Monday, December 14, 2009

സാലഭജ്ഞിക

കറുത്ത മഷിക്കുള്ളില്‍
തിളങ്ങിയ
കരിവണ്ടിന്റെ
കണ്ണുകള്‍
കാമം കടഞ്ഞ്
കാത്തുനിന്നു.

വിടര്‍ന്ന ചുണ്ടില്‍
തളിര്‍ത്ത
ശൃംഗാരച്ചിരിയില്‍
ഋതുക്കള്‍
തേന്‍ നിറച്ച്
കവിത പാടി.

ഈറനായ കാര്‍കൂന്തല്‍
ഇളംക്കാറ്റിന്റെ
താളത്തില്‍
ആലോലം
നൃത്തമാടാന്‍
ക്ഷണം തുടങ്ങി.

നിറഞ്ഞു തുളുമ്പിയ
മധുചഷകം
നിറഞ്ഞ മാറിന്റെ
മാന്‍പേടകള്‍
അമൃതമായി
പകര്‍ന്നു കാത്തു.

നാണത്തില്‍ പൊതിഞ്ഞ്
അരമണികള്‍
ആലില വയറില്‍
പതുങ്ങി
ലാസ്യത്തിന്‍
നിറമാല ചാര്‍ത്തി.

നാണം കവര്‍ന്ന്
കൊലുസ്സ്
കൊഞ്ചലിന്റെ
നഖമുനകള്‍
ചാലിച്ച്
കളം നിറച്ചു.

പച്ചില ചാര്‍ത്തില്‍
നിലാവ്
വാരിയെറിഞ്ഞ
പുതപ്പിനടിയില്‍
അവള്‍
പൂത്തു വിരിഞ്ഞു.

Friday, October 23, 2009

മടക്കയാത്ര

അറിയിപ്പ്:
മരണം അറിയിച്ചു വന്ന ആള്‍ പറഞ്ഞു,
“നിങ്ങള്‍ തീര്‍ച്ചയായും വരണം.”
“ഞാന്‍ ഒന്നു കുളിച്ചോട്ടെ?”
“അതൊക്കെ അവിടെ ചെന്നിട്ടാകാമല്ലോ”
“ശരി പുറപ്പെടാം.”
മൌനത്തിന്റെ വിത്തുകള്‍ പാകി ഞങ്ങള്‍ യാത്രയായി.

മരണവീട്:
റാന്തലിന്റെ അരണ്ട വെളിച്ചത്തില്‍
കാഴ്ച നഷ്ടപ്പെടുന്ന ഇരുട്ടിനു മേല്‍
ഒരു വെളുത്ത തുണിക്കെട്ടായി പിതൃത്വം.
ചായക്കുട്ടുകളിളകിയ കോണിപ്പടിയരുകില്‍
അന്യമായ് വികാരങ്ങളിലൂടെ
കണ്ണിമയ്ക്കാതെ വെറുതെ കുന്തിച്ചിരിക്കുക.

സ്നാനം:
മുങ്ങി നിവര്‍ന്നപ്പോള്‍ ബാല്യമായ്
ഒരു മുങ്ങാം കുഴിയില്‍ -
ആരോഹണത്തിലെ സംഖ്യാ താളത്തിനിടയില്‍
അച്ഛന്റെ ശ്വാസമിടറുന്നതിറിഞ്ഞു ഞാന്‍.
ചെത്തി പൂവിന്റെ ഗന്ധമൂറിയ പടവുകളില്‍
ഓര്‍മ്മകള്‍ക്കു മീതെ കാച്ചെണ്ണ മണം പടര്‍ന്നു.

ശേഷക്രീയ:
നാളികേര പാതിയിലൊരു തിരിയായെരിഞ്ഞ്
എള്ളില്‍ കുതിര്‍ന്ന്, കര്‍പ്പൂര ഗന്ധമായ്
ഞാനീ ദര്‍ഭ മോതിരമണിയാം
“ഞാനീ മോതിര വിരലൊന്നു മുറുക്കെപ്പിടിക്കട്ടെ”യെന്ന്
അച്ഛന്റെ കൂടത്തിലന്നുത്സവം കണ്ടതിന്‍
പഞ്ചാരി കൊട്ടുന്നതിന്നെന്റെ നെഞ്ചില്‍

പ്രദിക്ഷണം:
സന്ധ്യ തന്‍ വേവില്‍ ഈറനായ്
ആത്മ നിന്ദയുടെ നനുത്ത വേദനകളില്‍
അര്‍ദ്ധ നഗ്ന വിലാപമായ്
വേദമോതി പകര്‍ന്നൊരഗ്നിക്കു മേല്‍
എരിഞ്ഞമര്‍ന്ന് വിശുദ്ധനാവുക
അസ്ഥിത്തറയിലന്തിത്തിരിയായ് തീരുവോളം

ശാന്തി:
മടങ്ങിയെത്തുകെന്‍ അശാന്ത ജീവനില്‍
പഴമയുടെ പതിവാ‍യ ശീലങ്ങളായ്
മാര്‍ഗ്ഗമായ്, മറ്റൊരു കാലമായ്
ഋതുക്കളില്‍ ശിശിരമായ്
എന്‍ നഗര മാലിന്യങ്ങളില്‍ ശാന്തിയാ‍യ്
ഓം ശാന്തി ശാന്തി.

