Wednesday, December 26, 2007

ബാ ബാ ബ്ലാക്ക് ഷീപ്പ്

ബാ ബാ ബ്ലാക്ക് ഷീപ്പ്
ഹാവ് യു എനി ബ്ലോഗ്?

യെസ് സാര്‍ യെസ് സാര്‍
ത്രീ ബ്ലോഗ്സ് ഫുള്‍.

വണ്‍ ഫോര്‍ മൈ മാറ്റേഴ്സ് ആന്‍ഡ്
വണ്‍ ഫോര്‍ മൈ ഫെയിം (ഷെയിം!)

വണ്‍ ഫോര്‍ ദ കമന്റിസ് ഹു
ബ്രേക്ക് ഡൌണ്‍ മൈ ലെഗ്.

ബ്ലാ.. ബ്ലാ... ബ്ലോഗ്!

Sunday, December 23, 2007

പിറവി

ധനുവിന്റെ
കുളിരിനു
കൂട്ടായ്
രാവിന്റെ
മാറില്‍
നക്ഷത്രങ്ങള്‍
വിരുന്നിരുന്നു

പൈക്കളുടെ
വൈക്കോല്‍
മോഷ്ടിച്ച്
മോടിയാക്കിയ
കൂടിനുമേല്‍
ദീപക്കാഴ്ചകള്‍
മിഴി തുറന്നു

മലയിടുക്കില്‍
ആട്ടവും
പാട്ടും
ആരവങ്ങളും
ആട്ടിടയന്റെ
ജീവതാളമായ്
ഒഴുകിയെത്തി


ഇരുളിന്റെ
വേദനയില്‍
വെളിച്ചത്തിന്റെ
പിറവി
ഏറ്റ് വാങ്ങി
രാത്രി
കോരിത്തരിച്ചു

ആകാശത്ത്
മാലാഖമാര്‍
അടക്കം പറഞ്ഞു
‘രാത്രിയില്‍
വിടരുന്ന
പൂക്കള്‍ക്ക്
ശുഭ്രസുഗന്ധമാണ്’


(ഏല്ലാവര്‍ക്കും ക്രിസ്തുമസ്സ് ആശംസകള്‍)

Saturday, December 15, 2007

വേരുകള്‍

ആഘോഷങ്ങളുടെ ഒടുവില്‍ കനലുകളില്‍ ബാക്കിയായ ചൂടിലെയ്ക്ക് ചേര്‍ന്നിരുന്ന് അയാള്‍ ഒരു സിഗാര്‍ കൂടി കത്തിച്ച് പുകയൂതി. പിന്നെ പാതിയായിരുന്ന ഗ്ലാസ് കൈയ്യിലെടുത്തു. എരിഞ്ഞടങ്ങുന്ന കനലുകളിലെയ്ക്ക് നോക്കിയിരിക്കവെ അവിചാരിതമായി തന്റെ ഭൂതകാ‍ലത്തിലേയ്ക്ക് അയാള്‍ കുപ്പുകുത്തി. രാമചന്ദ്രനെന്ന അയാള്‍ വീടും നാടും വിട്ടോടുന്നതും ബോംബെയിലെ തെരുവുകളില്‍ അലഞ്ഞൊടുവില്‍ രാംചന്ദാകുന്നതും, പിന്നെ ഹെന്‍ഡ്രി സുക്കോലയെ പരിചയപ്പെടുന്നതും, സുക്കോലയൊടൊപ്പം ആഫ്രിക്കയിലെത്തുന്നതും ഒടുവില്‍ ഈ കാപ്പിരികളുടെ റംചയാകുന്നതും. വിചിത്രമായ തന്റെ നാമപരിണാമത്തെക്കുറിച്ച് അയാള്‍ക്ക് അത്ഭുതം തോന്നി. പെട്ടന്ന് ഒരു വെളിപാടിലെന്ന പോലെ അയാള്‍ എഴുന്നേറ്റ് നിന്ന് ഉച്ചത്തില്‍ അലറി. “ഐ മസ്റ്റ് ഗോ ബ്യാക്ക്. ബ്യാക്ക് റ്റു മൈ ഹോം.”
പെട്ടന്ന് ചുറ്റും നിശബ്ദമായി. അയാള്‍ വേച്ച് വീഴുമെന്നായപ്പോള്‍ ലാറ സുക്കോല ഓടിയെത്തി അയാളെ താങ്ങി. “ഓ മൈ റംച! വാട്ട് ഹാപ്പന്‍ഡ്?“ അവള്‍ അയാളെ വട്ടം പിടിച്ചു. അവളുടെ പിടുത്തത്തില്‍ നിന്നും കുതറി അയാള്‍ പറഞ്ഞുകൊണ്ടെയിരുന്നു. “ഐ മസ്റ്റ് ഗോ! യെസ്... ഐ മസ്റ്റ് ഗോ.”

