Monday, December 14, 2009

സാലഭജ്ഞിക

കറുത്ത മഷിക്കുള്ളില്‍
തിളങ്ങിയ
കരിവണ്ടിന്റെ
കണ്ണുകള്‍
കാമം കടഞ്ഞ്
കാത്തുനിന്നു.

വിടര്‍ന്ന ചുണ്ടില്‍
തളിര്‍ത്ത
ശൃംഗാരച്ചിരിയില്‍
ഋതുക്കള്‍
തേന്‍ നിറച്ച്
കവിത പാടി.

ഈറനായ കാര്‍കൂന്തല്‍
ഇളംക്കാറ്റിന്റെ
താളത്തില്‍
ആലോലം
നൃത്തമാടാന്‍
ക്ഷണം തുടങ്ങി.

നിറഞ്ഞു തുളുമ്പിയ
മധുചഷകം
നിറഞ്ഞ മാറിന്റെ
മാന്‍പേടകള്‍
അമൃതമായി
പകര്‍ന്നു കാത്തു.

നാണത്തില്‍ പൊതിഞ്ഞ്
അരമണികള്‍
ആലില വയറില്‍
പതുങ്ങി
ലാസ്യത്തിന്‍
നിറമാല ചാര്‍ത്തി.

നാണം കവര്‍ന്ന്
കൊലുസ്സ്
കൊഞ്ചലിന്റെ
നഖമുനകള്‍
ചാലിച്ച്
കളം നിറച്ചു.

പച്ചില ചാര്‍ത്തില്‍
നിലാവ്
വാരിയെറിഞ്ഞ
പുതപ്പിനടിയില്‍
അവള്‍
പൂത്തു വിരിഞ്ഞു.