Tuesday, March 25, 2008

നക്ഷത്രങ്ങളെ തേടി

ആകാശം നിറയെ നക്ഷത്രങ്ങള്‍ കാണാനായി
ഞാന്‍ ജാലകങ്ങള്‍ തുറന്നിട്ടു.
വെള്ള പുതച്ച രാത്രി മേഘങ്ങള്‍
എന്നെ വല്ലാതെ നിരാശപ്പെടുത്തി.

മനസ്സ് നിറയെ നക്ഷത്രങ്ങള്‍ നിറയ്ക്കാന്‍
ഞാന്‍ ഡയറിത്താളുകളിലെത്തി
പഴയ കടലാസുകള്‍ കൂട്ടിയൊട്ടിച്ച
നിറം മങ്ങിയ നക്ഷത്രമാണെനിക്ക് കിട്ടിയത്

പ്രഭാതനക്ഷത്രങ്ങളെക്കുറിച്ച് എന്നെ പഠിപ്പിച്ചത്
ആരായിരിക്കാം?
സൂര്യനെ താഴ്ത്തി നക്ഷത്രങ്ങളെ ഉയര്‍ത്താന്‍
എന്നില്‍ ആവേശം നിറച്ചതാരാണ്?

കിഴക്ക് നക്ഷത്രങ്ങള്‍ കാണുന്നത്
ശുഭമോ? അശുഭമോ?
നക്ഷത്രങ്ങളെ നോക്കി പ്രതിജ്ഞയെടുക്കുന്നത്
അബദ്ധമോ? ബന്ധനമോ?

ഇവിടെമാകെ ഇരുട്ടാണ് - അശുഭമാകാം.
അതിനാല്‍ ഞാനിവിടെ നിറുത്തട്ടെ
എവിടെയോ കളഞ്ഞു പോയ എന്റെ ഹൃദയത്തെ
കണ്ടെത്താന്‍ നീയെന്നെ സഹായിക്കണം.

Saturday, March 8, 2008

വിരലുകളെ സ്നേഹിച്ച പെണ്‍കുട്ടി

എന്റെ കൈകള്‍ മെല്ലെ കോരിയെടുത്ത്
അവള്‍ എന്നോട് ചേര്‍ന്നിരുന്ന് രഹസ്യം പറഞ്ഞു.
“നിങ്ങളുടെ വിരലുകള്‍ എത്രയോ സുന്ദരമാണ്.”
അതൊരു പുതിയ അറിവായിരുന്നു.

നീണ്ടു മെലിഞ്ഞ വിരലുകള്‍!
‘വിരലുകളെ സ്നേഹിച്ച പെണ്‍കുട്ടി’യെന്നൊരു
കഥയെഴുതാമെന്ന് ഞാനവളോടു പറഞ്ഞു.
അപ്പോഴാണവള്‍ കുണുങ്ങിച്ചിരിച്ചത്.

അവളുടെ നെറ്റിയിലെ സിന്ദുരത്തിന്റെ ഭംഗി
മുക്കുത്തിയോളം രക്തവര്‍ണ്ണങ്ങള്‍ പടര്‍ത്തി,
ഞങ്ങള്‍ക്കിടയിലെ ഇഷ്ടമില്ലായ്കകള്‍ ഞാനും
ഇഷ്ടങ്ങള്‍ അവളും കണ്ടെത്തിക്കൊണ്ടിരുന്നു.

ബന്ധിതയല്ലെന്ന് പ്രഖ്യാപിയ്ക്കാനും -
സ്ത്രീയാണെന്നറിയാനും അവള്‍ക്കാവേശമായി
ശാക്തീകരണത്തിന്റെ കയങ്ങളില്‍ നിന്നും
ജീവതാളം നഷ്ടപ്പെട്ട അവളെ ഞാന്‍ വീണ്ടെടുത്തു

‘ഇനിയും വായിക്കെരുതെ’ന്ന് ഞാന്‍ വിലക്കിയപ്പോള്‍
അവളുടെ കണ്ണുകള്‍ നിര്‍ജ്ജീവമായിരുന്നു.
കണ്ണുകളെയും ഞാന്‍ വ്യാഖ്യാനിച്ചു,
അവള്‍ കരയില്ലെന്ന് എനിക്കുറപ്പായിരുന്നു.

മൈലാഞ്ചിക്കാടുകളില്‍ കാറ്റ് അവസാനിച്ചപ്പോള്‍
സന്ധ്യകളെക്കുറിച്ചുള്ള വേദന എന്നിലും
പ്രഭാതങ്ങളെക്കുറിച്ചുള്ള പ്രതീക്ഷകള്‍ അവളിലും
ഉറഞ്ഞു തുടങ്ങിയിരുന്നു.

എന്നെയരുകില്‍ ചേര്‍ത്ത് ഉപദേശിച്ചപ്പോള്‍
എന്നിലവള്‍ ആരെയാവും കണ്ടത്?
തീര്‍ത്തും ശൂന്യതയാണ് ഞാനെന്നറിഞ്ഞപ്പോള്‍
എന്താവും അവള്‍ കരുതിയത്?

ഒരിക്കെലെങ്കിലും നാം തമ്മിലുള്ള ബന്ധത്തെ
നിര്‍വ്വചിക്കാന്‍ അവളോട് ചോദിക്കണം
ആ ചോദ്യമിപ്പോഴും എന്റെ തൊണ്ടയില്‍
ഒരു നിലവിളിയായ് കുടുങ്ങിക്കിടക്കുകയാ‍ണ്.