പിറ്റേന്ന് ലാറയെത്തുമ്പോള്‍ തന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് അയാള്‍ അവളെ അറിയിച്ചു. അവളുടെ കണ്ണുകള്‍ നിറയുന്നത് അയാള്‍ കണ്ടില്ലെന്നു നടിച്ചു. പിന്നെ അയാളുടെ മുറി അലങ്കരിച്ചിരുന്ന ചെറുതും വലുതുമായ ശില്പങ്ങള്‍ വലിയൊരു പെട്ടിയിലെയ്ക്ക് അടുക്കി. അയാളുടെ ഏറ്റവും പ്രിയപ്പെട്ട സമ്പാദ്യങ്ങളായിരുന്നു ഇരുണ്ട നിറമുള്ള ആഫ്രിക്കന്‍ ശില്പങ്ങള്‍. അവള്‍ നിശബ്ദയായി അയാളെ സഹായിച്ചു കൊണ്ടിരുന്നു. ഇടയ്ക്ക് മൌനം ഭേദിച്ച് അവളുടെ തേങ്ങലുകള്‍ ഉയര്‍ന്നു.
******
വളവ് തിരിഞ്ഞ് കാര്‍ നിന്നു. മുന്നോട്ട് കാറില്‍ നിന്നുള്ള പ്രകാശത്തില്‍ കുറച്ചകലെ ഒരാള്‍ നില്‍ക്കുന്നത് കാണാം. അയാള്‍ തിരിഞ്ഞ് കാറിനടുത്തേയ്ക്ക് വന്നു.
“ആരാ?”
“വടക്കെപാട്ടെ വീടന്നേഷിച്ചാ. ഇവിടടുത്താണോ ചേട്ടാ?” ഡ്രൈവറാണ് മറുപടി പറഞ്ഞത്.
“ഇവിടെ തന്നെ. ഞാനങ്ങോട്ടാ‍ക്കാം.”
ടാക്സി പറഞ്ഞയച്ച് രാ‍മചന്ദ്രന്‍ പെട്ടി കൈയിലെടുത്തു.
“അമ്മിണിയമ്മെനെ തെരഞ്ഞാവും അല്ലെ? പെരോന്തോന്നാ പറഞ്ഞെ?”
“ഞാന്‍...” ഏത് പേരാണ് ഇയാളൊട് പറയെണ്ടത്. വല്ലാത്തൊരു ഐഡന്‍ഡിറ്റി ക്രൈസിസ്സ്. പിന്നെ രാമചന്ദ്രന്‍ വെറുതെ ചിരിച്ചു. ഉത്തരത്തിന് കാത്ത് നില്‍ക്കാതെ അയാള്‍ തുടര്‍ന്നു ചോദിച്ചു. “ദൂരെന്നാവും അല്ലെ? മുമ്പിവിടെ കണ്ടിട്ടില്ല?” അതിന് മറുപടിയായി രാമചന്ദ്രന്‍ ഒന്ന് മൂളുക മാത്രം ചെയ്തു.

കട്ടപിടിച്ച ഇരുട്ടിലൂടെ ടോര്‍ച്ചുമായ് അയാള്‍ മുന്നെ നീങ്ങി. അയാളൊടൊപ്പം നടന്ന് വടക്കെപ്പാട്ടെ പടിപ്പുര കടന്നു. വരാന്തയില്‍ കരിപിടിച്ച ഒരു റാന്തല്‍ മിന്നി നിന്നു. അയാള്‍ കുനിഞ്ഞ് റാന്തലിന്റെ തിരിയുയര്‍ത്തി. പിന്നെ അകത്തേയ്ക്ക് നീട്ടി വിളിച്ചു. “ദേയ്... ഒന്നിപ്പ്‌റം വരിക.”
“ആരാ...? ഗോവിന്ദനാ...? എന്തായീനേരത്ത്?”
“ഒരാള് വന്നിരിക്കണ്. ദുരെന്നാ. അറിയൊന്ന് നോക്ക്.”
മെല്ലിച്ച് കുനിഞ്ഞ ഒരു സ്ത്രീ പുറത്തേയ്ക്ക് വന്നു. “ആരാ? മനസ്സിലായില്യാ.” അവര്‍ വിളക്കെടുത്ത് മെല്ലെ നിവര്‍ന്നു, “ഇവിടെങ്ങും കണ്ടിട്ടില്ലാലോ?”
“ഞാന്‍... ഞാന്‍ രാമന്‍... രാമചന്ദ്രന്‍... ”
അവിശ്വസനീയ എന്തോ കേട്ട പോലെ ഒരു നിമിഷം അവര്‍ തരിച്ചുനിന്നു. പിന്നെ അവരുടെ കണ്ണില്‍ ഒരു തിളക്കം പ്രത്യക്ഷപ്പെട്ടു. വിളക്കു താഴെ വച്ച് മുന്നോട്ട് നീങ്ങി രാമചന്ദ്രന്റെ രണ്ടു കൈകളിലും കടന്നു പിടിച്ചു.
“ഈശ്വരന്മാരെ... എത്ര കാലായിരിക്കണൂ, കാണുന്ന് തന്നെ നിരീച്ചില്ലാല്ലോ? ഗോവിന്ദാ, മനസ്സിലായില്ലെ? നമ്മടെ രാമന്‍. ന്റെ കല്യാണിടെ കുട്ടി. ന്നാലും ഓള്‍ക്ക് കാണാന്‍ വിധിയൊണ്ടായില്ലല്ലോ?” ആ വൃദ്ധയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. രാമചന്ദ്രന്‍ അവരുടെ ചുമലില്‍ സ്നേഹത്തോടെ തലോടി. അവര്‍ നിവര്‍ന്ന് അയാളുടെ മുഖത്തേയ്ക്ക് തന്നെ നോക്കി നിന്നു.
“കഥയൊക്കെ കേട്ടിട്ടുണ്ട്. തിരികെ വരാന്‍ തോന്നിയല്ലോ, നന്നായി. ന്നാ ഞാന്‍ അങ്ങോട്ട്? രാത്രില് യാത്രയില്ല.” ഗോവിന്ദന്‍ നടന്നകന്നു. അയാളുടെ കൈയ്യിലെ വെളിച്ചം ആടിയുലഞ്ഞ് അപ്രത്യക്ഷമായി.
“ന്റെ കല്യാണി... ചികിത്സിക്കാത്ത വൈദ്യന്മാരില്ല. നിന്റെ അച്ഛന്‍ എത്ര കാശ് ചെലവാക്കിന്നറിയ്യോ? പക്ഷേ അയാള്‍ക്കും യോഗൊണ്ടായില്യ. എന്റെ കല്യാണിയെ തനിച്ചാക്കിണ്ട് അയാളും പോയില്ലെ.” കുറെ നേരം ഏതോ ഓര്‍മ്മകളില്‍ ലയിച്ച ശേഷം ഒരു ദീര്‍ഘനിശ്വാസത്തോടെ അവര്‍ തുടര്‍ന്നു. “നിന്നെ വല്യ സ്നേഹാരുന്നൂ. പക്ഷേങ്കി അത് കാണിക്കാനറിയില്ലാരുന്ന് ആ പാവത്തിന്. നീന്നെ കാണാതായതു മുതല് വല്ലാത്തോരു വെഷമാരുന്നൂ. അത് പിന്നെ മരിക്കണെ വരെ...” അവരുടെ തൊണ്ടയിടറി. “പിന്നെ രണ്ട് കൊല്ലം കൂടിയെ കല്യാണി കെടന്നൊള്ളൂ. നീ വരൂന്ന് തന്നെയാ അവസാനം വരെ അവള് പറഞ്ഞൊട്ടിരുന്നെ. ഏല്ലാം കഴിഞ്ഞു... ദാ ഈ വൃശ്ചികത്തി ഒരാണ്ട് തികയും... ജാതകദോഷം! അല്ലാണ്ടിപ്പം എന്താ പറയ്ക്.”

