Saturday, December 15, 2007

വേരുകള്‍

ആഘോഷങ്ങളുടെ ഒടുവില്‍ കനലുകളില്‍ ബാക്കിയായ ചൂടിലെയ്ക്ക് ചേര്‍ന്നിരുന്ന് അയാള്‍ ഒരു സിഗാര്‍ കൂടി കത്തിച്ച് പുകയൂതി. പിന്നെ പാതിയായിരുന്ന ഗ്ലാസ് കൈയ്യിലെടുത്തു. എരിഞ്ഞടങ്ങുന്ന കനലുകളിലെയ്ക്ക് നോക്കിയിരിക്കവെ അവിചാരിതമായി തന്റെ ഭൂതകാ‍ലത്തിലേയ്ക്ക് അയാള്‍ കുപ്പുകുത്തി. രാമചന്ദ്രനെന്ന അയാള്‍ വീടും നാടും വിട്ടോടുന്നതും ബോംബെയിലെ തെരുവുകളില്‍ അലഞ്ഞൊടുവില്‍ രാംചന്ദാകുന്നതും, പിന്നെ ഹെന്‍ഡ്രി സുക്കോലയെ പരിചയപ്പെടുന്നതും, സുക്കോലയൊടൊപ്പം ആഫ്രിക്കയിലെത്തുന്നതും ഒടുവില്‍ ഈ കാപ്പിരികളുടെ റംചയാകുന്നതും. വിചിത്രമായ തന്റെ നാമപരിണാമത്തെക്കുറിച്ച് അയാള്‍ക്ക് അത്ഭുതം തോന്നി. പെട്ടന്ന് ഒരു വെളിപാടിലെന്ന പോലെ അയാള്‍ എഴുന്നേറ്റ് നിന്ന് ഉച്ചത്തില്‍ അലറി. “ഐ മസ്റ്റ് ഗോ ബ്യാക്ക്. ബ്യാക്ക് റ്റു മൈ ഹോം.”
പെട്ടന്ന് ചുറ്റും നിശബ്ദമായി. അയാള്‍ വേച്ച് വീഴുമെന്നായപ്പോള്‍ ലാറ സുക്കോല ഓടിയെത്തി അയാളെ താങ്ങി. “ഓ മൈ റംച! വാട്ട് ഹാപ്പന്‍ഡ്?“ അവള്‍ അയാളെ വട്ടം പിടിച്ചു. അവളുടെ പിടുത്തത്തില്‍ നിന്നും കുതറി അയാള്‍ പറഞ്ഞുകൊണ്ടെയിരുന്നു. “ഐ മസ്റ്റ് ഗോ! യെസ്... ഐ മസ്റ്റ് ഗോ.”

പിറ്റേന്ന് ലാറയെത്തുമ്പോള്‍ തന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് അയാള്‍ അവളെ അറിയിച്ചു. അവളുടെ കണ്ണുകള്‍ നിറയുന്നത് അയാള്‍ കണ്ടില്ലെന്നു നടിച്ചു. പിന്നെ അയാളുടെ മുറി അലങ്കരിച്ചിരുന്ന ചെറുതും വലുതുമായ ശില്പങ്ങള്‍ വലിയൊരു പെട്ടിയിലെയ്ക്ക് അടുക്കി. അയാളുടെ ഏറ്റവും പ്രിയപ്പെട്ട സമ്പാദ്യങ്ങളായിരുന്നു ഇരുണ്ട നിറമുള്ള ആഫ്രിക്കന്‍ ശില്പങ്ങള്‍. അവള്‍ നിശബ്ദയായി അയാളെ സഹായിച്ചു കൊണ്ടിരുന്നു. ഇടയ്ക്ക് മൌനം ഭേദിച്ച് അവളുടെ തേങ്ങലുകള്‍ ഉയര്‍ന്നു.
******
വളവ് തിരിഞ്ഞ് കാര്‍ നിന്നു. മുന്നോട്ട് കാറില്‍ നിന്നുള്ള പ്രകാശത്തില്‍ കുറച്ചകലെ ഒരാള്‍ നില്‍ക്കുന്നത് കാണാം. അയാള്‍ തിരിഞ്ഞ് കാറിനടുത്തേയ്ക്ക് വന്നു.
“ആരാ?”
“വടക്കെപാട്ടെ വീടന്നേഷിച്ചാ. ഇവിടടുത്താണോ ചേട്ടാ?” ഡ്രൈവറാണ് മറുപടി പറഞ്ഞത്.
“ഇവിടെ തന്നെ. ഞാനങ്ങോട്ടാ‍ക്കാം.”
ടാക്സി പറഞ്ഞയച്ച് രാ‍മചന്ദ്രന്‍ പെട്ടി കൈയിലെടുത്തു.
“അമ്മിണിയമ്മെനെ തെരഞ്ഞാവും അല്ലെ? പെരോന്തോന്നാ പറഞ്ഞെ?”
“ഞാന്‍...” ഏത് പേരാണ് ഇയാളൊട് പറയെണ്ടത്. വല്ലാത്തൊരു ഐഡന്‍ഡിറ്റി ക്രൈസിസ്സ്. പിന്നെ രാമചന്ദ്രന്‍ വെറുതെ ചിരിച്ചു. ഉത്തരത്തിന് കാത്ത് നില്‍ക്കാതെ അയാള്‍ തുടര്‍ന്നു ചോദിച്ചു. “ദൂരെന്നാവും അല്ലെ? മുമ്പിവിടെ കണ്ടിട്ടില്ല?” അതിന് മറുപടിയായി രാമചന്ദ്രന്‍ ഒന്ന് മൂളുക മാത്രം ചെയ്തു.

