Tuesday, November 11, 2008
ഈച്ചയും പൂച്ചയും കഞ്ഞി വച്ച കഥ
“അപ്പോള്‍ ബഷീറിന്റെ വിശപ്പും ജന്മദിനവും തിന്ന് മണ്‍കൂജയിലെ അവസാനത്തുള്ളിയും മോന്തി ഈ കയറുക്കട്ടിലില്‍ കുന്തിച്ചിരിക്കാം... ഉദീന ചന്തയിലിരിക്കുന്ന സക്കറിയയപ്പോലെ... അല്ലെങ്കില്‍ കറങ്ങിനടക്കാം... കല്ലെടുത്ത് നാരങ്ങാ മിഠായിയാക്കുന്ന അല്‍ഫോസച്ചനെപ്പോലെ ...”
“ഹേയ്... ഇതൊന്നും ശരിയാകില്ല... കഥ പറയു...”
“കഥ... കഥ... സോറി... കഥ പറയാനെനിക്കറിയില്ല.”
Sunday, October 5, 2008
രേഖ മാത്യൂസും ഒരു പട്ടിയുടെ കോളറും
ലക്നൌവിലേയ്ക്കുള്ള യാത്രയില്‍ ഞാനും രേഖയൊടൊപ്പം കൂടേണ്ടതായിരുന്നു. അവസാനനിമിഷം തീരുമാനം മാറ്റി ഞാന്‍ ഹൈദ്രാബാദിലേയ്ക്ക് തീവണ്ടി കയറി. കന്യാമഠത്തില്‍ അകപ്പെട്ട ഒരു കുഞ്ഞാടിന്റെ വിലാപം രേഖയുടെ കത്തില്‍ നിന്നും ഞാന്‍ വായിച്ചറിഞ്ഞു. സ്വതന്ത്രയാവാന്‍ വര്‍ഷാവസാനപ്പരീക്ഷയ്ക്കായ് അവള്‍ കാത്തിരിക്കുകയാണെന്നറിയിച്ചു. ജോലിസാഹചര്യങ്ങളുമായ് പൊരുത്തപ്പെടാനാവാതെ ഞാനും ഹൈദ്രാബാദിനെ ഉപേക്ഷിച്ചിരുന്നു. അങ്ങനെ ഞങ്ങളുടെ ബന്ധവും മുറിഞ്ഞു.
കുട്ടി മനശാസ്ത്രവും പാഠ്യ പരിശീലനാഭ്യാസങ്ങളുമായ് പാലായില്‍ തിരക്കേറിയ ഒരു വര്‍ഷം. വലിയൊരു വെള്ളപ്പൊക്കത്തിനും ആ വര്‍ഷം പാലാ സാക്ഷിയായി. കൊട്ടാരമിറ്റം സ്റ്റാന്റിലൂടെ അരയോളം വെള്ളത്തില്‍ നീന്തിക്കയറി കോളെജിലെത്തിയ ആ ദിനം മാത്രമായിരുന്നു ഞങ്ങള്‍ക്കവധി. ബാലിശമായ പഠനരീതികളിലൂടെ സ്വയം നഷ്ടപ്പെട്ട ആ വര്‍ഷം പക്ഷേ സൌഹൃദത്തിന്റെ വലിയൊരു ലാഭമായിരുന്നു. വടകരയില്‍ നിന്നും സുരേന്ദ്രനും, തൃശ്ശുര്ന്ന് വിന്‍സെന്റും, മലപ്പുറത്തെ റഫീക്കും, ഇടുക്കിയിലെ സാബുച്ചായനും, അങ്ങിനെയെത്രയെത്ര... കര്‍ണ്ണാടകയിലെ ജോര്‍ജ്ജിലെയ്ക്കും എന്തിന് സൌത്താഫ്രിക്കയിലെ സിന്ധുവിലേയ്ക്കും വരെ നീളും ആ ലിസ്റ്റ്.
കണിശക്കാരനായ ക്ലാസ്സ് മുറിയുടെ മുറ്റത്തെ മൈലാഞ്ചിയില്‍ ഞങ്ങള്‍ക്കായ് കാറ്റ് നിറച്ച തണുപ്പ് വൈകുവോളം കാത്തിരുന്നു. അവിടെ മൈതാനത്തിന്റെ വിശാലത മുഴുവന്‍ ഏറ്റു വാങ്ങി പലദിനങ്ങളും ഞങ്ങള്‍ അസ്തമയത്തോളം കാത്തു. വിജയനെയും, മുകുന്ദനെയും,സക്കറിയായെയും, കുഷ്‌വന്ത് സിങിനെയും, ശോഭ ഡെയെയും, തസ്ലീമയെയും ഞങ്ങള്‍ ചര്‍ച്ച ചെയ്തു. കടമ്മനിട്ട കാടിളക്കി കലിയിളക്കി പലകുറി കടന്നു വന്നു. ളാലം ഷാപ്പിന്റെ മധുരക്കള്ളില്‍ പലവട്ടം ഞങ്ങള്‍ ചുള്ളിക്കാടന്‍ കവിതകളുമായ് നുരഞ്ഞു പൊന്തി. ഈ ആഘോഷങ്ങളുടെ രസച്ചരട് ഇടയ്ക്കിടെ പൊട്ടിച്ച് തിരക്കിന്റെ കരിക്കുലം ഞങ്ങളെ ഞെരുക്കിക്കൊണ്ടിരുന്നു.
അവസാന കാലത്തെ അദ്ധ്യാപന പരിചയകാലം ഞങ്ങളെ വിവിധ സ്കൂളുകളിലെയ്ക്കും അതിലൂടെ തിരക്കിന്റെ മറ്റൊരു ലോകത്തിലേയ്ക്കും തിരിച്ചു വിട്ടു. കലാശക്കൊട്ടിന്റെ ആ കാലം യൂണിവേസിറ്റി ബോഡിന്റെ മുന്നില്‍ ഒരു മാതൃകാ ക്ലാസ്സ് മുറിയൊരുക്കേണ്ട ഉത്തരവാദിത്വത്തിലേയ്ക്ക് എന്നെ തള്ളിവിട്ടു. പരിചയകാലത്തില്‍ മരങ്ങാട്ടുപ്പിള്ളിയിലെ കുട്ടികള്‍ക്കായ് ഞാനവതരിപ്പിച്ച ഒരദ്ധ്യായം പുനരവതരിപ്പിക്കണം. സംഭവം കളര്‍ഫുള്ളാക്കാന്‍ റ്റീച്ചിംഗ് എയ്ഡില്‍ കുറെ പുതുക്കലുകളും വരുത്തി. collar - എന്ന വാക്ക് പഠിപ്പിയ്ക്കാന്‍ ഒരു കോളര്‍ വേണം. ഒരു പട്ടിയുടെ കോളര്‍!
“ആര്‍ക്കാ പട്ടിയുള്ളത്?” ക്ലാസ്സിലെത്തിയ ഞാന്‍ ഒരു കോളര്‍ ഒപ്പിക്കാനുള്ള ശ്രമം നടത്തി.