വരാന്തയിലെ ചാരുകസേരയിലെയ്ക്ക് അയാള്‍ മലര്‍ന്നു. രാത്രിയില്‍ അയാള്‍‌ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ഓരോ സിഗരറ്റിനോടൊപ്പം അയാളും എരിഞ്ഞുകൊണ്ടിരുന്നു. രാവിലെ ചായയുമായി ഒരു പെണ്‍കുട്ടി അയാളുടെ മുന്നില്‍ പ്രത്ക്ഷപ്പെട്ടു. അവള്‍ അയാളെയും അയാള്‍ അവളെയും അത്ഭുതത്തോടെ നോക്കി നില്‍ക്കുമ്പോള്‍ അമ്മിണിയമ്മ പുറത്തേയ്ക്ക് വന്നു.
“ന്നെ സഹായിക്കാന്‍ വരുന്നോളാ. നല്ല കുട്ടിയാ. ഏല്ലാ പണീം ചെയ്യും. ദിവസോം നിന്റെ അച്ഛനും കല്യാണിക്കും വെളക്ക് വെക്കണതും ഓളാ. പിന്നെയെ രാമാ... അപ്പുറത്തേയ്ക്ക് ഒന്ന് പോകെണ്ടെ?”
“ഉം..” രാത്രി മുഴുവന്‍ അയാള്‍ ആലോചിച്ചുരുന്ന കാര്യമായിരുന്നു അത്.
“ല്ലാം ഒര് വകയായ്... അങ്ങ്‌ട്ട് ആരും കേറാറില്ല. സന്ധ്യക്ക് ഇവള് പോകും. വെളക്ക് വെയ്ക്കും.”

അയാള്‍ ചായ കുടിച്ച് ഗ്ലാസ്സ് തിരികെ കൊടുത്ത് മുറ്റത്തേയ്ക്ക് നടന്നു. തൊടിയിലൂടെ നടന്ന് താഴേയ്ക്കിറങ്ങി. അയാളുടെ വീടിന്റെ പടിപ്പുര അകലെ നിന്ന് കാണാം. അയാള്‍ മെല്ലെ അകത്തേയ്ക്ക് കടന്നു. താന്‍ സ്ക്കുളില്‍ നിന്നും വരുമ്പോള്‍ വീടാകെ നിറഞ്ഞു നിന്നിരുന്ന മരുന്നിന്റെയും എണ്ണയുടെയും അതേ ഗന്ധം പരിസരമാകെ തങ്ങിനില്‍ക്കുന്നുണ്ടെന്ന് അയാള്‍ക്ക് തോന്നി. പടിപ്പുര കടന്നാല്‍ ജാനുവിന്റെ വിളി കേള്‍ക്കാം. വാല്യക്കാരി ജാനുവിന്റെ വിളിക്കായ് അയാള്‍ വെറുതെ കാതോര്‍ത്തു. ‘രാമാ... കാലും മൊഖൊം കഴുകി പോന്നോളുട്ടോ.‘ ജാനു വിളിയ്ക്കുന്നുണ്ട്. അയാള്‍ അടുക്കളയിലെയ്ക്ക് കടന്നു. നിറം മങ്ങിയ ഭിത്തിയില്‍ മാറാല പിടിച്ച ഒരു പഴയ കലണ്ടര്‍. കരിപുരണ്ട അലമാരകള്‍. ചിതറിക്കിടക്കുന്ന പാത്രങ്ങള്‍. ഇടയില്‍ ചിരിതൂകി ജാനു നിള്‍ക്കുന്നതു പോലെ അയാള്‍ക്ക് തോന്നി. അയാള്‍ പുറത്തേയ്ക്ക് കടന്നു. വരാന്തയില്‍ എണ്ണയുടെയും കുഴമ്പിന്റെയും കുപ്പികള്‍ അടുക്കിവച്ചിരിക്കുന്നു. അവയ്ക്ക് മീതെ അച്ഛന്‍ ഉയര്‍ന്ന് നിന്ന് ശപിച്ചു. “നാശം! ഇവന്റെ തല കണ്ട അന്ന് തൊടങ്ങീതാ‘. പിന്നെയമ്മയുടെ സ്നേഹത്തോടെയുള്ള നോട്ടങ്ങള്‍. ചെറിയ അടക്കം പറച്ചിലുകള്‍. അച്ഛനോടുള്ള ശാസനകള്‍. എല്ലാം അയാ‍ള്‍ക്ക് മുന്നില്‍ തെളിഞ്ഞു വന്നു. മുറ്റത്ത് പടര്‍ന്നു കയറിയ വള്ളിച്ചെടികള്‍ വരാന്തയിലെക്ക് എത്തിത്തുടങ്ങിയിരിക്കുന്നു. വലുതായ മാറ്റങ്ങളൊന്നും അയാള്‍ക്ക് തോന്നിയില്ല. എട്ടാം ക്ലാസ്സില്‍ താന്‍ ഉപേക്ഷിച്ചോടിയ വീടിന്റെ മുറികളോരോന്നും കയറിയിറങ്ങി അയാള്‍ ഗതകാലത്തിന്റെ ഓര്‍മ്മകളിലെയ്ക്ക് കടന്നു.