കട്ടപിടിച്ച ഇരുട്ടിലൂടെ ടോര്‍ച്ചുമായ് അയാള്‍ മുന്നെ നീങ്ങി. അയാളൊടൊപ്പം നടന്ന് വടക്കെപ്പാട്ടെ പടിപ്പുര കടന്നു. വരാന്തയില്‍ കരിപിടിച്ച ഒരു റാന്തല്‍ മിന്നി നിന്നു. അയാള്‍ കുനിഞ്ഞ് റാന്തലിന്റെ തിരിയുയര്‍ത്തി. പിന്നെ അകത്തേയ്ക്ക് നീട്ടി വിളിച്ചു. “ദേയ്... ഒന്നിപ്പ്‌റം വരിക.”
“ആരാ...? ഗോവിന്ദനാ...? എന്തായീനേരത്ത്?”
“ഒരാള് വന്നിരിക്കണ്. ദുരെന്നാ. അറിയൊന്ന് നോക്ക്.”
മെല്ലിച്ച് കുനിഞ്ഞ ഒരു സ്ത്രീ പുറത്തേയ്ക്ക് വന്നു. “ആരാ? മനസ്സിലായില്യാ.” അവര്‍ വിളക്കെടുത്ത് മെല്ലെ നിവര്‍ന്നു, “ഇവിടെങ്ങും കണ്ടിട്ടില്ലാലോ?”
“ഞാന്‍... ഞാന്‍ രാമന്‍... രാമചന്ദ്രന്‍... ”
അവിശ്വസനീയ എന്തോ കേട്ട പോലെ ഒരു നിമിഷം അവര്‍ തരിച്ചുനിന്നു. പിന്നെ അവരുടെ കണ്ണില്‍ ഒരു തിളക്കം പ്രത്യക്ഷപ്പെട്ടു. വിളക്കു താഴെ വച്ച് മുന്നോട്ട് നീങ്ങി രാമചന്ദ്രന്റെ രണ്ടു കൈകളിലും കടന്നു പിടിച്ചു.
“ഈശ്വരന്മാരെ... എത്ര കാലായിരിക്കണൂ, കാണുന്ന് തന്നെ നിരീച്ചില്ലാല്ലോ? ഗോവിന്ദാ, മനസ്സിലായില്ലെ? നമ്മടെ രാമന്‍. ന്റെ കല്യാണിടെ കുട്ടി. ന്നാലും ഓള്‍ക്ക് കാണാന്‍ വിധിയൊണ്ടായില്ലല്ലോ?” ആ വൃദ്ധയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. രാമചന്ദ്രന്‍ അവരുടെ ചുമലില്‍ സ്നേഹത്തോടെ തലോടി. അവര്‍ നിവര്‍ന്ന് അയാളുടെ മുഖത്തേയ്ക്ക് തന്നെ നോക്കി നിന്നു.
“കഥയൊക്കെ കേട്ടിട്ടുണ്ട്. തിരികെ വരാന്‍ തോന്നിയല്ലോ, നന്നായി. ന്നാ ഞാന്‍ അങ്ങോട്ട്? രാത്രില് യാത്രയില്ല.” ഗോവിന്ദന്‍ നടന്നകന്നു. അയാളുടെ കൈയ്യിലെ വെളിച്ചം ആടിയുലഞ്ഞ് അപ്രത്യക്ഷമായി.
“ന്റെ കല്യാണി... ചികിത്സിക്കാത്ത വൈദ്യന്മാരില്ല. നിന്റെ അച്ഛന്‍ എത്ര കാശ് ചെലവാക്കിന്നറിയ്യോ? പക്ഷേ അയാള്‍ക്കും യോഗൊണ്ടായില്യ. എന്റെ കല്യാണിയെ തനിച്ചാക്കിണ്ട് അയാളും പോയില്ലെ.” കുറെ നേരം ഏതോ ഓര്‍മ്മകളില്‍ ലയിച്ച ശേഷം ഒരു ദീര്‍ഘനിശ്വാസത്തോടെ അവര്‍ തുടര്‍ന്നു. “നിന്നെ വല്യ സ്നേഹാരുന്നൂ. പക്ഷേങ്കി അത് കാണിക്കാനറിയില്ലാരുന്ന് ആ പാവത്തിന്. നീന്നെ കാണാതായതു മുതല് വല്ലാത്തോരു വെഷമാരുന്നൂ. അത് പിന്നെ മരിക്കണെ വരെ...” അവരുടെ തൊണ്ടയിടറി. “പിന്നെ രണ്ട് കൊല്ലം കൂടിയെ കല്യാണി കെടന്നൊള്ളൂ. നീ വരൂന്ന് തന്നെയാ അവസാനം വരെ അവള് പറഞ്ഞൊട്ടിരുന്നെ. ഏല്ലാം കഴിഞ്ഞു... ദാ ഈ വൃശ്ചികത്തി ഒരാണ്ട് തികയും... ജാതകദോഷം! അല്ലാണ്ടിപ്പം എന്താ പറയ്ക്.”