ആ ചോദ്യം വല്ലാത്തൊരു ചിരി പടര്‍ത്തിയപ്പോള്‍ ഞാന്‍ ചോദ്യം തിരുത്തിയാവര്‍ത്തിച്ചു,“സോറി, ആരുടെ വീട്ടിലാ പട്ടിയുള്ളത്? കോളറുള്ള പട്ടി!”
“അത് ഞാനേറ്റു.” രേഖ മാത്യുസ് പറഞ്ഞപ്പോള്‍ എനിക്ക് ആശ്വാസവും അത്ഭുതവും.
പിന്നിടുള്ള ദിവസങ്ങളില്‍ ഞാന്‍ രേഖയെ കാണുമ്പോഴെല്ലാം ഓര്‍മ്മിപ്പിച്ചു. “മറക്കല്ലെ, ബാക്കിയെല്ലാം റെഡിയാണെ.”
“ഇനിയുമിതിങ്ങനെ ഓര്‍മ്മിപ്പിക്കണ്ട, ഞാനേറ്റതല്ലെ.” രേഖ ഉറപ്പ് നല്‍കിക്കൊണ്ടിരുന്നു.
അവസാനം വിധി ദിവസം വന്നെത്തി. രാജേഷ് ഏറ്റിരുന്നതു പോലെ രാവിലെ തന്നെ ജീപ്പുമായെത്തി. റ്റീച്ചിംഗ് എയ്ഡ്സെല്ലാം വാരി ജീപ്പില്‍ കയറ്റി ഞങ്ങള്‍ സുനിലിന്റെ വീട്ടിലെത്തി. പിന്നെ പാലായിലെയ്ക്ക് രാജകീയ യാത്ര. ഈ സുഖത്തിനിടയിലും ഒരു പട്ടിയുടെ കോളര്‍ എന്നെ വല്ലാതെ അലട്ടിക്കൊട്ടിരുന്നു.
“എടോ, താനിതെവിടെയായിരുന്നു? താന്‍ വരാന്‍ നോക്കിയിരിയ്ക്കുകയായിരുന്നു ഞാന്‍. എവിടെ കോളര്‍?” രേഖയെ കണ്ട പാടെ ഞാന്‍ ചോദിച്ചു.
“ഒക്കെയുണ്ട്. സമാധാനമായിരിക്ക്. ഞാന്‍ സ്റ്റുഡന്‍സിനെ കൊണ്ടുവരാന്‍ സെന്റ് മേരീസിലോട്ട് പോകുകയാണ്.” രേഖ പറഞ്ഞതില്‍ എനിക്കവിശ്വാസമായി. ഇവള് ചതിക്കുമോ. ഇനിയിപ്പോള്‍ മറ്റൊന്നും ചിന്തിക്കാന്‍ നേരമില്ല. ഞാന്‍ കസര്‍ത്തിനുള്ള വകയുമായ് മുകളിലെ നിലയിലേയ്ക്ക് പോയി. ചാര്‍ട്ടുകളും കളര്‍ചോക്കുകളും മറ്റു സാമഗ്രികളും അടുക്കിവച്ചു.
എന്റെ മാര്‍ക്കിനായി സഹകരിക്കേണ്ട കുട്ടികളുമായ് രേഖയെത്തി. കൈയ്യിലെ പൊതി എനിക്ക് നീട്ടി ‘ആള്‍ ദ ബെസ്റ്റ്’ പറഞ്ഞു. കോളര്‍! അവള് വാക്കു പാലിച്ചു. ഞാന്‍ ക്ലാസ്സില്‍ കയറി 40 മിനിറ്റിന്റെ റിയാലിറ്റി ഷോ ആരംഭിച്ചു. ക്ലാസ്സിന്റെ പിന്നിലായി ഇക്സാമിനേസും മറ്റദ്ധ്യാപകരും സഹപാഠികളും നിന്ന് എന്റെ അഭ്യാസത്തിന്റെ റെയിറ്റിംഗ് നടത്തുന്നു. വലിയൊരു കൈയ്യടിയോടെ എന്റെ കസര്‍ത്ത് അവസാനിച്ചു.
“ത്യാങ്ക്യൂ സോ മച്ച് രേഖ. ക്ലാസ്സ് ഒരു വിധം നന്നായെന്ന് തോന്നുന്നു.” രേഖയോട് ഞാന്‍ കടപ്പെട്ടിരിയ്ക്കുന്നു. അത് ഒട്ടും മറച്ചു വയ്ക്കാതെ ഞാന്‍ പ്രകടിപ്പിക്കുകയും ചെയ്തു.
“ഒരു വിധമോ! ക്ലാസ്സ് കലക്കികളഞ്ഞില്ലെ. എല്ലാവരും പറഞ്ഞില്ലെ?”
“എന്തായാലും കോളറിന് വെരി താങ്സ്.” ഞാന്‍ കോളര്‍ തിരികെ നീട്ടി.
“ഇതോ... ഇത് കൈയ്യില്‍ തന്നെയിരിക്കട്ടെ... എനിക്ക് പിള്ളേരെ തിരികെ വിടണം.”
“അപ്പോ രേഖെടെ വീട്ടിലെ പട്ടി...?”
“ഓ... അതോ... അതങ്ങനെ കുറെ നാള്‍ അഴിഞ്ഞു നടക്കട്ടെ.”
“ശ്ശെ... അതൊന്നും ശരിയാകുല്ല. താനിതങ്ങോട്ട് പിടി.” കോളര്‍ രേഖയുടെ കൈയ്യില്‍ പിടിപ്പിച്ച് ഞാന്‍ നടന്നകന്നു.
വഴിയില്‍ ജിലു എതിരെ വരുന്നു. എത്ര നിര്‍ബന്ധിച്ചിട്ടും രേഖ കോളര്‍ തിരികെ വാങ്ങാന്‍ കൂട്ടാക്കിയില്ലെന്ന് ഞാന്‍ പറഞ്ഞതും ജിലു പൊട്ടിത്തെറിച്ചു. “എടോ താനെന്താ വിചാരിച്ചത്? അവളുടെ വീട്ടിലൊരു പട്ടിയുമില്ല പൂച്ചയുമില്ല. അല്ലെങ്കില്‍ തന്നെ പഴയതവള്‍ തരുമോ? ഇത് തനിയ്ക്കു വേണ്ടി അവള്‍ കാശു കൊടുത്ത് വാങ്ങിയതാണ്. ഇന്നു രാവിലെ...”
വാക്കുകള്‍ നഷ്ടപ്പെട്ട് ഞാന്‍ തരിച്ചു നിന്നു.
