ഉച്ച കഴിഞ്ഞെ മദ്രാസ്സിലെയ്ക്കുള്ള ട്രയിന്‍ പുറപ്പെടുകയുള്ളു. എങ്കില്‍ ഹൌറാ പാലത്തിലൂടെ ഒരു നടത്തമാകാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു, പെട്ടികളെല്ലാം സ്റ്റേഷനില്‍ ക്ലോക്ക് റുമില്‍ സുരക്ഷിതമാക്കി ഞങ്ങള്‍ പ്ലാറ്റുഫോമില്‍ നിന്നും മേല്‍പ്പാലത്തിലൂടെ മുകളിലേയ്ക്ക് കയറി. മുകളിലും താഴെയുമായ് ഒഴുകി നീങ്ങുന്ന ആള്‍ക്കുട്ടം. ചുറ്റും കലപില ശബ്ദം… വലിയ ഹോറണ്‍ മുഴക്കി ഇടയ്ക്കിടെ ട്രാമുകള്‍ കടന്നു പോയി. കാണാകാഴ്ചകളില്‍ നിറഞ്ഞ് കല്‍ക്കത്തയുടെ തിരക്കുകളില്‍ ഞങ്ങള്‍ അലിഞ്ഞു.
പാലമിറങ്ങി ഞങ്ങളെത്തിയത് ഒരു ചേരിയിലാണ്. കറുത്ത പൊടി പടര്‍ന്ന് ഇരുണ്ട നിറത്തിലായ ഒരു പ്രദേശം. ചാണകം മെഴുകിയ പോലെ തോന്നിക്കുന്ന തിണ്ണയില്‍ ഒരാള്‍ മലര്‍ന്ന് കിടക്കുന്നുണ്ട്.
“ചേട്ടോ...” സാജു സ്വതസിദ്ധമായ ശൈലിയില്‍ ഒന്ന് കൂക്കി.
അയാള്‍ നിവര്‍ന്ന് വെളുത്ത മീശ മേലോട്ട് തടവി.
“ചേട്ടോ, കുറച്ച് പാനീ.”
“തുമാര്‍ കി പാനീ ചായ്?” അയാള്‍ എണീറ്റു.
“ചായ് നഹി ചേട്ടാ, പാനീ. പാനീ...”
“ഒക്കനെ പൈപ്പ് ആച്ചെ. ഗെയെ പാന്‍ കരുണ്‍.”
ഞങ്ങള്‍ അന്തം വിട്ട് നിന്നു. ഒന്നും മനസ്സിലായില്ല.
“നമ്മുക്ക് തിരിച്ച് നടക്കാം ഇത് ഏരിയ അത്ര പന്തിയല്ലന്ന് തോന്നുന്നു.” ചുറ്റുപാടൊന്ന് വീക്ഷിച്ചിട്ട് ഞാന്‍ സാജുവിനെ നിര്‍ബന്ധിച്ചു.
“ഷംനെ ദുക്കാന്‍ ആച്ചെ, ഒക്കാനെ സര്‍വത്ത് പൈബെന്‍.” മുന്നിലെയ്ക്ക് ചൂണ്ടിക്കാണിച്ച് അയാള്‍ പറഞ്ഞു, പിന്നെ മീശ തടവി കൊണ്ട് ചോദിച്ചു. “തുമി കി കേരള തക്കെ എഷെച്ചോ?”
“യെസ് യെസ് കേരള! കേരള!” സാജു ഒരു വില്‍സ് അയാള്‍ക്ക് നീട്ടി.
“മാഷേ, എന്താ ചോദിച്ചെന്നറിയാതെ വള വളാന്ന് പറഞ്ഞാ ബംഗാളീല്‍ വല്ല തെറിയുമായിരിയ്ക്കും. നമ്മുക്ക് വിട്ടു പിടിയ്ക്കാം.” എനിക്ക് ചെറിയൊരു പരിഭ്രമമുണ്ടായിയുന്നു.
സിഗരറ്റ് കിട്ടിയപ്പോള്‍ അയാളുടെ മുഖത്തൊരു ചിരി പടര്‍ന്നു, പിന്നെ മീശ തടവി മേലോട്ടുയര്‍ത്തി അയാള്‍ തറയിലിരുന്നു. സാജു മറ്റൊരു സിഗരറ്റ് കൊളുത്തി അയാളുടെ ഒപ്പമിരുന്നു.