വരാന്തയിലെ ചാരുകസേരയിലെയ്ക്ക് അയാള്‍ മലര്‍ന്നു. രാത്രിയില്‍ അയാള്‍‌ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ഓരോ സിഗരറ്റിനോടൊപ്പം അയാളും എരിഞ്ഞുകൊണ്ടിരുന്നു. രാവിലെ ചായയുമായി ഒരു പെണ്‍കുട്ടി അയാളുടെ മുന്നില്‍ പ്രത്ക്ഷപ്പെട്ടു. അവള്‍ അയാളെയും അയാള്‍ അവളെയും അത്ഭുതത്തോടെ നോക്കി നില്‍ക്കുമ്പോള്‍ അമ്മിണിയമ്മ പുറത്തേയ്ക്ക് വന്നു.
“ന്നെ സഹായിക്കാന്‍ വരുന്നോളാ. നല്ല കുട്ടിയാ. ഏല്ലാ പണീം ചെയ്യും. ദിവസോം നിന്റെ അച്ഛനും കല്യാണിക്കും വെളക്ക് വെക്കണതും ഓളാ. പിന്നെയെ രാമാ... അപ്പുറത്തേയ്ക്ക് ഒന്ന് പോകെണ്ടെ?”
“ഉം..” രാത്രി മുഴുവന്‍ അയാള്‍ ആലോചിച്ചുരുന്ന കാര്യമായിരുന്നു അത്.
“ല്ലാം ഒര് വകയായ്... അങ്ങ്‌ട്ട് ആരും കേറാറില്ല. സന്ധ്യക്ക് ഇവള് പോകും. വെളക്ക് വെയ്ക്കും.”