‘അവള്‍ എന്നെ വല്ലാതെ തോല്‍പ്പിച്ച് കളഞ്ഞല്ലോ...’ ഞാന്‍ ഇല്ലാതായി പോകുന്ന പോലെ തോന്നിയ നിമിഷങ്ങള്‍. ക്ലാസ്സ് കഴിഞ്ഞിറങ്ങിയപ്പോള്‍ എനിക്കു കിട്ടിയ അഭിന്ദനങ്ങളെല്ലാം എന്റെ മുന്നില്‍ വല്ലാത്ത നോവുകളായി മാറി. ശരിയാണ്... അതൊരു ഉപയോഗിക്കാത്ത കോളര്‍ ആയിരുന്നു... അതിന്റെ സ്റ്റീല്‍ കൊളുത്തുകള്‍ തിളങ്ങിയിരുന്നു... പക്ഷേ തിരക്കില്‍ ഞാനതൊന്നും തിരിച്ചറിഞ്ഞില്ല... വല്ലാത്തൊരു കുറ്റബോധത്തോടെ ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ അകലെ ഗ്രൌണ്ടില്‍ നിരയായ് നടന്നു മറയുന്ന പെണ്‍കുട്ടികളുടെയിടയില്‍ രേഖ മാത്യൂസ് അപ്രത്യക്ഷയായി.
Tuesday, September 2, 2008
മാവേലി നാട് വാണീടും കാലം
മണ്‍കോലങ്ങള്‍ ആര്‍ത്തുവിളിച്ചു
പൂവേ പൊലി പൂവേ പൊലി
ഓര്‍മ്മകളുടെ വേലിയേറ്റമായ് കൈയ്യടിപ്പാട്ടുകള്‍
തേക്കുപാട്ടിന്റെ ഈണം മുഴുമിയ്ക്കാനാവാതെ
എന്റെ തൊണ്ടയില്‍ സ്വരമടഞ്ഞു പോയി
കടം കൊണ്ട പൈതൃകത്തിന്റെ നേരറിവില്‍
ഞാന്‍ തിരികെ വരുന്നു
ഒരു പൂക്കുട്ട മാത്രം കൈയ്യിലേന്തി
മൂളല്‍ മടുത്ത് കരിവണ്ടുകള്‍ നിശബ്ദമായി
ചിറകുകള്‍ കുഴഞ്ഞ് തുമ്പികള്‍ മടക്കവുമായി
അങ്ങിനെ ഞാനും പുഴയും തനിച്ചായി
ഇനി ചായക്കൂട്ടുകള്‍ കഴുകി കളയണോ
മേഘങ്ങള്‍ക്കും പുഴയ്ക്കും ഒരേ നിറം നല്‍കാം
ബാക്കിയെല്ലാം നിങ്ങള്‍ പങ്കുവച്ചോളു
ഇനിയാണ് പൂക്കളം തീര്‍ക്കേണ്ടത്
നേര്‍ത്ത നിലാവ് കടഞ്ഞ നേര്യത് ചുറ്റി
നീര്‍ക്കുമിളകളുടെ പട്ടുടുത്ത്
കൈതപ്പൂക്കളുടെ ഫോസിലുകള്‍ കൊണ്ടാണ്
ഞാനീ പൂക്കളം തീര്‍ക്കുന്നത്
ഇടയിലൊരല്പം വേദനയും കിനാക്കളും
Saturday, August 16, 2008
വിഷാദഗാനങ്ങളുടെ തെരുവ്
കുപ്പിവളകള്‍ ഉടഞ്ഞു വീഴുന്നൂ
മരണത്തിന്റെ ദുര്‍ഗന്ധം കഴുകനെപ്പോലെ
പറന്നിറങ്ങിക്കൊണ്ടെയിരിക്കുന്നു
മരങ്ങളെല്ലാം കത്തിത്തീരുന്നു
ഹൃദയങ്ങളെല്ലാം രക്തം കിനിയ്ക്കുന്നു
കാലൊടിഞ്ഞ ഒരെലി മാളത്തിലേയ്ക്ക് വലിഞ്ഞു
ഗായകന്‍ സാരംഗി മീട്ടിക്കൊണ്ടെയിരുന്നു
പുകച്ചുരുകള്‍ക്ക്
സ്വപ്നങ്ങളുടെയും കഞ്ചാവിന്റെയും ഗന്ധം
ആദിയില്‍ നിന്നും അനാദിയിലെയ്ക്കുള്ള
പരിക്രമണം
ബാബേല്‍ ഗോപുരം വീണുടഞ്ഞതും
ബാബിലോണ്‍ നദിയില്‍ കണ്ണീരുയര്‍ന്നതും
ഇവിടെ നിന്നാണ്
നെഞ്ചില്‍ പ്രാവുകലുകളുടെ കുറുകലുകള്‍
കഴുകന്‍ ചിറകടികളില്‍ ഇല്ലാതാകുമ്പോള്‍
ഓരിയിട്ടു പാഞ്ഞുപോയ തെരുവു പട്ടിയും
ദാരിദ്രത്താല്‍ നഗ്നയായി ആ പെണ്‍ക്കുട്ടിയും
തെരുവിന്റെ ധാരണകളിലവശേഷിച്ചു
അവസാനത്തില്‍ തുടങ്ങി ആദ്യത്തിലെത്തുന്ന
ഒരു ധാരണ
വെറും ധാരണ മാത്രമായ ജീവിതം
പിന്നെ തമാശകളായ ദുഃഖങ്ങള്‍
Friday, August 8, 2008
വിവാഹക്ഷണക്കത്ത്
തെരുവില്‍
തണലുകള്‍ തേടിയൊരു ചെറിയ യാത്ര
17-ാം നൂറ്റാണ്ടിന്റെ മതിലുകള്‍ക്കകത്ത്
കാലിടറാതിരിയ്ക്കാന്‍ കര്‍ത്താവിന്റെ മണവാട്ടികള്‍
കൊന്തയും കുര്‍ബ്ബാനയും മെഴുതിരികളുമായ്
ആളിപ്പടര്‍ന്നു
കംപ്യൂട്ടറില്‍ ചെറിയൊരു ചിരിയുണര്‍ന്നപ്പോള്‍
ആ ചെറുപ്പക്കാരന്‍
സാമ്പ്രാണിത്തിരികളുടെ പുകച്ചുരുളിലേക്ക്
മറിഞ്ഞു വീണു
‘നീളം ഗുണം വീതി സമം വീസ്തീര്‍ണ്ണം’
ഹര്‍മ്മോണിയത്തിന്റെ വിസ്താരത്തിനുമപ്പുറം
ഒരു തെരുവുപ്പട്ടി ഓരിയിടുന്നു
കണ്ണട മാറ്റി കാഴ്ച നഷ്ടപ്പെട്ട്
ഞാന്‍ ചായക്കോപ്പ മൊത്തിക്കൊണ്ടിരുന്നു
ഇനി നടക്കേണ്ട വഴിയേത്?
ഏല്ലാം സൂത്രവാക്യത്തിലുണ്ട്
അനുസരിക്കുക
ഈരാറ്റുപേട്ടയിലെ പൂഞ്ഞാറില്‍ നിന്നും
ജീവിച്ചിരിക്കുന്ന ശ്രീമതി ആന്‍ഡ് ശ്രീമാന്‍
നിന്റെ സാന്നിദ്ധ്യം ക്ഷണിക്കുന്നു
‘നീ പ്രേമിച്ചിരുന്ന ഞങ്ങളുടെ മകള്‍
വിവാഹിതയാകുന്നു
നീ ചുംബിച്ച അവളുടെ കവിളുകള്‍
ഇനി മറ്റൊരുത്തന്‍ ചുംബിക്കട്ടെ
നീ തലോടിയ അവളുടെ മാറിടം
ഇനി മറ്റൊരുത്തനാകട്ടെ
നീ വരുക
അസൂയയില്ലാതെ’
വിത്ത് ബെസ്റ്റ് കോംപ്ലിമെന്‍സ്
...............