“ഇവിടെ മറ്റെത് കിട്ടുമോ?” സാജു അയാളോട് കണ്ണിറുക്കി കാട്ടി.
“തുമി കി ബോല്‍ത്തെച്ചോ അമി എക്തുവൊ ബുജുത്തെ പര്‍ച്ചിന.” അയാള്‍ തലയില്‍ ചൊറിഞ്ഞു.
“മാഷേ, നമ്മുക്ക് വിടാം. അപ്പോ ശരി മൂപ്പില്‍സെ.” ഞാനയാള്‍ക്ക് കൈ നീട്ടി. അയാള്‍ ചിരിച്ച് കൊണ്ട് തിരിച്ചും.
പിന്നെ ഞങ്ങള്‍ കുറെ കൂടി മുന്നോട്ട് നടന്നു. സമാനമായ കാഴ്ചകള്‍ മാത്രം. തിരികെ നടന്ന് പാലത്തിലെത്തി. പഴയ തിരക്കില്ല. ട്രാമിന്റെ റെയിലുകള്‍ റോഡില്‍ തിളങ്ങിക്കിടന്നു. ഹുഗ്ലി നദിയില്‍ ഒഴുകി നടക്കുന്ന വഞ്ചികള്‍ക്കപ്പുറം പക്ഷികള്‍ വട്ടമിട്ട് പറക്കുന്നു. താലത്തില്‍ ശിവലിംഗവുമായി ഒരു ഭിക്ഷാംദേഹി എതിരെ വന്നു. അയാള്‍ തന്ന ഭസ്മത്തിന് ഒരു ചിരി മാത്രം ഞങ്ങള്‍ പകരം കൊടുത്തു. അയാള്‍ പിറുപിറുത്ത് കൊണ്ട് അകന്നു പോയി. മറ്റൊരു വശത്ത് എലികള്‍ ഓടിക്കളിക്കുന്ന ഒരു ചെറിയ അമ്പലം. കൌതുകത്തോടെ ഞങ്ങള്‍ താഴോട്ടിറങ്ങി. ഏതോ ചില പാട്ടുകളൊക്കെ പാടിക്കൊണ്ട് അകത്തെ മുറിയിലൊരു പൂജാരി ഇരിപ്പുണ്ട്. അയാള്‍ തലയൊന്നുയര്‍ത്തി നോക്കി പിന്നെ പാട്ട് തുടര്‍ന്നു. എലികള്‍ ചുറ്റും കറങ്ങി നടന്നു, ഒന്ന് രണ്ടെണ്ണം ഞങ്ങളുടെ കാലില്‍ തട്ടി കടന്ന് പോയി. അകത്ത് സാമ്പ്രാണിയുടെ സുഗന്ധത്തില്‍ ഗണപതി പുഞ്ചിരിച്ചു. ‘മദ്രാസ്സിലെയ്ക്കെങ്കിലും ഒരു റിസര്‍വേഷന്‍ ശരിയാക്കി തന്നെ’യെന്ന് എലിവാഹനനോട് പ്രാര്‍ത്ഥിച്ച് ഞങ്ങള്‍ സ്റ്റേഷനിലെയ്ക്ക് തിരിച്ചു.