പിന്നെ പുറത്തു കടന്ന് തൊടിയിലൊക്കെയും ചുറ്റി നടന്നു. തൊടിയുടെ കോണില്‍ എണ്ണക്കറപുരണ്ട രണ്ടു കരിങ്കല്‍ തൂണുകള്‍. സുക്കോലയുടെ വീട്ടില്‍ അയാളുടെ മുറി അലങ്കരിച്ചിരുന്ന രണ്ട് കറുത്ത ശില്പങ്ങള്‍ പോലെ.
“അമ്മ അന്വേഷിക്കുന്നു.” പിന്നില്‍ നിന്നും പെണ്‍കുട്ടി വിളിച്ചു.
“പൊയ്ക്കോളു. ഞാന്‍ വന്നേയ്ക്കാം” അയാള്‍ അവളെ മടക്കിയയച്ചു.

അവള്‍ നടന്നകന്നപ്പോള്‍ അയാള്‍ ആ കല്ലുകള്‍ ഇളക്കിയെടുത്തു. പിന്നെ ഓരോന്നായി താങ്ങിയെടുത്ത് വീടിനകത്തേയ്ക്ക് കൊണ്ടു വന്നു. ഒരു പഴയ മേശപ്പുറത്ത് അവ കയറ്റി വച്ച് അയാള്‍ താഴെയിരുന്നു. ഓടിന്റെ വിടവിലൂടെ അരിച്ചിറങ്ങിയ പ്രകാശത്തില്‍ പൊടിപടലങ്ങള്‍ പറന്നുയരുന്നത് നോക്കി അയാള്‍ കിടന്നു. പിന്നെ മുറിയിലാകെ എണ്ണയുടെ ഗന്ധം നിറഞ്ഞു. ആ ഗന്ധത്തിലലിഞ്ഞ് അയാള്‍ ശാന്തമായി ഉറങ്ങി.

Tuesday, December 11, 2007

ഒരു കവി കൂടി

കേട്ടെഴുതി പാട്ടെഴുതി
പിന്നെ കുറെ കട്ടെഴുതി
മലകളെക്കുറിച്ചും
മുലകളെക്കുറിച്ചും
എഴുതിത്തകര്‍പ്പന്‍ കവിയായി
വാഹ്! വാഹ്! വാഹിന്നിടയില്‍
പകുതി പഴുത്തു
പകുതി പുഴുത്തു
പല പല സദസ്സില്‍
കൈയടി വാങ്ങി
കൂടെ പല പല മെതിയടീം
പിന്നൊരു കൂട്ടര്‍ പട്ടണിയിച്ചു
മറ്റൊരു കൂട്ടര്‍ പട്ടടയണീച്ചു.

Saturday, December 8, 2007

മരണമൊഴി

അകലെയൊരു കാറ്റിന്റെ
രോദനത്തിലലിഞ്ഞുറവ-
പൊട്ടിയ നോവിനാല്‍
‍ലാളിച്ചെഴുതിയെന്‍ മരണമൊഴി.

ശിശിരങ്ങള്‍ തേടിയലഞ്ഞ
യാത്രകള്‍ക്കൊടുക്കമായ്
ഓര്‍മ്മതന്‍ ശാപം നിറഞ്ഞോരിട-
നാഴികളില്‍ കൊഴിഞ്ഞ
ദളങ്ങളും ബാക്കിയായ്.

വികൃതാനുകരണങ്ങളില്‍
‍നിറഞ്ഞാടിത്തകര്‍ത്തോരു
വേഷഭുഷാദികളൊക്കെയും
അഴിച്ചെറിഞ്ഞസ്തിത്വമറിവിനാല്‍
‍ആഴമളക്കാനുറച്ചാദ്യമായ്
ജീവിതം നെഞ്ചോട് ചേര്‍ത്തു.

ഉറുമ്പുകളരിയ്ക്കാത്ത
ലോകത്തിലേയ്ക്കുളിയിട്ടാര്‍ദ്രമാം
മടിത്തട്ടിന്റെയാശ്ലേഷത്തിലമര്‍ന്നാ-
സുഖനിദ്രയിലാണ്ടപ്പോഴകലെ
രക്തം കലരാത്ത വായുവില്‍
മരണത്തിന്റെ മണം പേറുന്ന
പൂക്കള്‍ മാത്രമവശേഷിച്ചു.