ചിട്ടയായ് നിരത്തിയ ഒരു കൈയ്യൊപ്പ്
അതില്‍ ഇറ്റു പടര്‍ന്ന ഒരുപ്പുനീര്‍
പിഴയ്ക്കാതിരിയ്ക്കാന്‍
ശരിയായ ബന്ധിച്ച മുദ്രണം
കല്‍ക്കരി മണവുമായ്
എന്റെ നെഞ്ചിലേയ്ക്കെറിഞ്ഞ
സൂത്രവാക്യം
നീളം ഗുണം വീതി സമം വീസ്തീര്‍ണ്ണം
Tuesday, July 29, 2008
സുഖപ്രസവം, നാല് കുട്ടികള്‍ സര്‍
“റിയലീ!?” ആദ്യം വായില്‍ വന്നത് അങ്ങിനെയാണ്. “കണ്‍ഗ്രാജുലേഷന്‍സ്...”
സിറിയയില്‍ നിര്‍ബന്ധിത സൈനിക സേവനത്തിനു ശേഷം റിയാദില്‍ ഭാഗ്യന്വേഷിയായ് എത്തിച്ചേര്‍ന്ന ഈ കുറിയ മനുഷ്യന്‍ ഞാന്‍ കണ്ടു മുട്ടിയ സിറിയക്കാരില്‍ നിന്നും ഏറെ വ്യത്യസ്തനായിരുന്നു. ആ വ്യത്യാസം ചൂണ്ടിക്കാട്ടിയപ്പോള്‍ അയാള്‍ സൈനിക ജീവിതത്തെയെയും അതിലുടെ കൈ വന്ന മാറ്റത്തെയും കുറിച്ച് വാചാലനായി. പണം കൊടുത്ത് മറ്റുള്ളവരെപ്പോലെ തനിക്കും സൈനിക ജീവിതം ഒഴിവാക്കാമായിരുന്നെങ്കിലും അയാള്‍ രാജ്യസേവനം ആസ്വദിച്ച് ജീവിതം കരുപ്പിടിപ്പിയ്ക്കുകയായിരുന്നു. തന്റെ കാര്‍ഷികോത്സാഹത്തിന്റെ വിളവെടുപ്പിലേയ്ക്ക് സിറിയയിലെ ഒരുള്‍നാടന്‍ ഗ്രാമം അയാളെ ഇടയ്ക്കിടെ വിളിച്ചുകൊണ്ടിരുന്നു. അങ്ങിനെയൊരു വിളവെടുപ്പിന്റെ അവധി കഴിഞ്ഞെത്തുമ്പോഴാണ് ജലീല്‍ ഈ വിശേഷം പങ്കു വെച്ചത്.
എന്റെ മുഖത്തേക്ക് നോക്കി ജലീല്‍ ആവര്‍ത്തിച്ചു, “നാല് സര്‍, നാല്. മൂന്ന് പെണ്ണും ഒരാണും. അവിടെ പേപ്പറിലും ഇന്റര്‍നെറ്റിലും വന്നിരുന്നു.” ഒരറബിപേപ്പറിന്റെ കട്ടിംഗ് എന്റെ കൈയ്യില്‍ തന്നു. നീല കമ്പിളികുപ്പായത്തില്‍ പൊതിഞ്ഞ് നാല് കുഞ്ഞുളെ നിരത്തിക്കിടത്തിയിരിക്കുന്ന ഫോട്ടോയോടുകുടിയ വാര്‍ത്ത.
“കണ്‍ഗ്രാജുലേഷന്‍സ്... നിന്റെ സമയം നല്ലതാണെന്ന് തോന്നുന്നു, ഭാഗ്യവാന്‍.” ഞാന്‍ അഭിനന്ദനങ്ങള്‍ക്ക് പിശുക്ക് വരുത്തിയില്ല.
“അല്‍ ഹംദുലില്ല...” ജലീല്‍ തന്റെ മുറിയിലേയ്ക്ക് പോയി.
ജോലിത്തിരക്കുകള്‍ സമയം കവര്‍ന്നെടുത്ത് മാസങ്ങള്‍ കടന്നുപോയതറിഞ്ഞില്ല. ജലീലിന്റെ കുട്ടികളെക്കുറിച്ച് ഭാര്യയുടെ ചോദ്യത്തിന് ഉത്തരം നല്‍കാനായില്ല. പിന്നീട് കുട്ടികളെപ്പറ്റിയൊന്നും ജലീലിനോട് ചോദിക്കാതിരുന്നതില്‍ ചെറിയൊരു ശരിയില്ലാഴ്മയും തോന്നി. പിറ്റേന്ന് ജലീലിനെ കണ്ട മാത്രയില്‍ കുട്ടികളെപ്പറ്റിത്തിരക്കി.
“അവരെല്ലാം റിയാദിലുണ്ട് സര്‍, സുഖജീവിതം.” തിളങ്ങുന്ന കണ്ണുകളോടെ ജലീല്‍ പറഞ്ഞപ്പോള്‍ അവരുടെ ആനന്ദജീവിതം ആ കണ്ണുകളില്‍ ഞാന്‍ വായിച്ചെടുത്തു.“വീട്ടിലേക്ക് വരു സര്‍, കുഞ്ഞുങ്ങളെ കാണാന്‍ താല്പര്യമുണ്ടോ?” ക്ഷണിക്കാനും ജലീല്‍ മറന്നില്ല.
“നമ്മുക്ക് ഒന്ന് പോയാലോ?” ഭാര്യയ്ക്ക് ഉത്‌ഹാസമായി.
“ഏയ് അതൊന്നും ശരിയാകില്ല.” ഞാന്‍ വിസമ്മതക്കുറിപ്പിറക്കി.
പക്ഷേ പിറ്റേന്ന് ജലീലിന്റെ രണ്ടാം വട്ടം ക്ഷണമുണ്ടായി. അവസാനം ആ വാര്യാന്ത്യത്തില്‍ ഞങ്ങള്‍ അത്താഴത്തിന് എത്താമെന്ന് ഉറപ്പ് നല്‍കേണ്ടിയും വന്നു. സാംസ്കാരിക വൈരുദ്ധ്യം അതിഥി ആഥിധേയ മര്യാദകളെ എങ്ങിനെ സങ്കലനം ചെയ്യും? നാല് കുഞ്ഞുങ്ങള്‍! എന്ത് സമ്മാനമായിക്കരുതണം? എന്റെ അനാവശ്യ ചിന്തകള്‍ അസ്ഥാനത്താണെന്ന് ഭാര്യ ഉറപ്പിച്ചു. എന്താകട്ടെ,ഒരുങ്ങുക തന്നെ.