മീന്‍ തലകള്‍ വറത്തടുക്കി വച്ചിരിക്കുന്ന ഒരു റസ്റ്റോറന്റില്‍ ഒരു ടിപ്പിക്കല്‍ ബംഗാളി ഊണിന് ഞങ്ങള്‍ ഓഡര്‍ കൊടുത്തു. മീന്‍ കറിയും തല വറത്തതും എല്ലാം ചേര്‍ത്ത് ഉശിരന്‍ ഊണ്. ഇതിനിടയില്‍ സാജു ഒരു ടി. ടി. ഇയുമായ് ചങ്ങാത്തത്തിലായി. ഒരു തല വറത്തത് വാങ്ങിക്കൊടുത്താല്‍ മദ്രാസിലേയ്ക്ക് റിസര്‍വേഷന്‍ ശരിയാക്കാമെന്നെറ്റു കക്ഷി. തല വറത്തത് റെഡി! ഊണ് കഴിഞ്ഞ് ഞങ്ങള്‍ അയാളുടെ കൂടെ വച്ചു പിടിച്ചു. സത്യത്തില്‍ അയാളില്ലായിരുന്നെങ്കില്‍ കൃത്യമായി പ്ലാറ്റ്ഫോം കണ്ടുപിടിയ്ക്കാന്‍ ഞങ്ങള്‍ കഷ്ടപ്പെട്ടേനെ. ഗുവഹാട്ടിയില്‍ നിന്നും വന്നിറങ്ങുമ്പോള്‍ ഇത്രയും പ്ലാറ്റ്ഫോം ഹൌറ സ്റ്റേഷന് ഉണ്ടായിരുന്നോ ആവോ! മദ്രാസിലെയ്ക്കുള്ള ട്രയിന്‍ വരുന്ന പ്ലാറ്റ്ഫോം അയാള്‍ കാണിച്ച് തന്നു. പിന്നെ ഞങ്ങളുടെ ടിക്കറ്റ് വാങ്ങി പുറകിലെന്തോ വരച്ച് അയാളുടെ ഫയലില്‍ എന്തോ എഴുതി ടിക്കറ്റ് തിരികെ തന്നു. “റിസര്‍വേഷന്‍ ഓ.കെ!” അയാള്‍ സലാം പറഞ്ഞകന്നു.
കോറോമാണ്ടല്‍ എക്സ്പ്രസ്സ് കണിശക്കാരനായ ജോലിക്കാരെനെപ്പോലെ മദ്രാസ്സിലേയ്ക്ക് പാഞ്ഞു. ചെക്കിംഗിനിടയില്‍ ടി. ടി. ഇ ഞങ്ങളുടെ നേരേ ചീറി. “ഛീ! റിസര്‍വെഷനില്ലാതെ റിസര്‍വേഷന്‍ കംമ്പാര്‍ട്ടുമെന്റില്‍ കയറിയിരിക്കുന്നോ?..... അടുത്ത സ്റ്റേഷനിലിറങ്ങി ഓര്‍ഡിനറി കംമ്പാര്‍ട്ടുമെന്റില്‍ കയറിക്കൊള്ളണം.” “സര്‍.....” ടിക്കറ്റിന്റെ മറുവശത്തെ മീന്‍ തല കാട്ടി ഞങ്ങള്‍ ഒരു ശ്രമം നടത്തി. ഫൈനടിയ്ക്കുമെന്നൊരു വാണിംഗ് ഞങ്ങള്‍ക്ക് തന്ന് എക്സാമിനര്‍ അടുത്ത ക്യാബിനിലെയ്ക്ക് പോയി. അവിടെയും കക്ഷി ആരോടൊക്കെയൊ ദേഷ്യപ്പെടുന്നുണ്ട്. “ഏല്ലാ അണ്ണന്മാരും മീന്‍ തല വാങ്ങിക്കൊടുത്ത് കയറിയിരിക്കുവാ” സാജു ആരോടെന്നില്ലാതെ പറഞ്ഞു.
പിന്നെയൊരു ടോം ആന്‍ഡ് ജെറി കളിയുടെ അവസാനത്തില്‍ റിസര്‍വേഷന്‍ കംമ്പാര്‍ട്ടുമെന്റില്‍ തന്നെ മദ്രാസ്സിലെത്തി. അടുത്ത പ്ലാറ്റ്ഫോമില്‍ ഞങ്ങളെ കാത്ത് മദ്രാസ്സ് മെയില്‍! അതില്‍ സുഖമായ ഉറക്കം... നാടിന്റെ പച്ചപ്പിലേയ്ക്ക് മദ്രാസ്സ് മെയില്‍ കൂവി പാഞ്ഞു... ഹായ് എത്ര സുഖകരമീ യാത്രകള്‍!
Subscribe to:
Post Comments (Atom)
2 comments:
... ഹായ് എത്ര സുഖകരമീ യാത്രകള്‍!....
മാഷേ....നാട്ടിലേക്കുള്ളത് രസകരം തന്നെ.....തിരിച്ചുള്ളയാത്ര വെറും അവാര്ഡ് പടമല്ലേ :)
ഹായ് എത്ര സുഖകരമീ യാത്രകള്‍!
എല്ലാ യാത്രകളും അങ്ങനെയാവട്ടെ.
Post a Comment