Saturday, October 3, 2009

പോളണ്ടിന്റെ സമവാക്യങ്ങള്‍

യുത്രോവിന്റെ ദുര്യോഗമായിരുന്നു പരിചയപ്പെടുന്ന വ്യക്തികള്‍ക്ക് തന്റെ പോളീഷ് സുഹൃത്തുക്കളുമായി സാദൃശ്യം തോന്നുക എന്നത്. എന്നെ പരിചയപ്പെട്ട മാത്രയില്‍ യുത്രോവ് ഞാന്‍ അദ്ദേഹത്തിന്റെ സതീര്‍ഥ്യന്‍ അലക്സാഡ്രിയ ആണെന്ന് ധരിച്ചു. അലക്സാഡ്രിയ അല്പം കൂടി വെളുത്തിട്ടാണ്. എങ്കിലും യുത്രോവിന് സംശയം ബാക്കി. ഇലമെണ്ട്രിയില്‍ ഏറ്റവും പിന്നിലെ ബഞ്ചിലിരുന്ന അലക്സാഡിയ തന്നെയോ ഞാന്‍. അതോ അവന്റെ അടുത്ത ബന്ധുവെങ്കിലും. കഴിഞ്ഞ ദിവസവും യുത്രോവിന് ഇതു തന്നെ സംഭവിച്ചു. താന്‍ കണ്ടൊരു സായിപ്പ്. അയാള്‍ തന്റെ പോളീഷ് അയല്‍ക്കാരന്‍ തന്നെ. യാതൊരു ശങ്കയുമില്ലാതെ യുത്രോവ് സായിപ്പിനെ ‘കരോള്‍, താങ്കള്‍ക്ക് സുഖം തന്നെയല്ലെ?’യെന്ന് ചോദിച്ചു. അമ്പരന്നു പോയി സായിപ്പ്.
‘കരോള്‍! നിങ്ങള്‍ക്ക് ആള് മാറി സുഹൃത്തേ.’
‘നിങ്ങള്‍ എന്നെ അയല്‍വാസി കരോളിനെപോലിരിക്കുന്നു. നിങ്ങള്‍ക്ക് തീര്‍ച്ചയായും പോളണ്ടില്‍ ഒരു ബന്ധുവുണ്ടായിരിക്കും’
‘ഹെയ്യ്, അസംബന്ധം. ഞാന്‍ തനി വെള്ളക്കാരന്‍.’
യുത്രോവ് പിന്‍പോക്കറ്റില്‍ നിന്നും വാലറ്റെടുത്ത് തന്റെ അയല്‍ക്കാരന്റെ ഫോട്ടോ നീട്ടി.
‘ഇതു കൊള്ളാമല്ലോ, എനിക്കൊരു അനന്തവരനുണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയാ‍യും ഇതുപോലിരുന്നെനെ...’ സായിപ്പ് വെളുക്കെ ചിരിച്ചു.
യുത്രോവിന് ഒരു വല്ലാത്ത പന്തികേട് തോന്നി. ഇതൊരു വല്ലാത്ത പൊല്ലാപ്പ് തന്നെ.

മൈലുകളോളം ഭൂമിയ്ക്കടില്‍ കല്‍ക്കരിക്കെട്ടുകളുമായ് മല്ലിടുമ്പോള്‍ പോലും തോന്നിയിട്ടില്ലാത്ത ഒരു അസ്ഥസ്‌ത‌ത യുത്രോവിനെ ബാധിച്ചു. പോളണ്ടിലെ ഒരു ഖനിത്തൊഴിലാളിയുടെ വളരെ ലളിതവും സാധാരണവുമായ ജീവിതത്തിലൂടെ യുത്രോവ് തന്റെ സ്പനങ്ങള്‍ നെയ്തു. വരുമാനം തുച്ചമെങ്കിലും യുത്രോവും ഭാര്യയും സന്തോഷം പകുത്ത് ജീവിച്ചു. കല്‍ക്കരി മണം കഴുകിക്കളഞ്ഞാല്‍ യുത്രോവ് സന്തോഷവാനായ കുടുംബനാഥനായി. കളിയും ചിരിയുമായ് നീങ്ങിയ ജീവിതത്തിന്റെ മധുരം ഇരട്ടിയാക്കി ഒരു കുഞ്ഞിക്കാലിന്റെ പെണ്‍ചിരി അയാളുടെ ചെറുവീടിന്റെ സംഗീതമായി. ഭൂമിക്കടിയിലെ അനന്തമായ കല്‍ക്കരി നിധിപോലെ അയാളുടെ ജീവിതം സന്തോഷത്തിന്റെ സ്വര്‍ണ്ണഖനിയായി.