ഞങ്ങള്‍ ജലീലിന്റെ ഫ്ലാറ്റിലെത്തുമ്പോള്‍ അവര്‍ ഞങ്ങള്‍ക്കായ് കാത്തിരിയ്ക്കുകയായിരുന്നു. താമസിച്ചതിന് ക്ഷമാപണവുമായ് ഞങ്ങള്‍ അകത്തുകടന്ന് ഞങ്ങള്‍ക്കായ് വിരിച്ച കാര്‍പ്പറ്റിലേയ്ക്ക് ചമ്രം പടിഞ്ഞു.
“അസെലാമലൈക്കും...” ജലീലിന്റെ കുടുംബിനി മുറിയിലേയ്ക്ക് പ്രവേശിച്ചു. എന്റെ ഭാര്യ എഴുന്നേറ്റ് അവരെ ആശ്ലേഷിച്ച് പ്രത്യഭിവാദ്യം ചെയ്ത് കരുതിയിരുന്ന സമ്മാനപ്പൊതി കൈമാറി. അവര്‍ ഞങ്ങളുടെ മുന്നിലേയ്ക്ക് ഗാവയും* ഈത്തപ്പഴവും നിറച്ചു.
“കുട്ടികള്‍...?” ഞാന്‍ ചോദിച്ചു.
“അവരുറങ്ങുന്നു. ഉടനെ എഴുന്നേല്‍ക്കും. നമ്മുക്ക് ഭക്ഷണം കഴിയ്ക്കാം.” ജലീല്‍ പറഞ്ഞവസാനിയ്ക്കുന്നതിന് മുമ്പേ വറുത്ത കോഴിയും മൊരിച്ച റൊട്ടിയും ഒലിവെണ്ണയൊഴിച്ച കടലച്ചമ്മന്തിയും കുറെ ഉപ്പിലിട്ട ഒലിവിന്‍ കായ്കളും മറ്റു വിഭവങ്ങളും നിരന്നു.
‘കൊള്ളാം, കാര്യമായിട്ടാണല്ലോ?’ ഞാന്‍ രഹസ്യമായി ഭാര്യയോട് പറഞ്ഞു.
സമൃദ്ധമായ അത്താഴം ചൂടുള്ള ഒരു തുര്‍ക്കിക്കാപ്പിയോടെ അവസാനിച്ചു.
അകത്തെ മുറിയില്‍ കുട്ടികള്‍ ഉണര്‍ന്നതിന്റെ ലക്ഷണങ്ങള്‍ കേട്ടുതുടങ്ങി. ഓരോരുത്തരെയായ് അവര്‍ പുറത്തേയ്ക്ക് കൊണ്ടു വന്നു. ഓമനത്തം തുളുമ്പുന്ന മൂന്ന് പെണ്‍കുഞ്ഞുങ്ങള്‍. ആണ്‍കുട്ടി ഇനിയും എണിറ്റിട്ടില്ല. ഏത് കുഞ്ഞിനെ ആദ്യമെടുക്കണെമെന്നോരു കണ്‍ഫ്യൂഷന്‍! കുഞ്ഞുങ്ങള്‍ ഓരോരുത്തരായ് മടിയിലേയ്ക്കും ഒഴിഞ്ഞ പിഞ്ഞാണങ്ങളിലേയ്ക്കും നീന്തിക്കയറി. ഗാവ ഗ്ലാസ്സുകള്‍ ഒന്നോ രണ്ടോ മറിഞ്ഞുടഞ്ഞു.
“നിങ്ങള്‍ വല്ലാതെ കഷ്ടപ്പെടുന്നുണ്ടാവുമല്ലേ?” ഞാന്‍ കുഞ്ഞുങ്ങളെ നോക്കിപ്പറഞ്ഞു.
“ഏയ്യ്, അങ്ങിനെയൊന്നുമില്ല.” അവര്‍ കുട്ടികളെ എടുത്ത് അകത്തെ മുറിയിലാക്കി കുറെ കളിപ്പാട്ടങ്ങളും വാരിയിട്ടു. അപ്പോള്‍ നാലാമത്തെ കുഞ്ഞും എണീറ്റു കരഞ്ഞു.
മറ്റൊരു തുര്‍ക്കിക്കാപ്പി കൂടി പകര്‍ന്ന് ജലീല്‍ ഒരു സിഗറിറ്റിന് തീ കൊടുത്തു. തുടര്‍സംഭാഷണങ്ങള്‍ ലഘൂകരീക്കാനുള്ള എന്റെ ശ്രമമെല്ലാം പാഴായി. ജലീലിന്റെ ഭാര്യ കുറെ കുപ്പായങ്ങളുമായ് തിരികെയെത്തി. അവ ഓരോന്നായി നിവര്‍ത്തി അഭിപ്രായമാരാഞ്ഞു. “ഉഗ്രന്‍, കൊള്ളാം! നല്ല കളര്‍!” എന്നൊക്കെ എന്റെ ഭാര്യ തട്ടി വിടുന്നുണ്ട്. ഇടയ്ക്ക് എന്റെ മുന്നിലേയ്ക്കും കുറെ നിരത്തിയിട്ടു. ഞാനെന്തഭിപ്രായം പറയാന്‍.
“നല്ല ഡിസൈന്‍. റിയാദില്‍ കാണാനില്ല.” എന്തെങ്കിലും പറയണമല്ലോ, ഞാനും തട്ടി വിട്ടു.
“ശരിയാ. ഇത് റിയാദില്‍ കിട്ടില്ല. ഞങ്ങള്‍ സിറിയയില്‍ നിന്നും വില്ക്കാന്‍ കൊണ്ടു വന്നതാ. മാഡത്തിന് നന്നായിരിയ്ക്കും.”
‘ദൈവമെ, ഇത് നമ്മള്‍ക്ക് വില്ക്കാനുള്ള പരിപാടിയാണല്ലോ?’ ഞാന്‍ ഭാര്യയോട് അടക്കം പറഞ്ഞു.
“ഇതെല്ലാം നല്ലതാ, പക്ഷേ ഞങ്ങളുടെ ആളുകള്‍ ഈ രീതിയിലുള്ളത് ധരിയ്ക്കാറില്ല. ഒന്നും തോന്നരുത്.” ഭാര്യ ഭംഗിയായ് കാര്യമവതരിപ്പിച്ചു. ആഥിധേയരുടെ വിഷണ്ണമായ മുഖത്തേയ്ക്ക് നോക്കാന്‍ എനിയ്ക്കായില്ല.
“മോനെ മാത്രം കണ്ടില്ലല്ലോ?” ഞാന്‍ നിശബ്ദതയ്ക്ക് വിരാമമിട്ടു.
ജലീല്‍ അകത്തുപോയി കുഞ്ഞുമായെത്തി. നാലാമത്തെ കുട്ടി മറ്റു കുട്ടികളെക്കാള്‍ കാഴ്ചയില്‍ ക്ഷീണിതനായി തോന്നി. അവനെ ലാളിച്ച് തിരികെപ്പോരാന്‍ യാത്രയാകുമ്പോള്‍ അകത്ത് മറ്റൊരു ഗ്ലാസ്സ് കൂടി വീണുടയുന്നത് കേട്ടു.