Tuesday, March 4, 2008

സെയിദ്ദ് മുഹമ്മദിന്റെ പൂര്‍ത്തിയാക്കാത്ത കത്ത്

സ്നേഹം നിറഞ്ഞ ഉമ്മയ്ക്ക്, അസെലാമു അലൈക്കും,

ഉമ്മയ്ക്ക് സുഖമാണോ? അല്ലാഹുവിന്റെ കൃപയാല്‍ എനിയ്ക്കിവിടെ സുഖമാണ്. ഏല്ലാവര്‍ക്കും അല്ലാഹുവിന്റെ നാമത്തില്‍ ആശംസകള്‍ നേരുന്നു.

ഞാനിവിടെ നന്നായ് പഠിയ്ക്കുന്നുണ്ട്. ഭക്ഷണവും നന്നായ് കഴിക്കുന്നു, എനിക്കിനിയും ഒത്തിരിയെറെ സാധനങ്ങള്‍ ആവശ്യമാണ്. ഒരു പുതിയ സ്കുള്‍ ബാഗാ‍ണ് അത്യാവശ്യം. എനിക്കിനി സ്പോര്‍ട്സ് ഷൂസ് വേണ്ടാ. നല്ലൊരു ബൂട്സാണ് എനിക്ക് വേണ്ടത്. അതാവും എനിക്ക് നന്നായ് ചേരുക. എന്റെ നമ്പര്‍ ഓര്‍മ്മയുണ്ടല്ലോ? ഏഴ്.

ഇനി ഉമ്മ വരുമ്പോള്‍ ചോക്കലെറ്റുകള്‍ കൊണ്ടു വരുക. ടീ ഷര്‍ട്ടും ജീന്‍സും നേരത്തെ ചോദിച്ചിരുന്നല്ലോ?? കത്തെഴുതാന്‍ ഒരു ലെറ്റര്‍ പാഡുണ്ടായിരുന്നെങ്കില്‍ എത്ര നല്ലതായിരുന്നു.

ഇവിടെയെല്ലാവര്‍ക്കും വീഡിയോ ഗെയിമുണ്ട്. ഞാന്‍ മാത്രമെങ്ങനെ വെറുതെയിരിയ്ക്കും!

എന്റെ അലമാരിയില്‍ വയ്ക്കാന്‍ ഉമ്മയുടെ ഒരു ഫോട്ടോ കൂടി...


(സ്റ്റഡീ ടൈമില്‍ കത്തെഴുതിയതിന് പിടിയ്ക്കപ്പെട്ട സെയിദ്ദ് മുഹമ്മദിന്റെ ‘കുറ്റകൃത്യ‘ത്തിന്റെ തൊണ്ടിമുതല്‍. പഴയ ഒരു ബുക്കില്‍ നിന്നും 11 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെടുത്തത്)

Sunday, March 2, 2008

ദൈവവുമായ് ഒരു ധാരണ

ഒരിക്കല്‍ ദൈവം എന്നോടു പറഞ്ഞു -
“വരു, നമ്മുക്ക് നടക്കാനിറങ്ങാം.”

“ഗുരോ, ഞാന്‍ നഗ്നനാണല്ലോ,
പിന്നെയെങ്ങനെ നിന്റെയൊപ്പം...”

അപ്പോള്‍ ദൈവം ചോദിച്ചു -
“പച്ചിലകള്‍ കൂട്ടിത്തുന്നി ഞാന്‍
നിനക്ക് തന്ന കുപ്പായമെവിടെ?”

“ഗുരോ, ആ കുപ്പാ‍യം വിറ്റാണ്
സര്‍പ്പത്തില്‍ നിന്നും ഞാന്‍
പഴങ്ങള്‍ വാങ്ങിയത്.”

ദൈവം സ്വരമുയര്‍ത്തി -
“പൊടികള്‍ തിന്ന് ജീവിയ്ക്കാന്‍
ഞാന്‍ നിന്നോട് കല്പിച്ചിരുന്നു.
നീയെന്തിനാണ് പഴങ്ങള്‍ മോഹിച്ചത്?”

“ഗുരോ, പൊടികള്‍ തിന്ന് എനിക്ക്
ദഹനക്കേടുണ്ടായി.
നിന്നെപ്പോലെയാകാനാണ്
ഞാന്‍ പഴം തിന്നത്.”

ദൈവം കോപിച്ചു -
“എന്നെപ്പോലെയാകാനാഗ്രഹിച്ചതിനാല്‍
നീ ശപിക്കപ്പെട്ടവനായിരിക്കും.”

“ഗുരോ, ഞാന്‍ നിന്റെ ശാപങ്ങള്‍ക്കതീതനായ്
നന്മ തിന്മകള്‍ തിരിച്ചരിയുന്നു
പഴം എന്റെ കണ്ണ് തുറപ്പിച്ചിരിക്കുന്നു.”

ദൈവം വീണ്ടും സൌമ്യനായ് -
“നമ്മുക്കിടയില്‍ ഒരു ധാരണ ജനിപ്പിയ്ക്കാം
ഞാന്‍ ദൈവവും നീ പുരോഹിതനുമാവുക.”