Tuesday, December 4, 2007

പല്ലിമൊട്ടായി

പാപ്പി എഴുന്നേറ്റ് നേരെ പോയത് അടുക്കളെലെയ്ക്കാണ്. അവിടെ അവന്റപ്പന്‍ കൊച്ചുവറീത് ചന്തയില്‍ നിന്നും വന്നതിന്റെ ലക്ഷണോന്നൂല്ല. പാപ്പി അപ്പനേം നോക്കി അടുക്കളവാതിലിരുന്നു.
“ഛീ! പടീമ്മെ ഇരിക്കാതെ പോയ് പല്ല് രാകെടാ” തവിക്കണെം പൊക്കി പാപ്പീടമ്മ അന്നമ്മച്ചേടത്തി അലറി.
പാപ്പി പടിന്നീറങ്ങി ഉമിക്കിരിയുമായ് കിണറ്റുകരയിലെയ്ക്ക് പോയി. പാതാളകിണറ്റിന്ന് വെള്ളം വലിച്ചുകെറ്റുമ്പോ പൂച്ചകള്‍ രണ്ടും കരഞ്ഞോണ്ട് വടക്കോട്ട് പാഞ്ഞൂ. കൊച്ചുവറീത് ചന്തയില്‍ നിന്നും വരുന്നുണ്ട്. ഉണക്കമീന്റെ മണോടിച്ച് കണ്ടനും ചക്കീം വറീതിനെ ഉരുമ്മിനിന്നു. പാളെം വെള്ളൊം താഴെയിട്ട് പാപ്പീം പാഞ്ഞു.
“അപ്പോ... നിക്ക് കൊണ്ട് പാന്‍ പല്ലിമൊട്ടാ‍യി വാങ്ങിച്ചോ?”
“പോയ് മോന്ത കഴുവെടാ.”
“ന്റെപ്പാ, പല്ലിമൊട്ടായീ...” പാപ്പി നിന്ന് കിണുങ്ങി.
“ഓണ്ടെടാ. പോയ് മോന്ത കഴുവ്.”

കഴുകി തിരിച്ചെത്തുമ്പോള്‍ പാപ്പിയെ കാത്ത് ചാക്കുനൂല് നെടുകെ കെട്ടിയ ഒര് പൊതി. പാപ്പി കെട്ടോടെ മൂക്കോട് ചേര്‍ത്ത് വലിച്ചു. “ങ്ഹും... പൊതീല് ഓണക്കമീന്റെ നാറ്റം.”
“ത് ല്ലാം കുടി ചേളാകത്തി* കെടന്നിട്ടാ.”
‘എന്തായാലും അപ്പന്‍ പല്ലിമൊട്ടായിം കൊണ്ടു വന്നല്ലോ.’ പാപ്പി ആശ്വൊസിച്ചു.
പൊതി തുറന്ന് നിലത്ത് നിവര്‍ത്തി. പച്ചെം, ചെമലെം, മഞ്ഞെം, വെള്ളെം നിറൊള്ള പല്ലിമൊട്ടായികള്‍. പാപ്പീടെ മോന്തെലൊരു ചിരി വിടര്‍ന്നൂ.
“ഒന്നെ, രണ്ടെ, മൂന്നേ, നാലെ... ... ... മുപ്പതെം.“ തിരികെ പൊതിഞ്ഞ് നിക്കറിന്റെ പോക്കറ്റി തിരുകി. അങ്ങിനെ പാപ്പി ജീവിതത്തിലാ‍ദ്യമായ് വെര്‍ത്ത്‌ഡെ ആഘോഷിക്കാന്‍ പോണൂ.

ബോണ്ടാ ബിജുവാണ് പാപ്പീടെ കൂട്ട്. പാപ്പി വഴിലെയ്ക്കിറങ്ങി അടുത്തുള്ള കലുങ്കെ ബോണ്ടായെ കാത്തിരുന്നു. ഒര് ചേനക്കളൊം വരച്ചിട്ട് പോയാലോന്ന് പാപ്പിക്ക് പലവട്ടം തോന്നി.
“എടാ പാപ്പീയെ...” അന്നമ്മച്ചേടത്തി കയ്യാലപ്പുറത്തുന്ന് നീട്ടി വിളിച്ചു. “വന്ന് ചോറെടുത്തോട്ട് പോടാ.”
ടൂര്‍ര്‍‌ര്‍... പാപ്പി ഓടിപാഞ്ഞ് മേളിക്കേറി.
“ന്നാത്തിന്റെ നെഗളാടാ...” അന്നമ്മചേടത്തി പാപ്പിടെ നേരെ കൈയ്യൊങ്ങി. ചോറുംപാത്രോം മേടിച്ച് പാപ്പി താഴോട്ട് സ്ക്കുട്ടര്‍ വിട്ടു. ടുറ്..ടുറ്..ടൂര്‍‌ര്‍‌ര്‍....
വെറൊരു സ്ക്കുട്ടറും പറത്തി ബോണ്ടാ വന്നൂ. ടുര്‍ര്‍...കി.കീ‍... പിന്നെ രണ്ടാളും പാണലും പച്ചയും പറിച്ചും ടാറിംഗിനിറക്കിയ മെറ്റില് വാരി അടുത്ത പറമ്പിലെയ്ക്കെറിഞ്ഞും സ്കൂളിലോട്ട് നടന്നു.
“ന്താടാ നിന്റെ പോക്കറ്റീ വീര്‍ത്തിരിക്കണെ?” ബോണ്ടാ നിക്കറെ കേറി പിടിച്ചു.
“വിടെടാ. ടാ... വിടെടാ...” പാപ്പി കുതറി.
“ന്നോട് പറെടാ.”
“ഇന്നെന്റെ വെര്‍ത്ത്‌ഡെയാ” പാപ്പി തലയൊന്നുയര്‍ത്തിപ്പിടിച്ചു.
“എടുക്കെടാ, നമ്മക്ക് തിന്നാം”
ഒരെണ്ണം തിന്നണോന്ന് പാപ്പിക്കും കൊതിയുണ്ട്. പക്ഷേ...
“വേണ്ടാ ക്ലാസ്സീചെന്നിട്ട് മതി.”

