Tuesday, September 2, 2008

മാവേലി നാട് വാണീടും കാലം

കരിഞ്ഞുണങ്ങിയ തുളസിത്തറയിലേയ്ക്ക്
മണ്‍കോലങ്ങള്‍ ആര്‍ത്തുവിളിച്ചു
പൂവേ പൊലി പൂവേ പൊലി

ഓര്‍മ്മകളുടെ വേലിയേറ്റമായ് കൈയ്യടിപ്പാട്ടുകള്‍
തേക്കുപാട്ടിന്റെ ഈണം മുഴുമിയ്ക്കാനാവാതെ
എന്റെ തൊണ്ടയില്‍ സ്വരമടഞ്ഞു പോയി

കടം കൊണ്ട പൈതൃകത്തിന്റെ നേരറിവില്‍
ഞാന്‍ തിരികെ വരുന്നു
ഒരു പൂക്കുട്ട മാത്രം കൈയ്യിലേന്തി

മൂളല്‍ മടുത്ത് കരിവണ്ടുകള്‍ നിശബ്ദമായി
ചിറകുകള്‍ കുഴഞ്ഞ് തുമ്പികള്‍ മടക്കവുമായി
അങ്ങിനെ ഞാനും പുഴയും തനിച്ചായി

ഇനി ചായക്കൂട്ടുകള്‍ കഴുകി കളയണോ
മേഘങ്ങള്‍ക്കും പുഴയ്ക്കും ഒരേ നിറം നല്‍കാം
ബാക്കിയെല്ലാം നിങ്ങള്‍ പങ്കുവച്ചോളു

ഇനിയാണ് പൂക്കളം തീര്‍ക്കേണ്ടത്
നേര്‍ത്ത നിലാവ് കടഞ്ഞ നേര്യത് ചുറ്റി
നീര്‍ക്കുമിളകളുടെ പട്ടുടുത്ത്

കൈതപ്പൂക്കളുടെ ഫോസിലുകള്‍ കൊണ്ടാണ്
ഞാനീ പൂക്കളം തീര്‍ക്കുന്നത്
ഇടയിലൊരല്പം വേദനയും കിനാക്കളും