു തന്നെ കുറെയുണ്ട്.” പിന്നെയധികം താമസിയാതെ ഞങ്ങള്‍ക്കുള്ള ബസ്സെത്തി. മഞ്ചുവിന്റെ അച്ഛന്‍ പുറത്തേയ്ക്ക് നോക്കിയിരുന്നു. പിന്നെ ഞങ്ങള്‍ രണ്ടു ലോകത്തായിരുന്നു.
“അടുത്ത സ്റ്റോപ്പില്‍ ഇറങ്ങണം. അ... അച്ഛാ...”
“ഞാനൊന്ന് മയങ്ങി. ഇനി അധികമുണ്ടോ?”
“അടുത്ത സ്റ്റോപ്പാ. എന്നാ എണിറ്റോ. അച്ഛനാദ്യം ഇറങ്ങിക്കോണം കേട്ടോ.” അടുത്ത സ്റ്റോപ്പില്‍ ബസ്സ് നിന്നു.
“ഇതെന്തു പണിയാ, വീണെനോല്ലൊ... ഇറങ്ങണെനു മുമ്പെ...”
“ഇവിടെയിങ്ങനാ. ചാടിയിറങ്ങണം. പെണ്ണുങ്ങളിറങ്ങാനുണ്ടേങ്കിലെ ശരിക്കു നിര്‍ത്തു”
“എന്നാലും... ഞാന്‍ പേടിച്ച് പോയ്.”
അച്ഛനെ മുറിയുടെ വാതിക്കലെത്തിച്ചിട്ട് ഞാന്‍ മനഃപൂര്‍വ്വം മാറി. വാരാന്തയിലെ ജനാലയിലുടെ വെറുതെ പുറത്തേയ്ക്ക് നോക്കി നിന്നു. അവരുടെയിടയില്‍ ഞാന്‍ ഇല്ലാതിരിയ്ക്കുന്നതാണ് നല്ലതെന്നു തോന്നി.
“അവനെവിടെ? എടാ...” മഞ്ചുവിന്റെ വിളി. “എങ്ങിനെ കണ്ടു പിടിച്ചൂ... ങിഹ്... ഹ്... ഹ്...”
“എന്നെയാണു കണ്ടുപിടിച്ചത്. വെറെയെവിടെയോ ഇറങ്ങിക്കാണുമെന്നു പേടിച്ചു നില്‍ക്കുവായിരുന്നു ഞാന്‍.”
“ങിഹ്... ഹ്... ഹ്... അയ്യോടാ...”
“ഇന്നലെ പറഞ്ഞതു വല്ലതും ഓര്‍മ്മയുണ്ടോ? അച്ഛനോട് ഒന്നു പറഞ്ഞാലോ.” ചമ്മല്‍ മാറാന്‍ ഞാന്‍ വിഷയം മാറ്റി.
“ഇന്നലെ...?” അച്ഛന്‍ ഏറ്റെടുത്തു.
“എന്റെച്ഛാ... ഇന്നലെ സെടേഷനില്‍ ഞാനെന്തൊക്കെയോ പറഞ്ഞന്നാ ഇവരു പറയുന്നെ.”
“എന്തൊക്കെയോ...? ആ ഡോക്ടറെയൊന്നു വിളി. പകുതി ആ ഡോക്ടറോടാ പറഞ്ഞത്.”
ലതികയുടെ വരവോടെ ഞങ്ങളുടെ ബഹളം പെട്ടന്നു മുറിഞ്ഞു. “കൊച്ചച്ഛാ...” ലതിക കൊഞ്ചിക്കൊണ്ട് മഞ്ചുവിന്റെ അച്ഛനെയൊന്നു ചുറ്റിപിടിച്ചു. “എനിക്കു ഡ്യുട്ടിയായിരുന്നൂ, നാളെ... ഓഫാ.”
“നീ, തന്നെയാ വന്നത്?”
“ങൂങ്. റോസമ്മയുണ്ട്. അവള് താഴെ ഡിസ്ചാര്‍ജ്ജിന്റെ കാര്യം സംസാരിക്കുവാ. ഇനി നമ്മുടെ ഹോസ്പിറ്റലില്‍ പോയി റെസ്റ്റ് എടുത്താ മതി.”
