Friday, October 23, 2009

മടക്കയാത്ര

അറിയിപ്പ്:
മരണം അറിയിച്ചു വന്ന ആള്‍ പറഞ്ഞു,
“നിങ്ങള്‍ തീര്‍ച്ചയായും വരണം.”
“ഞാന്‍ ഒന്നു കുളിച്ചോട്ടെ?”
“അതൊക്കെ അവിടെ ചെന്നിട്ടാകാമല്ലോ”
“ശരി പുറപ്പെടാം.”
മൌനത്തിന്റെ വിത്തുകള്‍ പാകി ഞങ്ങള്‍ യാത്രയായി.

മരണവീട്:
റാന്തലിന്റെ അരണ്ട വെളിച്ചത്തില്‍
കാഴ്ച നഷ്ടപ്പെടുന്ന ഇരുട്ടിനു മേല്‍
ഒരു വെളുത്ത തുണിക്കെട്ടായി പിതൃത്വം.
ചായക്കുട്ടുകളിളകിയ കോണിപ്പടിയരുകില്‍
അന്യമായ് വികാരങ്ങളിലൂടെ
കണ്ണിമയ്ക്കാതെ വെറുതെ കുന്തിച്ചിരിക്കുക.

സ്നാനം:
മുങ്ങി നിവര്‍ന്നപ്പോള്‍ ബാല്യമായ്
ഒരു മുങ്ങാം കുഴിയില്‍ -
ആരോഹണത്തിലെ സംഖ്യാ താളത്തിനിടയില്‍
അച്ഛന്റെ ശ്വാസമിടറുന്നതിറിഞ്ഞു ഞാന്‍.
ചെത്തി പൂവിന്റെ ഗന്ധമൂറിയ പടവുകളില്‍
ഓര്‍മ്മകള്‍ക്കു മീതെ കാച്ചെണ്ണ മണം പടര്‍ന്നു.

ശേഷക്രീയ:
നാളികേര പാതിയിലൊരു തിരിയായെരിഞ്ഞ്
എള്ളില്‍ കുതിര്‍ന്ന്, കര്‍പ്പൂര ഗന്ധമായ്
ഞാനീ ദര്‍ഭ മോതിരമണിയാം
“ഞാനീ മോതിര വിരലൊന്നു മുറുക്കെപ്പിടിക്കട്ടെ”യെന്ന്
അച്ഛന്റെ കൂടത്തിലന്നുത്സവം കണ്ടതിന്‍
പഞ്ചാരി കൊട്ടുന്നതിന്നെന്റെ നെഞ്ചില്‍

പ്രദിക്ഷണം:
സന്ധ്യ തന്‍ വേവില്‍ ഈറനായ്
ആത്മ നിന്ദയുടെ നനുത്ത വേദനകളില്‍
അര്‍ദ്ധ നഗ്ന വിലാപമായ്
വേദമോതി പകര്‍ന്നൊരഗ്നിക്കു മേല്‍
എരിഞ്ഞമര്‍ന്ന് വിശുദ്ധനാവുക
അസ്ഥിത്തറയിലന്തിത്തിരിയായ് തീരുവോളം

ശാന്തി:
മടങ്ങിയെത്തുകെന്‍ അശാന്ത ജീവനില്‍
പഴമയുടെ പതിവാ‍യ ശീലങ്ങളായ്
മാര്‍ഗ്ഗമായ്, മറ്റൊരു കാലമായ്
ഋതുക്കളില്‍ ശിശിരമായ്
എന്‍ നഗര മാലിന്യങ്ങളില്‍ ശാന്തിയാ‍യ്
ഓം ശാന്തി ശാന്തി.