*ഗാവ - ഒരറേബ്യന്‍ വെല്‍ക്കം ഡ്രിംങ്
Tuesday, July 22, 2008
മൂന്ന് യാത്രാക്കവിതകള്‍
ഉഷ്ണക്കാറ്റിന്റെ പാച്ചിലും
കരിഞ്ഞുണങ്ങിയ പുല്‍മേടുകളും
എഴുന്നു നില്‍ക്കുന്ന പാറകളുമല്ലാതെ
മറ്റൊന്നും കാണാനില്ലെന്ന് തോന്നിപ്പോകുന്നു
എങ്കിലും
ഈ മലയടിവാരത്തില്‍ ഞാന്‍
അഗസ്ത്യകൂടത്തെ തിരിച്ചറിയുന്നു
പക്ഷേ, നാറാണത്തച്ഛന്‍ തള്ളിയിട്ട
പാറക്കൂട്ടങ്ങള്‍ കാണുന്നില്ല!
2.ഗോദാവരി
ഗോദാവരി ഉത്ഭവിയ്ക്കുന്നത്
ഒരു കണ്ണീര്‍ത്തുള്ളിയായാണ്
വ്രതത്തിന്റെയും നോയമ്പിന്റെയും
പ്രത്യുത്തരമായ് ഒരു കണ്ണീരായ്
ഗുഹാമുഖത്തു നിന്നും ഗോദാവരി
ഒഴുകിയിറങ്ങുന്നു
സ്നാനഘട്ടില്‍ ദൈവങ്ങളെ വിട്ട്
ജലക്രീഡകളുടെ നേരമ്പോക്കിലേയ്ക്ക്
ആര്‍ത്തിയോടെ മിഴിയുടക്കുമ്പോള്‍
അമ്പലമണികളില്‍, നന്ദീകാവലില്‍
ശിവലിംഗത്തില്‍ പറ്റിച്ചേര്‍ന്ന് പൂക്കള്‍
സായുജ്യമടഞ്ഞു
(ഗോദാവരി ഏല്ലാ വിധത്തിലും സമ്പന്നയാണ്)
3.ത്രയംബക് ക്ഷേത്രം
സ്വയംഭൂവിന്റെ
ക്ഷേത്രനടയില്‍
ഗോക്കളണഞ്ഞു
പുല്ലരിഞ്ഞ്
വിളറിപ്പോയ
വിരലുകളില്‍
വാത്സ്യലത്തിന്റെ
ചെറുത്തുട്ടുകള്‍
ആയുര്‍രേഖ
നീട്ടിയെഴുതുന്നു
കാമചേഷ്ടകളില്‍
മിഥുനങ്ങള്‍
നഷ്ടപ്പെടുമ്പോള്‍
തണുത്തുറഞ്ഞ
കല്‍ത്തുണുകള്‍
ദേവദാസികളുടെ
പാട്ടിലുണര്‍ന്നു
പാലില്‍ മുങ്ങി
സ്വയംഭൂ
സമാധിയായി
Thursday, June 19, 2008
പച്ചിലപ്പാമ്പ്
പച്ചമരത്തിന്റെ കൊമ്പില്‍ നിന്നെന്റെ
പ്രാണന്റെ കാമ്പിലെക്കെത്തി നോക്കി
പച്ചിലപ്പാമ്പേ നീയെന്‍ ജീവനെ പാതിയാക്കി
പാതികരിഞ്ഞ മനസ്സിന്റെ കരയിലെയ്ക്ക-
ന്യമാം ഭീതിയാല്‍ നീയിഴഞ്ഞടുക്കുമ്പോള്‍
അറിഞ്ഞുവോ നിന്നിലേയ്ക്കിഴയടുക്കുന്നത്?
വശ്യമാം നിന്നുടല്‍കാന്തിയില്‍ മുങ്ങവേ
എന്നുടല്‍ ഘര്‍ഷത്തിലാറാടി നിവര്‍ന്നതില്‍
കര്‍മ്മകാണ്ഡത്തിന്റെ പാശമുയര്‍ന്നു
ഒടുവില്‍ നിയെന്റെ കണ്ണിന്റെ, കരളിന്റെ,
ജീവശ്വാസത്തിന്റെയും കുളിരായി
പ്രാണന്റെ പകുതിയായ് മാറി പാമ്പേ.
Wednesday, May 14, 2008
ഒരു സ്നേഹ സംവാദം
ആകാശത്തേയ്ക്ക് ഒരു കസേര വലിച്ചിട്ടു
ഒളിഞ്ഞും തെളിഞ്ഞും അവരെത്തിയെത്തിയപ്പോള്‍
ആയാള്‍ മെല്ലെ ചോദ്യങ്ങളുടെ കൂട് തുറന്നു.
“പൊട്ടിച്ചിരിക്കുന്ന അരുവിയുടെ കളകളമായ്
നൃത്തമാടുന്ന കുപ്പിവളകളുടെ കിലുകിലുക്കമായ്
നിങ്ങളെ വാരിയെറിഞ്ഞതാരാണ്?”
“അവള്‍ - സ്വപ്നങ്ങളുടെ കാമുകി.”
“അപ്പോള്‍ ഈ നിറങ്ങളും
തിളക്കവും നിങ്ങളില്‍ ചേര്‍ത്തതാരാണ്?”
“അവള്‍ ചിരിക്കാനൊരുങ്ങിയപ്പോള്‍ നിറങ്ങളും
ചുംബിക്കാനൊരുങ്ങിയപ്പോള്‍ തിളക്കവും ഞങ്ങളില്‍ ചേര്‍ന്നു
പക്ഷേ... എല്ലാം കൂട്ടിവച്ച് അവളിറങ്ങിപ്പോയി...”
(നക്ഷത്രങ്ങള്‍ കരയാനൊരുങ്ങി)
“അപ്പോള്‍ നിങ്ങള്‍ക്കും വേദനകളുടെ ലോകമുണ്ടോ!”
“ഭൂമിയില്‍ ഓരോ സ്വപ്നങ്ങള്‍ തകരുമ്പോഴും
ഞങ്ങളില്‍ നിറവും തിളക്കവും മങ്ങുന്നു.
ഭൂമിയിലെ ഓരോ നെടുവീര്‍പ്പിലും ഞങ്ങള്‍ നിപതിക്കുന്നു.
ഇതാണ് ഞങ്ങളുടെ ജീവിതം - നക്ഷത്രങ്ങളുടെ ലോകം.”
അയാള്‍ വീണ്ടും ചോദിക്കാനൊരുങ്ങിയപ്പോള്‍
അരുവിയുടെ കളകളമായ് കുപ്പിവളയുടെ കിലുകിലുക്കമായ്
ഒരു സംഗീതം ചക്രവാളത്തില്‍ നിറഞ്ഞലിഞ്ഞു.
നക്ഷത്രങ്ങളുടെ രാജകുമാരിയായ് അന്നവള്‍
ആകാശക്കൊട്ടാരത്തില്‍ വാഴിക്കപ്പെട്ടു.
ആ സംഗീതത്തില്‍ മുഴുകി അയാള്‍ തളര്‍ന്നു മയങ്ങി.