“എന്നാ ഞാനും കൂടി താഴൊട്ടു ചെല്ലാം. നിങ്ങള്‍ക്ക് കുടുംബകാര്യങ്ങളൊക്കെ പറയാന്‍ കാണുമല്ലോ.” ഞാന്‍ പിന്‍മാറി.
തിരികെ ദയാകര്‍ റെഡ്ഡി ഹോസ്പിറ്റലിന്റെ അണ്ടര്‍ ഗ്രൌണ്ട് പാര്‍ക്കിംഗിങ്ങില്‍ ഞങ്ങളിറങ്ങുമ്പോള്‍ മഞ്ചു എന്നെ വിളിച്ചു. “എടാ.. അച്ഛനെ ഏല്ലാടൊം ഒന്ന് കാണിക്കണം”
“അതൊക്കെ ശരിയാക്കാം. തല്‍ക്കാലം മോളില്‍ പോയിക്കിടക്കാന്‍ നോക്ക്.”
“അതല്ലടാ. നീ അച്ഛനുമായി ഒന്നു കറങ്ങിട്ടു വാ. അച്ഛാ... ഇവന്റെ കൂടെയൊന്നു കറങ്ങ്.”
“ബിര്‍ളാ മന്ദിര്‍ കാണാന്‍ നല്ലതാ.” റോസമ്മ പിന്‍ന്താങ്ങി.
ബിര്‍ള മന്ദിരിന്റെ തണുത്ത മാര്‍ബില്‍ തിണ്ണയില്‍ സന്ധ്യയാകുന്നതും കാത്ത് ഞങ്ങളിരുന്നു. ചുറ്റും ഹൈദരാബാദിന്റെ നിയോണുകള്‍ കത്തിത്തുടങ്ങിയിരിക്കുന്നു. അവധി ദിവസമല്ലാത്തതിനാല്‍ വലിയ തിരക്കില്ല. ഓരോ ദൂരകാഴ്ച്ചകളും ഞാന്‍ വിവരിച്ചു കൊണ്ടേയിരുന്നു. ഏല്ലാം ശ്രദ്ധിച്ച് കൊണ്ട് മഞ്ചുവിന്റെ അച്ഛന്‍ ചുറ്റും കണ്ണോടിച്ചു. ലുംബിനി പാര്‍ക്കിലും ടാങ്ക് ബണ്ടിലും ലൈറ്റുകള്‍ സജീവമായി. തൂവെള്ള വെളിച്ചത്തില്‍ ടാങ്കിനു നടുവിലുള്ള ബുദ്ധപ്രതിമ പകലെത്തെക്കാള്‍ സുന്ദരമായിരിക്കുന്നു. വഴിയുടെ നടുക്ക് വലിയ തൂണുകള്‍ ഉയര്‍ന്നു നില്‍ക്കുന്നു. നഗരത്തിന്റെ മുഖഛായ മാറ്റാനുള്ള മേല്‍പ്പാലങ്ങളുടെ പണിനടക്കുകയാണ്. നാംപള്ളിയിലെയ്ക്കും ലങ്കര്‍ ഹൌസിലെക്കും ട്രാഫിക്ക് ഒഴുകി നീങ്ങുന്നു. മറുവശത്ത് പ്ലാനറ്റോറിയവും വിധാന്‍ സൌദും സ്റ്റേടിയവും തലയുയര്‍ത്തി നില്‍ക്കുന്നു. നഗരത്തിന്റെ നേര്‍ക്കാഴ്ചകള്‍ അവസാനിപ്പിച്ച് ഞങ്ങള്‍ മടങ്ങാന്‍ തീരുമാനിച്ചു.
സെക്കന്തരാബാദില്‍ ബസ്സിറങ്ങി മോണ്ടാ മാര്‍ക്കറ്റിന്റെ തിരക്കിലൂടെ എന്റെ മുറിയിലെയ്ക്ക് നടന്നു. മാര്‍ക്കറ്റുറോഡില്‍ തിരക്കിനു കുറവൊന്നുമില്ല. ആളുകള്‍ രണ്ടു ഭാഗത്തെയ്ക്കും ക്രമം തെറ്റാതെ ചലിച്ചുകൊണ്ടേയിരിക്കുന്നു.