പക്ഷേ ആഴത്തില്‍ കുഴിച്ചെടുക്കാന്‍ ആ ഖനിയില്‍ നിധിയിരുപ്പില്ലെന്ന് അറിഞ്ഞ ദിവസമാണ് യുത്രോവ് ജീവിതത്തിന്റെ മുന്നില്‍ പകച്ചിരുന്നുപോയത്. പോളണ്ടിന്റെ സാമ്പത്തികാരക്ഷിതാവസ്ഥയില്‍ ഖനിയടച്ച് തൊഴിലാളികളെ പിരിച്ചുവിട്ട് ഖനിയുടമകള്‍ തങ്ങളുടെ സാമ്പത്തികനില വഷളാകാതെ നോക്കി. അടിക്കടി യുത്രോവിന്റെ ജീവിതം വഷളാകുകയും ചെയ്തു.മനോനില തകര്‍ന്ന യുത്രോവിന്റെ ജീവിതം പിന്നെ നയിച്ചത് അയാളുടെ ഭാര്യയുടെ സമ്പാദ്യമായി. എങ്കിലും എത്ര നാള്‍! ഭാര്യയുടെ ചിലവില്‍ കഴിയുന്നത് കുറച്ചിലല്ലേ. അയാള്‍ കുടിയേറ്റക്കാരന്റെ വേദനയേറ്റു വാങ്ങിയ തന്റെ കഥ പറഞ്ഞവസാനിപ്പിച്ചു.

‘യുത്രോവ് എനിക്ക് താങ്ങളെ ഇഷ്ടമായി. താങ്കള്‍ ഒരു ശുദ്ധന്‍ തന്നെ. ഇവിടെ താങ്കള്‍ ഏകനല്ല, നോക്കു താങ്കളെപ്പോലെ തന്നെ ജോലി തേടിയെത്തിയ ഈ പെണ്‍കുട്ടികള്‍. അവര്‍ക്കുമിണ്ടാകില്ലേ ഒരോ കഥകള്‍. ഒന്ന് പറയാതെ വയ്യ, പോളീഷ് പെണ്‍കുട്ടികള്‍ സുന്ദരികള്‍ തന്നെ!’
ശാന്തനായിരുന്ന യുത്രോവിന്റെ മുഖം വലിഞ്ഞുമുറുകി.
‘പോളണ്ടിനെക്കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം?’ തന്റെ സ്വരം അല്പം പരുഷമായെന്ന് തോന്നിയ യുത്രോവ് മെല്ലെ പറഞ്ഞു.
‘നിങ്ങള്‍ ഒരല്പം മുമ്പ് പറഞ്ഞില്ലെ. ഇവരൊന്നും പോളീഷല്ല. എല്ലാം സങ്കരമാണ്. സങ്കരസൌന്ദര്യം!” യുത്രോവിന്റെ സ്വരത്തില്‍ പുച്ഛമടങ്ങിയിരുന്നു.
‘പോളണ്ടിന് തനതെന്ന് പറായാന്‍ ഒന്നേയുള്ളു.പോളീഷ് ഭാഷ! ബാക്കിയൊന്നും പോളണ്ടിതായില്ല. ഈ ഞാന്‍ പോലും പോളണ്ടിലേയ്ക്ക് കുടിയേറിയതാണ്. എന്റെ അപ്പനപ്പുപ്പന്മാര്‍ ജെര്‍മ്മന്‍കാരായിരുന്നു. എന്നിട്ടിപ്പോള്‍ ഞാന്‍ വെള്ളക്കാരനു വേണ്ടി പണിയെടുക്കുന്നു. അതും യാതൊരു ഉറപ്പുമില്ലാത്ത പണി... അവര്‍ക്ക് ഞങ്ങളോട് പുച്ഛമാണ്. ഇക്കഴിഞ്ഞ ദിവസം ഒരുത്തന്‍ ഞങ്ങളൊക്കെ തിരികെ പോകണമെന്ന് പറഞ്ഞു. ഞങ്ങള്‍ക്കും ജീവിയ്ക്കേണ്ടേ? നിങ്ങള്‍ക്കറിയാമോ ഞാനെന്തിന് ഇവിടെയെന്ന്? എനിക്ക് പോളണ്ടില്‍ പണിയില്ല. പിന്നെ അവളുടെ ചിലവില്‍ കഴിയാനും വയ്യ.’
‘ജീവിതമല്ലേ യുത്രോവ്... താങ്ങളുടെ ചിലവില്‍ ഭാര്യ കഴിഞ്ഞതുപോലെ... അവര്‍ നിങ്ങള്‍ക്കായ് ചെയ്യുന്നു... അങ്ങിനെ കരുതു...’
യുത്രോവിന്റെ മുഖം വല്ലാതെ ചുവന്നു. അയാള്‍ വല്ലാതെ അസ്ഥസ്തനായി.
‘താങ്ങളെ ഞാന്‍ അസ്ഥസ്തനാക്കിയെങ്കില്‍ എന്നോട് ക്ഷമിക്കു. ഇതൊക്കെ ജീവിതത്തിന്റെ ഭാഗമല്ലേ?’
‘ഹെയ് അങ്ങിനൊന്നുമില്ല. ജീവിതത്തിന്റെ പാതി ഞാന്‍ ഭൂമിയ്ക്കടിയിലായിരുന്നു. ഇരുളിന്റെ കല്‍ക്കരി ഭിത്തികള്‍ക്കിടയില്‍ നിന്നും ഞാ‍ന്‍ ജീവിതത്തിന്റെ വെളിച്ചം കൊത്തിയെടുത്തു. ഇപ്പോള്‍ അവള്‍ പറയുന്നു എനിക്ക് ഉന്മാദമാണെന്ന്. ചിലപ്പോള്‍ ആയിരിക്കണം. വ്യഭിചാരത്തിന്റെ പങ്കു പറ്റാതെ ഓടിപ്പോന്ന എനിക്ക് ഉന്മാദമായിക്കണം.’
എനിക്കൊന്നും പറയാനാകുന്നതിന് മുമ്പ് യുത്രോവ് പെട്ടന്ന് തിരിഞ്ഞു നടന്നു. നേര്‍ത്ത മഞ്ഞു പൊഴിഞ്ഞു തുടങ്ങി. അകലെ യുത്രോവ് മറയുന്നത് വരെ ഞാന്‍ കാത്തു നിന്നു.