അയാള്‍ ചായ കുടിച്ച് ഗ്ലാസ്സ് തിരികെ കൊടുത്ത് മുറ്റത്തേയ്ക്ക് നടന്നു. തൊടിയിലൂടെ നടന്ന് താഴേയ്ക്കിറങ്ങി. അയാളുടെ വീടിന്റെ പടിപ്പുര അകലെ നിന്ന് കാണാം. അയാള്‍ മെല്ലെ അകത്തേയ്ക്ക് കടന്നു. താന്‍ സ്ക്കുളില്‍ നിന്നും വരുമ്പോള്‍ വീടാകെ നിറഞ്ഞു നിന്നിരുന്ന മരുന്നിന്റെയും എണ്ണയുടെയും അതേ ഗന്ധം പരിസരമാകെ തങ്ങിനില്‍ക്കുന്നുണ്ടെന്ന് അയാള്‍ക്ക് തോന്നി. പടിപ്പുര കടന്നാല്‍ ജാനുവിന്റെ വിളി കേള്‍ക്കാം. വാല്യക്കാരി ജാനുവിന്റെ വിളിക്കായ് അയാള്‍ വെറുതെ കാതോര്‍ത്തു. ‘രാമാ... കാലും മൊഖൊം കഴുകി പോന്നോളുട്ടോ.‘ ജാനു വിളിയ്ക്കുന്നുണ്ട്. അയാള്‍ അടുക്കളയിലെയ്ക്ക് കടന്നു. നിറം മങ്ങിയ ഭിത്തിയില്‍ മാറാല പിടിച്ച ഒരു പഴയ കലണ്ടര്‍. കരിപുരണ്ട അലമാരകള്‍. ചിതറിക്കിടക്കുന്ന പാത്രങ്ങള്‍. ഇടയില്‍ ചിരിതൂകി ജാനു നിള്‍ക്കുന്നതു പോലെ അയാള്‍ക്ക് തോന്നി. അയാള്‍ പുറത്തേയ്ക്ക് കടന്നു. വരാന്തയില്‍ എണ്ണയുടെയും കുഴമ്പിന്റെയും കുപ്പികള്‍ അടുക്കിവച്ചിരിക്കുന്നു. അവയ്ക്ക് മീതെ അച്ഛന്‍ ഉയര്‍ന്ന് നിന്ന് ശപിച്ചു. “നാശം! ഇവന്റെ തല കണ്ട അന്ന് തൊടങ്ങീതാ‘. പിന്നെയമ്മയുടെ സ്നേഹത്തോടെയുള്ള നോട്ടങ്ങള്‍. ചെറിയ അടക്കം പറച്ചിലുകള്‍. അച്ഛനോടുള്ള ശാസനകള്‍. എല്ലാം അയാ‍ള്‍ക്ക് മുന്നില്‍ തെളിഞ്ഞു വന്നു. മുറ്റത്ത് പടര്‍ന്നു കയറിയ വള്ളിച്ചെടികള്‍ വരാന്തയിലെക്ക് എത്തിത്തുടങ്ങിയിരിക്കുന്നു. വലുതായ മാറ്റങ്ങളൊന്നും അയാള്‍ക്ക് തോന്നിയില്ല. എട്ടാം ക്ലാസ്സില്‍ താന്‍ ഉപേക്ഷിച്ചോടിയ വീടിന്റെ മുറികളോരോന്നും കയറിയിറങ്ങി അയാള്‍ ഗതകാലത്തിന്റെ ഓര്‍മ്മകളിലെയ്ക്ക് കടന്നു.

പിന്നെ പുറത്തു കടന്ന് തൊടിയിലൊക്കെയും ചുറ്റി നടന്നു. തൊടിയുടെ കോണില്‍ എണ്ണക്കറപുരണ്ട രണ്ടു കരിങ്കല്‍ തൂണുകള്‍. സുക്കോലയുടെ വീട്ടില്‍ അയാളുടെ മുറി അലങ്കരിച്ചിരുന്ന രണ്ട് കറുത്ത ശില്പങ്ങള്‍ പോലെ.
“അമ്മ അന്വേഷിക്കുന്നു.” പിന്നില്‍ നിന്നും പെണ്‍കുട്ടി വിളിച്ചു.
“പൊയ്ക്കോളു. ഞാന്‍ വന്നേയ്ക്കാം” അയാള്‍ അവളെ മടക്കിയയച്ചു.

അവള്‍ നടന്നകന്നപ്പോള്‍ അയാള്‍ ആ കല്ലുകള്‍ ഇളക്കിയെടുത്തു. പിന്നെ ഓരോന്നായി താങ്ങിയെടുത്ത് വീടിനകത്തേയ്ക്ക് കൊണ്ടു വന്നു. ഒരു പഴയ മേശപ്പുറത്ത് അവ കയറ്റി വച്ച് അയാള്‍ താഴെയിരുന്നു. ഓടിന്റെ വിടവിലൂടെ അരിച്ചിറങ്ങിയ പ്രകാശത്തില്‍ പൊടിപടലങ്ങള്‍ പറന്നുയരുന്നത് നോക്കി അയാള്‍ കിടന്നു. പിന്നെ മുറിയിലാകെ എണ്ണയുടെ ഗന്ധം നിറഞ്ഞു. ആ ഗന്ധത്തിലലിഞ്ഞ് അയാള്‍ ശാന്തമായി ഉറങ്ങി.

1 comment:

ഗുപ്തന്‍ said...

ഒതുക്കമുള്ള നരേഷന്‍ ..പക്ഷെ കണ്ടും വായിച്ചൂം ഒരുപാടു പഴകിയ വിഷയം അല്ലേ ജോമോനേ..