“ഈ മാര്‍ക്കറ്റിന്റെ പുറകില്‍ ഒരു മാര്‍വാടിയുടെ ടെറസ്സിലാണ് മുറി. എന്റെ കുട്ടത്തിലുള്ളയാള്‍ നാട്ടില്‍ പോയിരിക്കുകയാണ്.” മുറിയെക്കുറിച്ചോ കുടെ താമസ്സിക്കുന്നയാളെക്കുറിച്ചോ ഒന്നും ഞാന്‍ സൂചിപ്പിച്ചിരുന്നില്ല. പഞ്ചാബി ഹൌസില്‍ നിന്നും മൊരിഞ്ഞ റൊട്ടിയുടെ മണം റോഡിലെക്ക് പരക്കുന്നുണ്ട്. നല്ല മണം. എനിക്കാ മണം മാത്രമെ ഇഷ്ടമുള്ളു. ഒരിക്കല്‍ ബാബുവിന്റെ മുറിയില്‍ വച്ച് രുചിച്ചതാണ്. കല്ലുപോലെ ഉണങ്ങിയ റൊട്ടി. പഞ്ചാബി ഹൌസ് അത്താഴത്തിന്റെ ചിന്ത ഉണര്‍ത്തി.
“ചിക്കന്‍ കഴിക്കുമോ? ഒരു കോഴിയെ വാങ്ങിയാലോ?”
“ഞാന്‍ എല്ലാം കഴിക്കും. എല്ലാം ഉണ്ടാക്കാനൊക്കെ അറിയാമെല്ലെ?”
“ഉം.. പക്ഷേ ഉണ്ടാക്കിക്കഴിഞ്ഞെ എന്തു കറിയാന്ന് പറയാന്‍ പറ്റു. ജീവിച്ചല്ലെ പറ്റൂ”
കോഴിയെയും വാങ്ങി ഞങ്ങള്‍ നടന്നു. ഗോവണി കയറി ടെറസ്സിലെത്തി. വിശാലമായ ടെറസ്സ്. നല്ല കാറ്റ്.
“വെള്ളൊക്കെ പിടിച്ച് വച്ചിട്ടുണ്ട് എല്ലെ?” വാട്ടര്‍ ടാങ്ക് ചൂണ്ടി മഞ്ചുവിന്റെ അച്ഛന്‍ ചോദിച്ചു.
“അല്ലാതെ പറ്റില്ല. വെള്ളം റേഷനാണ്. നമ്മുടെ വെള്ളം അപ്പുറത്തുണ്ട്. ഇത് ഹൌസോണറുടെ ടാങ്കാ. പക്ഷേ തികയാതെ വന്നാല്‍ ഞങ്ങളു കക്കും. ഇപ്പോ അജി നാട്ടില്‍ പോയതിനാല്‍ വല്യ കുഴപ്പമില്ല,”
“എനിക്കൊന്നു കുളിയ്ക്കണം.”
“വെള്ളം ചൂടാക്കണോ?”
“ഏയ്.”
മുറി തുറന്നകത്തു കയറിയപ്പോഴാണ് ആതിഥേയന്റെ വീഴ്ച എന്നെ അലട്ടിയത്.
“അച്ഛാ... ഒരു ചെറിയ പ്രശ്നൊണ്ട്. അതെയ്... ഇവിടെ മാറിയുടുക്കാന്‍ ലുങ്കീം മുണ്ടൊന്നുമില്ല. ഞങ്ങള് സൌകര്യത്തിന് ബര്‍മൂഡയാ.”
“ദാ ഇതു മതില്ലോ.” കംപ്യുട്ടര്‍ മൂടിയിരുന്ന ഷീറ്റെടുത്ത് മഞ്ചുവിന്റെ അച്ഛന്‍ അരയില്‍ ചുറ്റി.
“എന്നാ കുളിച്ചോ. അപ്പുറത്തെതാ കുളിമുറി.”
മഞ്ചുവിന്റെ അച്ഛന്‍ തിരികെയെത്തുമ്പോള്‍ കുക്കര്‍ ഒന്നാം വിസില്‍ കൂവി. പിന്നെ ഞാന്‍ കുളിച്ചെത്തുമ്പോള്‍ പുല്പായ വിരിച്ച് മലര്‍ന്നു കിടക്കുന്നു മഞ്ചുവിന്റെ അച്ഛന്‍.