വളവും തിരിഞ്ഞ് ട്രാന്‍സ്പോമറിന്റെ അടുത്തെത്തിയപ്പോ പാപ്പീം ബോണ്ടായും വേഗത്തിലോടി. “കരണ്ടെല്ലാം കൊടെ വന്ന് കെടക്കണ പെട്ടിയാ.” അന്നമ്മചേടത്തി പള്ളീപോണ വഴി പാപ്പിക്ക് പറഞ്ഞു കൊടുത്തിട്ടുണ്ട്. ആ പെട്ടീന്ന് കരണ്ട് പുറത്തോട്ട് പോകാന്‍ കെടന്ന് മൂളണെ കേള്‍ക്കാം. പാപ്പിക്ക് ട്രാന്‍സ്പോമറിനെ പേടിയാ. ബോണ്ടായ്ക്ക് ഒന്നിനെം പേടില്ല. പക്ഷേ ഒര് ദിവസം കല്ലെടുത്തെറിഞ്ഞപ്പോ ആ പെട്ടീന്ന് തീ വന്നു. അതിപ്പിന്നെ ട്രാന്‍സ്പോമറിന്റെ അടുത്തെത്തിയാ രണ്ടും കൊടെ ഒറ്റ ഓട്ടം വെച്ചുകൊടുക്കും.

സ്കൂളിനടുത്തായപ്പോള്‍ ടോണിമോന്‍ പെട്ടിയും തുക്കി മുന്നോട്ട് പോകുന്നു. അലുമിനിയത്തിന്റെ പെട്ടിയുള്ളത് ടോണിമോന് മാത്രാണ്. “അവരൊക്കെ പൈസാക്കാരാ, അവന്റെ അപ്പനേ സൊര്‍ണ്ണത്തിന്റെ മൂന്ന് പല്ലൊണ്ട്! അവനോട് കൂട്ടും കൂടി നടക്കാതെ അവനോന്റെ പാടെ നോക്കി നടന്നോണം.” എന്നൊക്കെ പാപ്പിയെ അന്നമ്മചേടത്തി ഉപദേശിച്ചിട്ടുണ്ട്. അതെന്തായാലും പാപ്പിക്ക് ടോണീനെ ഇഷ്ടാണ്. അവന്‍ പാപ്പീയോട് ഒരു പത്രാസും കാണിക്കില്ല.
“ടാ... ടോണീ... പാപ്പീടെ പൊറന്നാളാ... അവന്റെ പോക്കറ്റീ മൊട്ടായ്ണ്ട്.” ബോണ്ടാ കൂവി.
“എട്ക്ക്.. എട്ക്കെടാ.” ടോണി പെട്ടി താഴെയിട്ട് പാപ്പീനെ വട്ടം പിടിച്ചു.
“ല്ല! ക്ലാസ്സീ വെച്ചെ എടുക്കു.”
എത്രണ്ണൊം ഉണ്ട്?
“മുപ്പതെണ്ണം.”
“ടാ. നമ്മടെ ക്ലാസ്സീ ഇരുപത്താറ് പേരല്ലെ ഒള്ള്! നാലെണ്ണം നമ്മക്ക് തിന്നാം.” അതൊരു അപാരാബുദ്ധിയായ്‌ര്ന്ന്. പാപ്പിക്ക് നേരത്തെ അത് തോഞ്ഞാതില് പയങ്കര സങ്കടമായ്. ന്നാലും പാപ്പി അത് പുറത്ത് കാണിച്ചില്ല. മൂന്നാളും ഓരോ മൊട്ടായി നുണങ്ങു. ഒന്നാം മണിയടിച്ചു. മൂന്നാളും കൂടി ക്ലാസ്സിലോട്ടോടി,
“ടാ, ഈ പീരീടീല്‍ ആരോടും പറയല്ലെ. ഒരെണ്ണം ഇന്റര്‌വെല്ലിന് തിന്നാ” ഓടുന്നതിനിടയില്‍ ടോണി പാപ്പിയോട് പറഞ്ഞു.
പാപ്പി വെര്‍ത്ത്‌ഡെടെ കാരിയം ആരോടും മിണ്ടിയില്ല. ഇടയ്ക്കിടെ നിക്കറിന്റെ പോക്കറ്റീ കൈയ്യിട്ട് നോക്കും. ആരെങ്കിലും തന്നെ ശ്രദ്ധിക്കുന്നുണ്ടോന്ന് പാപ്പിക്ക് വല്ലാത്ത സംശയം. പാപ്പി സ്ലേറ്റ് എടുത്ത് മടീവച്ചു അമര്‍ത്തിപ്പിടിച്ചു.

ഇന്റര്‌വെല്ലിന് ബോണ്ടാ മഹത്തായ ഒര് കണ്ടുപിടുത്തം പ്രഖ്യാപിച്ചു. “രണ്ട് പെണ്ണുങ്ങള് ഇന്ന് വന്നിട്ടില്ല!”
“നേരാണോടാ? ആരാ?”
“രമണീം, റോസിലീം!”
“അപ്പോ ഇനി മൂന്നെണ്ണെം എടുത്തോ.” ടോണി പിടുത്തമിട്ടു.
“നേരാണോടാ, ബോണ്ടാ‍?” പാപ്പി ഒന്ന് കൂടെ ഉറപ്പ് വരുത്തി.
“നീ ചെന്ന് നോക്കടാ ന്നെ വിസ്വാസൊല്ലെങ്കീ.”
ഇപ്പൊ പാപ്പിക്ക് ഉറപ്പായി ബോണ്ടാ പറ്റിക്കൂല്ല. പിന്നെ പൊതി തുറന്ന് മൂന്നെണ്ണെം പങ്കിട്ടു. രാവിലെ മുതല്‍ മൂന്നും കുടെ ചുറ്റിതിരെയണത് പലരും ശ്രദ്ധിക്കണൊണ്ടായിരുന്നു. സംശയം ചോദിച്ചവരോട് “അവന്റെ കൈയീ മഷിത്തണ്ടുണ്ട്, മയിപ്പീലി ഒണ്ട്” എന്നൊക്കെ ടോണി തട്ടിവിട്ടു.

