Wednesday, November 21, 2007

പ്രായം

അന്ന് തിരികെയെത്തുമ്പോള്‍ അവളൊരു കണ്ണട വച്ചിട്ടുണ്ട്. തടിച്ച ഫ്രയിമുള്ള ആ കണ്ണടയ്ക്കുള്ളില്‍ അവളുടെ കണ്ണുകള്‍ എനിക്ക് നഷ്ടമായി. ഞാന്‍ പതിവു പോലെ കട്ടിലില്‍ ചെന്നിരുന്ന് ഷര്‍ട്ടിന്റെ കുടുക്കുകള്‍ ഊരിത്തുടങ്ങി. വര്‍ത്തമാനപത്രങ്ങളൊന്നും കുറെ നാളുകളായി ഞാന്‍ വായിക്കാറെയില്ല. നേരെ കിടപ്പുമുറിയിലെയ്ക്ക് കയറും. പഴകിയ പുസ്തകക്കൂട്ടങ്ങളില്‍ വെറുതെ നോക്കിയിരിക്കും, ആ ഇരിപ്പില്‍ കിക്സോട്ടിനെപ്പോലെ രവിയായും, കുന്തനായും, ആദിത്യനായും അലഞ്ഞു തിരിയും. പിന്നെ ഒരു കപ്പ് കാപ്പിയിലൂടെ ഞാന്‍ തിരികെയെത്തും. അന്നവള്‍ അരികില്‍ തന്നെയുണ്ട്. എന്നെ മെല്ലെ മടിയിലെയ്ക്ക് ചായിക്കാനൊരുങ്ങി.
“ഞാ? ഇപ്പോ പതിവില്ലാതെ!”
“നോക്ക്-ക നരച്ച് തുടങ്ങീരിക്കണൂ. പിഴ്ത് കള്യാം.”
പതിവുകളൊക്കെ തെറ്റാന്‍ തുടങ്ങുകയാണോ ആവോ.
“കാപ്പി...” ഓര്‍മ്മപ്പെടുത്താനായ് ഞാന്‍ മുരടനക്കി.
“നിക്ക്-ക ഇപ്പോ തീര്‍ക്കാം.”
“ഈ കണ്ണട...?”
“ഞാന്‍ മ്മ്ടെ തേന്‍ വരിക്കേടെ ചോട്ടില് നിയ്ക്കാരുന്ന്. ആരോ അപ്പ്‌റം തിരിണെ കണ്ട്, ആരാവ്ടെന്ന് ചോദിച്ച്. അത്രന്നെ. അമ്മയ്ക്ക് കണ്ണ് തിരിയാണ്ടായിരിക്ക്‍ണ്ന്ന് പറഞ്ഞ് ദിനേശന്‍ ഡാക്കിട്ടറിന്റെ അടുത്തു കൊണ്ട് പോയ്. അല്ലാ അതിപ്പെ നന്നായെയുള്ള്. എല്ലാ ഒര് തെളിച്ചായ്.”
ഏതെല്ലാമോ അവ്യക്ത ചിന്തകളിലൂടെ ഞാന്‍ ചലിച്ചു കൊണ്ടെയിരുന്നു - അവളുടെ തണുത്ത വിരലുകളും.
“നാണിയെ വിളിച്ച് നിര്‍ത്താ‍ന്‍ പറ്ഞ്ഞ് ദിനേശന്‍.”
“ഏ... എന്താ?”
“നാണിയെ വിളിച്ച് നിര്‍ത്താ‍ന്‍ പറ്ഞ്ഞ്.”
“എന്തായിപ്പോ?”
“വെയിലൊത്ത്‌ന്ന് കേറീപ്പം ഒന്ന് വേച്ച്. അത്രന്നെ...” പിന്നെയൊരു ദീര്‍ഘ നിശ്വാസത്തോടെ അവളുടെ വിരലുകള്‍ നിശ്ചലമായി.
“വയ്യാണ്ടായീന്ന് തോന്നണുണ്ടോ?” ഞാന്‍ മെല്ലെ നിവര്‍ന്ന് അവളുടെ മുഖത്തേയ്ക്ക് നോക്കി. ആ ദീര്‍ഘ നിശ്വാസത്തില്‍ നിന്നും അവള്‍ ഉണര്‍ന്നിരുന്നില്ല.
“നാളെ നാണിയെ വിളിയ്ക്കാം. എന്താ?”
“ഇപ്പോ ഒന്നും വേണ്ടാ. എനിക്ക് അത്രയ്ക്ക് വയ്യാട്ടായ്യിട്ടില്ലാ. ദാ കാപ്പിടാം.”
അവള്‍ നടന്നു മറഞ്ഞപ്പോള്‍ ഞാന്‍ പുസ്തകക്കൂട്ടങ്ങളിലെക്ക് നോക്കിയിരുന്നു. പരകായ പ്രവേശങ്ങളൊന്നും എനിക്ക് സാദ്ധ്യമായില്ല. പുസ്തകക്കൂട്ടങ്ങളില്‍ നിന്നും ആരും ഇറങ്ങി വന്നില്ല. എനിക്കു ചിരപരിചിതരായവരൊക്കെ എവിടെയോ മറഞ്ഞു നില്‍ക്കുകയാണ്. മുറിയിലെ മങ്ങിയ വെളിച്ചം ഏറ്റുവാങ്ങി മേശപ്പുറത്ത് നരച്ച കുറെ മുടിയിഴകള്‍ മാത്രമവശേഷിച്ചു.

6 comments:

ദിലീപ് വിശ്വനാഥ് said...

പ്രായമാവുന്നതിന്റെ വിഹ്വലത നന്നായി വരയക്കാന്‍ പറ്റി.

ശ്രീ said...

നല്ല എഴുത്ത്.

വേണു venu said...

തോമസ്സു്,
ഇതു് ചുമ്മാ എഴുത്തും ചുവരെഴുത്തും അല്ല.
നല്ല രസികത്വമുള്ള മൂര്‍ച്ചയുള്ള എഴുത്താണു്.
പ്രായം . ആ പേടിസ്വപ്നം തന്മയമായി പകര്‍ത്തിയിരിക്കുന്നു. എഴുതുക ഇനിയും. ആശംസകള്‍.:)

ആഷ | Asha said...

നന്നായി എഴുതിയിരിക്കുന്നു.

ഗുപ്തന്‍ said...

സുന്ദരമായ എഴുത്ത്. കഥയില്‍ കൂടുതല്‍ ശ്രദ്ധിക്കൂ.

simy nazareth said...

നല്ല കഥ. ഇഷ്ടപ്പെട്ടു.