Wednesday, May 7, 2008
കടല്‍ക്കരയിലെ കുട്ടികള്‍
കടല്‍ക്കരയില്‍ ഇരിക്കുന്നു.
ഒരാണ്‍കുട്ടിയും
മറ്റെത് പെണ്‍കുട്ടിയും.
കക്കകളും ചിപ്പികളും
അവര്‍ പെറുക്കിക്കൂട്ടി.
ഒരു വലിയ തിരമാല
അവരുടെ നേരെ ആര്‍ത്തു.
കക്കകളും ചിപ്പികളും
കടലിലേയ്ക്ക് ഒഴുകിപ്പോയി.
വിഷണ്ണനായ ആണ്‍കുട്ടിയോട്
പെണ്‍കുട്ടി പറഞ്ഞു,
‘ഇനിയൊരിക്കലും അവ
തിരികെ വരില്ല,
നമ്മുക്ക് പോകാം.’
ആണ്‍കുട്ടി പറഞ്ഞു,
‘ഞാനിവിടെ കാത്തിരിക്കട്ടെ
അവ തിരികെയെത്തും.’
പെണ്‍കുട്ടി നടന്നു മറഞ്ഞു.
പിന്നാലെ അടുത്ത തിരയുമെത്തി.
Tuesday, April 15, 2008
കുടിയിറക്കം
തണുപ്പ് എന്റെ വസ്ത്രങ്ങളെ കീറിക്കളയുകയും ചെയ്തു
അടര്‍ന്നു വീണ മണ്‍ഭിത്തികള്‍ക്കിടയില്‍
പൂഴിയില്‍ മുഖമമര്‍ത്തി ഞാന്‍ തേങ്ങി
ഇന്നലെയിവിടെയൊരു ഗ്രാമമുണ്ടായിരുന്നു
അരുവികള്‍ തളിര്‍ക്കുകയും പൂവിടുകയും ചെയ്തിരുന്നു
ചില്ലകളില്‍ ഊഞ്ഞാല്‍ പാട്ടുയുരുകയും
കുരുവികള്‍ തേനുട്ടിപ്പറക്കുകയും ചെയ്തിരുന്നു
ഇന്ന് കാഴ്ചകള്‍ നഷ്ടപ്പെട്ടവരുടെ തേരോട്ടമായിരുന്നു
രഥചക്രങ്ങളില്‍ അടര്‍ന്നു പോയ മണകൂടുകള്‍
സൃഷ്ടിച്ച ശ്മാശനത്തില്‍ രാത്രിമഴയുടെ വിറങ്ങലിച്ച
യാമങ്ങള്‍ തേങ്ങലുകള്‍ നിറഞ്ഞ് മൂകമായി
ഇന്നലെ കന്യകമാരുടെ രക്തം പുഴകളില്‍ നിറയുകയും
മീനുകള്‍ കന്യകമാരായ് പുനര്‍ജ്ജനിക്കുകയും ചെയ്തു
അത്തിമരച്ചില്ലകളില്‍ വിരിയാത്ത കുരുവിക്കൂടുകള്‍
അമ്മക്കിളിയെയോര്‍ത്ത് സമാധിയായി
ഇന്ന് ഓളങ്ങളാല്‍ സംവഹിക്കപ്പെട്ട് ഞാന്‍ മാത്രം
പൊങ്ങിയും താണും വിടര്‍ന്നും കൊഴിഞ്ഞും
മുറിവേറ്റ എന്റെ ഗ്രാമാശ്രമത്തില്‍ നിന്നും
രക്തം കിനിയുന്ന ഹൃദയവുമായ് ഒഴുകിയിറങ്ങി
Tuesday, April 1, 2008
മരങ്ങാട്ടുപ്പള്ളിയില്‍ നിന്നും ഒരവിവാഹിതന്റെ വിലാപം
രാവിലെ റബ്ബര്‍ വെട്ട് കഴിഞ്ഞപ്പോഴാണ് സമയം പതിവിലും വൈകിയെന്ന ആധി പ്രകാശിനെ പിടികൂടിയത്. കിണറ്റുകരയില്‍ നിന്നും മൂന്നാലു തൊട്ടി വെള്ളം കോരി തല വഴി കമഴ്ത്തി, തോര്‍ത്തി, പൌഡറില്‍ മണപ്പിച്ച്, പല്ലിന്റെ വിടവിലൂടെ നാവിന്‍ത്തുമ്പൊന്നമര്‍ത്തി കണ്ണാടിയ്ക്ക് മുമ്പില്‍ ഞെളിഞ്ഞൊന്ന് നോക്കിട്ട് മൂക്കിലെ മറുകിലൊന്ന് തലോടി കവലയിലേയ്ക്ക് ഒറ്റ നടത്തം. വരുന്ന ബസ്സെല്ലാം തിങ്ങിനിറഞ്ഞ്, തൂങ്ങിയാടികിടക്കുന്നു ഭാവിയുടെ വാഗ്ദാനങ്ങള്‍. ഇനി നോക്കീട്ട് കാര്യമില്ല. പ്രകാശ് കോളജിലേയ്ക്ക് തൂങ്ങി നീങ്ങി.
കോളജിന്റെ പ്രധാന കവാടത്തിലേയ്ക്ക് കാലെടുത്തു വച്ചതും ചെരിപ്പിന്റെ വാറ് ടിം... “ഹെന്റമ്മച്ചിയെ...” പ്രകാശ് മനസ്സില്‍ വിളിച്ചു. റബ്ബര്‍ വെട്ടാന്‍ പോകുന്ന ചെരിപ്പ്! മാറിയിടാന്‍ മറന്നു. ഇതിന്ന് പണിയാകും. എന്നാലും വെച്ച കാല് പിന്നോട്ടില്ല. ഒരു കമ്പെടുത്ത് വാറ് കുത്തിക്കേറ്റി ക്ലാസ്സിലേയ്ക്ക് പിടിച്ചു. റബ്ബര്‍ പാല്‍ വീണ് കറുത്ത പുള്ളികളുള്ള ദ്രവിച്ച് തീരാറായ ചെരിപ്പ്! “ഏതേലും കഴുവേറി ഇന്നിതെക്കേറിപ്പിടിയ്ക്കരുതേ...” പ്രകാശ് ഉള്ളാലെ പ്രാര്‍ത്ഥിച്ചു. പ്രകാശിന്റെ പ്രാര്‍ത്ഥനയല്ലെ ആര് കേള്‍ക്കാന്‍. കൈയൊടെ പിടിച്ച് മനോജിന്റെ വക ഗംഭീര സ്വീകരണം. “പോടാ മയിരുകളെ...” പ്രകാശ് ഏല്ലാവരോടുമായി പൊട്ടി. പിന്നെ റബ്ബര്‍ കര്‍ഷകനെക്കുറിച്ചും അദ്ധ്വാനിക്കുന്ന കര്‍ഷകവിഭാഗത്തെക്കുറിച്ചും ഒരു ലഖുലേഖ. അതൊക്കെ എവിടെയെശാന്‍? പ്രകാശ് അന്നത്തെ പ്രധാന കഥാപ്രാത്രമായി. എന്‍. സി. സിയില്‍ അണ്ടര്‍ ഓഫീസറായ പ്രകാശിന്റെ ബുദ്ധിയുണരുന്നു, ‘ഞാനിപ്പോ ബൂട്സിട്ട് വരാ‘മെന്നൊരു ഗമെല് കക്ഷി എന്‍. സി. സി റൂമിലെയ്ക്ക് പാഞ്ഞു. ആ ഐഡിയായും ചീറ്റി. കമാന്‍ഡര്‍ ഇത്താക്ക് ഹാജര്‍ നഹി ഹെ! പിന്നെയെന്തോന്ന്! വീണെടെം വിഷ്ണു ലോകം. സര്‍വ്വലോക റബ്ബര്‍വെട്ടുകാരെ സംഘടിക്കുവിന്‍. അത്ര തന്നെ.