അവസാനത്തെ പീരീടില്‍ ക്ലാസ്സിന്റെ നടുക്ക് വെളുക്കെ ചിരിച്ച് പാപ്പി നിന്നു. സിസ്റ്റര്‍ പറഞ്ഞതനുസരിച്ച് ഏല്ലാവരും ഉച്ചത്തില്‍ പാടി.
“കാപ്പി വെര്‍ത്ത്‌ഡെ റ്റു യൂ ....”
പാപ്പി ഉയര്‍ന്ന് ആകാശത്തിലെയ്ക്ക് പൊങ്ങി. ഏല്ലാ കണ്ണുകളും അസൂയോടെ പാപ്പിയെ നോക്കി, പാപ്പി പോക്കറ്റീന്ന് പൊതി വലിച്ചെടുത്തു. വളയിട്ടതും ഇടാത്തതുമായ എല്ലാ കൈകളും നീണ്ടു. പാപ്പി പല്ലിമൊട്ടായി ഓരോന്നായി കൈകളില്‍ വച്ചു കൊടുത്തു. പാപ്പിടെ കൈവെള്ള പലനിറങ്ങള്‍ കൊണ്ട് നിറഞ്ഞു. അങ്ങിനെ അവസാ‍നത്തെ ബെഞ്ചിലും കൊടുത്തു കഴിഞ്ഞു. ഇനി പാപ്പീടെ ഒരു മൊട്ടായി ബാക്കി.
പാപ്പി മുന്നിലോട്ട് തിരിച്ച് നടക്കുമ്പോ സിസ്റ്ററിന്റെ ചോദ്യം, “പാപ്പീ, എനിക്ക് തരുന്നില്ലെ?”
ഇടിവെട്ടേറ്റവനെപ്പോലെ പാപ്പി നിന്നു. ഏല്ലാവരും കിട്ടിയപാടെ മൊട്ടായി വായിലിട്ടു കഴിഞ്ഞു. പാപ്പിക്ക് തലകറങ്ങുന്നതു പോലെ. ബോണ്ടായും ടോണിമോനും തല കുമ്പിട്ടിന്ന് ചിരിക്കുന്നു. ഇങ്ങനെയൊര് പുകില് പാപ്പി സ്വപ്നത്തിപ്പോലും വിചാരിച്ചിരുന്നില്ല. എങ്കിലും മനസ്സില്ലാ മനസ്സോടെ ആ പല്ലിമൊട്ടായി നീട്ടിപിടിച്ചിട്ട് പാപ്പി അലറിക്കരഞ്ഞു, “സിറ്റരിന് തന്നാ പിന്നെ നിക്ക് തിന്നാന്‍ മൊട്ടായില്ല...”
ക്ലാസ്സില്‍ കൂട്ടചിരി. പിന്നെ പാപ്പീടെ കണ്ണ് തുടച്ച് മാര്‍ഗരറ്റ് സിസ്റ്റര് ആ മൊട്ടായി പാപ്പീടെ വായിലെയ്ക്കിട്ടു കൊടുത്തു. കൈയീ പറ്റിയിരിക്കുന്ന മൊട്ടായീടെ കളറൊക്കെ നിക്കറെ തുത്ത് പാപ്പി അവന്റെ ബഞ്ചേല്‍ ചെന്നിരിന്നപ്പോള്‍ സ്കൂള് വിടാനുള്ള കൂട്ടമണീം അടിച്ചു.


* ചേളാകം - ചാക്ക് തയ്ച്ച് ഉണ്ടാക്കുന്ന ഒരു ബാഗ്.

Monday, December 3, 2007

വൃത്തത്തിലെഴുതിയ കവിത

വൃത്തത്തിലെഴുതാന്‍
ഒരു വൃത്തം വരച്ചു
വൃത്തമാകുമ്പോള്‍
തുടക്കവുമില്ല
ഒടുക്കവുമില്ല
എഴുതി തിരിഞ്ഞ്
മലക്കം മറിഞ്ഞ്
ചുറ്റി പിണഞ്ഞ്
വട്ടത്തിലായി

Saturday, December 1, 2007

ഡിസംബര്‍ 1: സുക്കുവിന്റെ കുളിരോര്‍മ്മ

തണുത്ത കാറ്റ് തുടരെ വീശിക്കൊണ്ടേയിരുന്നു. സുഖമുള്ള കാറ്റ്. ഇനിയിക്കാറ്റിന്റെ രുപം മാറുമെന്നും, സര്‍വ്വനാഡികളും മരവിപ്പിയ്ക്കുന്നത്ര അസഹ്യമാകുമെന്നും ഞങ്ങള്‍ക്കറിയാമായിരുന്നു. തണുപ്പിനെ പ്രതിരോധിയ്ക്കാന്‍ ഞങ്ങള്‍ ഒരുങ്ങിയിരുന്നു.