Sunday, August 16, 2009

ജന്മാന്തര യാത്ര

കഴിഞ്ഞ ജന്മത്തിലൊരു
പെണ്ണായിരുന്നെന്ന്
തിരിയുന്ന ഗോളം
കാതില്‍ മൊഴിഞ്ഞു

പെറ്റതില്‍ എട്ടിനെം
മുലയൂട്ടി വലുതാക്കി
വലിയൊരു നാടിന്റെ
നട്ടെല്ലാക്കി

മാന്ത്രിക ഗോളത്തിന്‍
കുടുക്കഴിച്ചാ ഭൂതകാലത്തിന്‍
കാണാക്കയത്തിലേയ്ക്ക്
ഒലിച്ചിറഞ്ഞി

ഇവിടെയിനി ശേഷിപ്പതവരുടെ
കല്പ്രതിമകള്‍ മാത്രം
ശേഷിപ്പിലവശേഷിക്കുമോ
കാലത്തിന്‍ തുടുപ്പുകള്‍

നെഞ്ചകം ചേര്‍ത്തെന്റെ
മക്കളെ പുല്‍കുമ്പോള്‍
നിറഞ്ഞു തുളുമ്പിയെന്‍
മാറത്തെ വാത്സ്യല്യം

ഒടുവിലൊരു
കുന്നിന്റെ ചെരുവിലായ്
കാറ്റിന്റെ മറവിലായ്
ഞാനെന്നെയും കണ്ടെടുത്തു

പ്രേത ഭൂമിയ്ക്കരുകിലൊരു
മാളത്തിലന്യമാം രൂപത്തി-
ലമ്മയെ വാര്‍ത്തുയര്‍ത്തി
അവരെന്റെ ജന്മം മോക്ഷമാക്കി

Saturday, July 25, 2009

മെറ്റമോര്‍ഫൊസിസ്

അറബിക്കാറ്റിന്റെ ചൂടില്‍ നിന്നും ഞാനകന്നിട്ട് ഒന്നര വര്‍ഷമാകുന്നു. നാടിന്റെ കുളിര്‍മ്മയില്‍ ആ കാലം കടന്നതേയറിഞ്ഞില്ല.
ഇനി പുതിയൊരു പരീക്ഷണമാണ്. ഇംഗ്ലണ്ടിന്റെ ഗ്രാമഭംഗി നിറഞ്ഞു നില്‍ക്കുന്ന അക്രിന്‍ണ്ടനില്‍. നനുനനെ പെയ്യുന്ന മഴയില്‍ കുടയൊന്നുമില്ലാതെ, തണുത്ത കാറ്റിനെ വക വയ്ക്കാതെ ചുറ്റിയടിക്കാന്‍ ഞാനും പഠിച്ചു. ഇനിയും പാഠങള്‍ ബാക്കി...