“എന്താ നാട്ടിലെ കാര്യമോര്‍ക്കുവാണോ?”
“ഏയ്. അതൊക്കെ മോന്‍ നോക്കിക്കോളും. എന്നാലും മോനെയൊന്നു വിളിക്കണം.”
“അതിനെന്താ. ഇപ്പ പോണോ. അതോ കഴിച്ചിട്ടോ.”
“ദൂരെയാ?”
“താഴെ തന്നെ. നമ്മളിങ്ങോട്ടു തിരിഞ്ഞ വഴില്.”
അച്ഛനും മകനുമിടയില്‍ നിന്നും ഞാന്‍ മാറി. അടുത്ത പീടികയില്‍ വെങ്കിട്ട് റാവു മിര്‍ച്ചി ബജി ഇളക്കിയിടുന്നു. അതു വറത്തു കോരിയാല്‍ ഇനി പരിപ്പുവടയാകും ഉണ്ടാക്കുന്നത്, പിന്നെ ഉള്ളി ബജി. റാവുവിന്റെ രീതികളൊക്കെ എനിക്ക് വശമായിരിക്കുന്നു. എത്രയോ സന്ധ്യകള്‍ ഞാന്‍ കാഴ്ചക്കാരനായി കൂടിയിരിക്കുന്നു. അജി ടെലഫോണില്‍ സൊള്ളിക്കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ റാവുവിന്റെ കുടെ കൂടും. ഈ അസഹ്യമായ ചൂടിനുമേല്‍ സദാ പുഞ്ചിരിച്ചുകൊണ്ട് റാവു ഗാരു.
“അയാള് കാശ് വാങ്ങിച്ചില്ലല്ലോ.” മഞ്ചുവിന്റെ അച്ഛന്‍ നീട്ടിപ്പിടിച്ച നോട്ടുമായി മുന്നോട്ടു വന്നു.
“അ... അത് ഞാന്‍ പറഞ്ഞായിരുന്നു, പിന്നെ മോന്‍ എന്തു പറഞ്ഞൂ?”
“രണ്ടു ദിവസോം മില്ല് തുറന്നായിര്ന്ന്. പൊടിച്ച് കൊടുക്കും. അരയ്ക്കാനാണ് പ്രശ്നം.” ഒരു കടയുണ്ടെന്നല്ലാതെ അത് എന്താണെന്ന് എനിയ്ക്കറിയില്ലായിരുന്നു.
“അപ്പോ, ഒരാഴ്ച നാട്ടുകാരുടെ കാപ്പി കുടി മുട്ടും എല്ലെ?”
“ഏയ്... അങ്ങിനെ വലിയ തിരക്കൊന്നുമില്ല.”
ഭക്ഷണം കഴിഞ്ഞപ്പോള്‍ കട്ടിലില്ലാത്തതിന്റെ ഖേദം പ്രകടിപ്പിച്ചു ഞാന്‍, ഒരു നെടുവീര്‍പ്പോടെ മഞ്ചുവിന്റെ അച്ഛന്‍ നിലത്തിരുന്നു. ഞാന്‍ ഇതു വരെ കാണാത്ത ഒരു ഭാവമാറ്റം. എന്തൊക്കെയോ വിചാരങ്ങള്‍ ആ മുഖത്ത് മിന്നി മറയുന്നു. ഞാന്‍ അടുത്തു ചെന്നിരുന്നു. മഞ്ചുവിന്റെ അമ്മയ്ക്ക് കാവലായ് ആഴ്ചകളോളം ആശുപത്രി വരാന്തയില്‍ നിലത്തും ബഞ്ചിലുമായി കിടന്നുറങ്ങിയ വേദനകളിലെയ്ക്ക് മഞ്ചുവിന്റെ അച്ഛന്‍ കടന്നു, വിധിയടുത്തറിഞ്ഞിട്ടും ഏല്ലാ ദൈവങ്ങളെയും വിളിച്ച് ഉള്ളുരുകി കരഞ്ഞ ദിവസങ്ങള്‍. അവസാനം ഓരോ രോമകൂപങ്ങളിലെയ്ക്കും വേദനയായ് മരണം അരിച്ചിറങ്ങിയ രാത്രി. ഞങ്ങളുടെയിടയില്‍ മൌനം കനത്തു. ടെറസ്സില്‍ നിന്നും നനുത്ത കാറ്റ് ജനാലയിലുടെ ആശ്വാസമായൊഴുകിയെത്തി ഞങ്ങളെ ഉറക്കി.