മൂന്നു മലകളും താണ്ടി മുകളിലെത്തുമ്പോള്‍ നേരം നന്നെ പുലര്‍ന്നിരുന്നു, അകലെ അംഗാമികളുടെ കഠിനപ്രയത്നത്തിന്റെ പ്രതീകമായി വിശ്രമകേന്ദ്രം തലയെടുപ്പോടെ നിന്നു -വിരളമായ് മാത്രമെത്തുന്ന സന്ദര്‍ശകരെ കാത്ത്. താഴെ വെളുത്ത കമ്പിളിപുതച്ച സുക്കു വാലിയുടെ ദൂരക്കാഴ്ച. ഞങ്ങളുടെ അലര്‍ച്ചകള്‍ ഏറ്റുവാങ്ങി പ്രതിധ്വനിച്ച് ഞങ്ങളെ ആവേശഭരിതയാക്കി സുക്കു. കുട്ടികള്‍ ആവേശത്തോടെ കുവിയോടി. വല്ലാത്ത ഉത്സാഹം. മലകയറ്റത്തിന്റെ ക്ഷീണമെല്ലാം മായ്ക്കുന്ന ആവേശം.

ഉണങ്ങിയ മരക്കഷണങ്ങള്‍ ശേഖരിച്ച് ഞങ്ങള്‍ തീ കൂട്ടി. പിന്നെ ഭക്ഷണം പാകം ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍. മേല്‍ക്കുരയില്‍ പെയ്തിറഞ്ഞിയ മഞ്ഞ് ഉരുകിത്തുടങ്ങിയപ്പോള്‍ ഞങ്ങള്‍ക്ക് ഭക്ഷണം പാകം ചെയ്യാനും കഴുകാനുമുള്ള വെള്ളം ലഭ്യമായി. കുട്ടികള്‍ തനതു ഗോത്രവിഭവങ്ങളുടെ ചേരുവകള്‍ കൂട്ടികലര്‍ത്തുന്നു. ഗോത്രഭക്ഷണരീതികള്‍ ഞങ്ങള്‍ ശീലമാക്കിയിരുന്നു - അതായിരുന്നു ഇഷ്ടവും.

പൈന്‍ മരങ്ങളുടെ ഇടയില്‍ പടര്‍ന്നു കിടക്കുന്ന ചൂരല്‍ കാടുകള്‍ കാഴ്ചയെ മറയ്ക്കുന്നുണ്ടായിരുന്നു, കുത്തനെയുള്ള ഇറക്കമായതിനാല്‍ നടന്നിറങ്ങുക പ്രയാസം. ചൂരലുകള്‍ക്ക് മേല്‍ ചാഞ്ഞിരുന്ന് സുക്കു വാലിയിലെയ്ക്ക് ഞങ്ങള്‍ ഊര്‍ന്നിറങ്ങി. രസകരമാ‍യ മലയിറക്കം.

സുക്കു വാലി ഏതാണ്ട് പൂര്‍ണ്ണമായും ഉറഞ്ഞു തുടങ്ങിയിരുന്നു, സ്ഫടികം പോലെ തിളങ്ങുന്ന അരുവിയുടെ മുകളിലുടെ ഞങ്ങള്‍ നടന്നു, ഇനിയും പുര്‍ണ്ണമായും ഉറഞ്ഞിട്ടില്ലാത്ത ചില ഭാഗങ്ങക്കടിയില്‍ നേര്‍ത്ത പ്രവാഹം. മനോഹരമായ കാഴ്ച‍. തെന്നിവീഴാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് കുട്ടികള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. മറുകരയെത്തി വീണ്ടും മുന്നോട്ട് നിങ്ങി. ഇടയ്ക്കിടെ തെളിയുന്ന വെയിലില്‍ മിന്നിതിളങ്ങുന്ന സുക്കുവാലി. മൂടല്‍ മഞ്ഞിന്റെ നേര്‍ത്ത പുതപ്പണിഞ്ഞ ചൂരല്‍ക്കാടുകള്‍. ഞങ്ങള്‍ ആവേശത്തോടെ ചുറ്റിയടിച്ചു. ചൂളം വിളിയുമായി കാറ്റ് കടന്നു പോകുന്നു, ചൂരല്‍ കാടുകള്‍ കാറ്റിനൊപ്പം ഇളകിയാടുന്നു, വല്ലാത്ത തണുപ്പ്. എത്ര കണ്ടാലും മതിവരാത്ത കാഴ്ചകള്‍.

തിരികെ മലയിറങ്ങുമ്പോള്‍ സുക്കുവിന്റെ ചൂളം വിളികള്‍ കാതില്‍ മുഴങ്ങിക്കൊണ്ടേയിരുന്നു. രാത്രി തളര്‍ന്നുറങ്ങുമ്പോഴും ആ മുഴക്കം എന്നെ തിരികെ വിളിച്ചുകൊണ്ടെയിരുന്നു - സുക്കുവിന്റെ മടിത്തട്ടിലേയ്ക്ക്.

(ഓരോ ഡിസംബറും തിരികെ തരുന്നത് കൊണോമയുടെ കുളിരോര്‍മ്മകളാണ്. എത്രയലിഞ്ഞാലും മതിവരാത്ത ഓര്‍മ്മകള്‍. ഈ യാത്രയില്‍ എന്നോടൊപ്പം ആവേശമായുണ്ടായിരുന്ന അഗസ്റ്റിനെയും (സണ്ണിച്ചേട്ടന്‍) സാജൂവിനെയും മറ്റ് ഏഴ് ചുണക്കുട്ടന്മാരെയും പ്രത്യേകം പരാമര്‍ശിക്കാതെ വയ്യ.)

കൊണോമ - നാഗാലാന്റിന്റെ തലസ്ഥാനനഗരിയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഗ്രാമം.
അംഗാമി - നാഗാലാന്റിലെ പ്രധാന ഗോത്രങ്ങളിലൊന്ന്.