ലതികയ്ക്ക് അവധിയായതിനാല്‍ സുവോളജിക്കല്‍ ഗാര്‍ഡന്‍സിലെയ്ക്ക് അവളും കുടെ വന്നു. വിശാലമായ കാഴ്ചബംഗ്ലാവിന്റെ ആകര്‍ഷണങ്ങളിലെക്ക് ഞങ്ങള്‍ നടന്നു. ഏല്ലാ മൃഗങ്ങള്‍ക്കും സ്വതന്ത്രവും വിശാലവുമായ ആവാസങ്ങള്‍. മനോഹരമായ നടപ്പാതകള്‍. തണലേകി ഇരുപുറവും മരങ്ങള്‍. ഇടക്കിടെ വിശ്രമകേന്ദ്രങ്ങള്‍. ഏല്ലാം എത്ര മനോഹരമായി ക്രമപ്പെടുത്തിയിരിക്കുന്നു, കൌണ്ടറില്‍ തിരക്കായതിനാല്‍ ലയണ്‍ സഫാരി ഞങ്ങള്‍ ഒഴിവാക്കി. പിന്നെ വിശാലമായ ഒരു പുല്‍ത്തകിടിയില്‍ ഞങ്ങളിരുന്നു. കൊച്ചച്ഛനെ സല്‍ക്കരിക്കാന്‍ ലതിക കാര്യമായി ഒരുങ്ങി തന്നെയാണ് വന്നത്. ചപ്പാത്തിയും ചിക്കനും. പിന്നെയും കുറെ കറികള്‍ - കേരളത്തിന്റെ തെക്കുനിന്നും വടക്കോട്ട് ഒരു രുചിയാത്ര. എല്ലാം മഞ്ചുവിന്റെ കൂട്ടൂകാരികളുടെ സംഭാവനകള്‍. ഭക്ഷണം കഴിഞ്ഞ് ഞങ്ങള്‍ പക്ഷികൂടുകള്‍ക്കരുകിലെയ്ക്ക് നീങ്ങി. വര്‍ണ്ണച്ചിറകുകള്‍ വിടര്‍ത്തി ഒരു കൂട്ടര്‍ ആകര്‍ഷിക്കുമ്പോള്‍, സ്വയം മിനുക്കി മറ്റൊരു കൂട്ടര്‍ മാറിയിരുന്നു. കുളിര്‍മ്മയുള്ള കാഴ്ചകള്‍. പുറത്ത് വെയിലാറിത്തുടങ്ങിയിരുന്നു, കാഴ്ചകള്‍ അവസാനിപ്പിച്ച് ഞങ്ങള്‍ ഹോസ്പിറ്റലിലെയ്ക്ക് തിരിച്ചു.
പിറ്റെന്നു നാട്ടിലെയ്ക്ക് തിരിക്കുന്നതിനാല്‍ മഞ്ചുവിനോടൊപ്പം അച്ഛനെവിട്ട് ഞാന്‍ റൂമിലേയ്ക്ക് പോയി. അത്താഴം ഹോസ്റ്റ്ലില്‍ റെഡിയാക്കുന്നുണ്ടെന്ന് മഞ്ചു മുകൂട്ടി അറിയിച്ചിരുന്നു. അതിനാല്‍ എനിക്കും പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. കംപ്യുട്ടര്‍ തുറന്ന് ചെയ്തു കൊണ്ടിരുന്ന ഒരു മോഡ്യൂള്‍ കംപയില്‍ ചെയ്തു. മാറ്റിയും മറിച്ചും കോഡുകള്‍ എഴുതി. പ്രശ്നം പൂര്‍ണ്ണമായ് തീര്‍ന്നിട്ടില്ല. സമയം വല്ലാതെ വൈകി.
ഹോസ്പിറ്റലില്‍ നിന്നും ഞങ്ങള്‍ പോരുമ്പോള്‍ നന്നെ ഇരുട്ടിയിരുന്നു, തലേ രാത്രിയിലെപ്പോലെ വികാരതീവ്രമായ രംഗങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ആയതിനാല്‍ വളരെക്കുറച്ചെ ഞങ്ങള്‍ സംസാരിച്ചുള്ളു. ആ രാത്രിയില്‍ ടെറസ്സില്‍ നിന്നും തണുത്ത കാറ്റും കുറവായിരുന്നു.
ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ട്രയിനെത്തുമെന്ന് തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലും അനൌണ്‍സ്മെന്റ് വന്നു. വലിയ തിരക്കൊന്നുമില്ല. ഞങ്ങള്‍ ഒരല്പം മുന്നോട്ടു നീങ്ങി നിന്നു. പെട്ടന്ന് മഞ്ചുവിന്റെ അച്ഛന്‍ എന്റെ കൈയ്യില്‍ കടന്നുപിടിച്ചു.
“നിങ്ങള്‍... ...”
“ഉം... എന്താ അച്ഛാ?”
“ഇപ്പോഴ്ത്തെ കാലത്ത് ...” വലിയ ശബ്ദത്തോടെ ട്രയിന്‍ പ്ലാറ്റുഫോമിലെയ്ക്ക് എത്തി മഞ്ചുവിന്റെ അച്ഛന്റെ സംഭാഷണം മുറിച്ചു കളഞ്ഞു.
“ദാ, ആ കംപാര്‍ട്ടുമെന്റാ.” മഞ്ചുവിന്റെ അച്ഛന് കേറേണ്ട കംപാര്‍ട്ടുമെന്റ് മുന്നോട്ട് കടന്നു പോയി.
“എന്നാ കേറിക്കോ. ഇവിടുത്തെ കാര്യമോര്‍ത്തു വിഷമിയ്ക്കുകയൊന്നും വേണ്ടാ. ഞങ്ങളൊക്കെയില്ലെ.” മഞ്ചുവിന്റെ അച്ഛന്‍ എന്റെ രണ്ടു കൈകളിലും കടന്നു പിടിച്ചു.
“നാട്ടില്‍ വരുമ്പോള്‍ അങ്ങോട്ട് വരണം ട്ടോ.”
“ശരി. വരാം. അച്ഛന്‍ കേറിക്കോളു.”
മറ്റെന്തോ പറയാനെന്നപോലെ മഞ്ചുവിന്റെ അച്ഛന്‍ തിരിഞ്ഞു. വാത്സല്യത്തിന്റെ തിളക്കം ആ കണ്ണുകളില്‍ ഞാന്‍ വായിച്ചെടുത്തു. കൈ പിടിച്ച് അകത്തേയ്ക്ക് കയറുമ്പോള്‍ അനൌണ്‍സ്മെന്റിന്റെ ശബ്ദം ഉയര്‍ന്നു. ട്രയിന്‍ മെല്ലെ ചലിച്ചുതുടങ്ങി.
ആ ട്രയിന്‍ അകലെ മറയുന്നതു വരെ ഞാന്‍ പ്ലാറ്റുഫോമില്‍ നിന്നു - വലതുകൈ ഉയര്‍ത്തിപ്പിടിച്ച്.
4 comments:
ഇതൊരു ഓര്മ്മക്കുറിപ്പാണോ? അതോ കഥയോ? നന്നായിട്ടുണ്ട്.
ഞാന്‍ എന്നോട് തന്നെ ചോദിച്ചുക്കൊണ്ടിരിക്കുന്ന അതേ ചോദ്യം.
മഞ്ചുവിനെന്താ പറ്റിയത്?
സുഖമായിരിക്കുന്നോ ആ കുട്ടി ഇപ്പോള്‍?
നിങ്ങള്‍ നടന്ന വഴികള്‍ മുക്കാലും പരിചിതം.
:)
എഴുത്ത് നന്നാവുന്നുണ്ട്.
ട്രെയിന്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ പറയാനുള്ളതെന്തോ പറയാതെ പോയ ഒരു നിമിഷത്തില്‍ നിന്ന് ബാക്കിയായ മൌനം പുകപിടിച്ചുനിന്നു. അല്ലേ..
Post a Comment