ഉച്ചയ്ക്ക് കാന്റിനില്‍ നിന്നും താഴെ മാടക്കടയിലേയ്ക്ക് നടന്നു. പ്രേമിന്റെയോ ചാക്കോച്ചന്റെയോ സിഗരിറ്റിന്റെ പങ്കു പറ്റണം - ഒരു സിഗരറ്റിന് നാലോ അഞ്ചോ അവകാശികള്‍. ഹാവു പുകച്ചൂതുന്ന ഈ ജീവിതം എത്രയോ സുന്ദരം! തിരിച്ചു കേറുമ്പോള്‍ അച്ചുവേട്ടന്റെ വക, “പ്രകാശെ, നീയിപ്പൊ റബ്ബര്‍ പാലാണോ കുടിയ്ക്കുന്നത്? നടക്കുമ്പോള്‍ റബ്ബര്‍ പന്ത് പോലൊരു ചാട്ടം.” ആ കമന്റ് ഏല്ലാവര്‍ക്കും രസിച്ചു. ഏല്ലാവരും ഒന്നാര്‍ത്തുവിളിച്ചു. അച്ചുവേട്ടനെ തെറി വിളിക്കാന്‍ വയ്യാത്തതിന്റെ കേട് മറ്റുള്ളവരോടായി പ്രകാശ്. “പോടാ മയിരുകളെ...” ശുഷ്കമായ പ്രകാശിന്റെ തെറിലോകം ഈ വാക്കിലൊതുങ്ങി.
ശിവാനന്ദോത്സവം:
ഉത്സവക്കമ്മിറ്റി പ്രധാന കാര്യക്കാരന്‍ ശിവാനന്ദന്റെ അതിഥികളായി അമ്പലപ്പറമ്പില്‍ അലഞ്ഞുതിരിയുമ്പോള്‍ നീന്തലറിയാത്ത പ്രകാശിന്റെ തലയില്‍ സമയം പോകാനുള്ള വിദ്യയുദിച്ചു. പിന്നെ താമസിച്ചില്ല. പാറമടയിലെ വിശാലതയില്‍ നീന്തിത്തുടിച്ച് രസിച്ചു(?). അകലെ പടിഞ്ഞാറെ ചക്രവാളത്തില്‍ അന്തിക്കള്ളിന്റെ മണം ഉയര്‍ന്നു പടര്‍ന്നു. “എടാ മൂക്കണെനു മുമ്പ് അങ്ങ് ചെല്ലണം”, പ്രകാശ് അക്ഷമനായി. ആവേശത്തിനിടയില്‍ ഈയുള്ളവന്‍ മുങ്ങിത്താണു. പനനീര് മോന്താനുള്ള യാത്രയില്‍ നനഞ്ഞ അണ്ടര്‍ വെയറുമായി പൊരുത്തപ്പെടാന്‍ മനോജ് കഷ്ടപ്പെടുന്നുണ്ടായിരുന്നു. “നീന്തലറിയാന്‍ വയ്യെങ്കില്‍ എന്നെപ്പോലെ കരയ്ക്കിരുന്നാല്‍ പോരായിരുന്നോ? മനോജ് കരയ്ക്കൊണ്ടായിരുന്നതു കൊണ്ട് നീ രക്ഷപ്പെട്ടു.” പ്രകാശ് ഇടയ്ക്കിടെ ഓര്‍മ്മിപ്പിയ്ക്കുന്നുണ്ടായിരുന്നു. ആ സംഭവത്തിന് ഒരു ജീവന്‍ രക്ഷാ പതക് മനോജിന് അവകാശപ്പെട്ടതാണ്. പിന്നെ പനനീരിന്റെ ആലസ്യത്തില്‍ ഏല്ലാം മറന്ന് പോളേട്ടന്റെ പ്രഭാഷണത്തില്‍ മുഴുകിയ നിലാവുള്ള രാത്രി അവസാനിയ്ക്കാറായി. അമ്പലപ്പറമ്പില്‍ തിരികെയെത്തുമ്പോള്‍ അനൌസ്മെന്റ് “അടുത്ത ഒരു രംഗത്തോടെ ഈ നാടകം ഇവിടെ പൂര്‍ണ്ണമാകുന്നു...” സംഭവബഹുലമായ ശിവാനന്ദോത്സവം അങ്ങിനെ പൂര്‍ത്തിയായി.
രൂപാന്തരം:
വടക്ക് കിഴക്കെ മലയിടുക്കുകള്‍ക്കിടയില്‍ മരങ്ങാട്ടുപ്പള്ളിയില്‍ നിന്നും ഒരു ബിരുദധാരിയെ അവശ്യമായിരിക്കുന്നു. ഭാരതമെന്നത് വലിയ ആവേശമൊന്നുമല്ലാത്ത ഒരു ജനതയെ ഭാരതത്തിന്റെ ഭാവിയായി വാര്‍ത്തെടുക്കുക. കൊള്ളാം. തരക്കേടില്ലാത്ത പ്രതിഫലം. പുതിയ ആകാശം പുതിയ ഭൂമി. പ്രകാശിന്റെ തലവര മാറ്റിവരയ്ക്കപ്പെട്ടു. റഷ്യയില്‍ നിന്നും കയറ്റി അയക്കപ്പെട്ട സാഹിത്യരൂപങ്ങളെല്ലാം ചുളുവിലയ്ക്ക് അവിടെ സുലഭം. ഏല്ലാം വാങ്ങി ഒരു അലമാരയില്‍ അടുക്കിവെച്ച് പ്രകാശ് വായന തുടങ്ങി. ഇതാ പ്രകാശിന്റെ ചിന്താമണ്ഡലം ഉത്ദീപമാകുന്നു. ഹാ സാഹിത്യലോകത്തിലെ അമൂല്യ മുത്തുകളെ, ഹായ്... ഹോയ്... പൂയ്... സാഹിത്യസാഗരത്തില്‍ നീന്തിത്തുടിച്ച് പ്രകാശ് പുതിയ ജന്മമെടുക്കുന്നു. അനന്തപുരിയില്‍ ഒരു നസ്രാണിപത്രത്തില്‍ ശവശരീരങ്ങളുടെ കണക്കെടുക്കുന്നു. ടോള്‍സ്റ്റോയിയും ദയ്സ്തോവിസ്കിയുമെല്ലാം മരങ്ങാട്ടുപ്പള്ളിയിലെ അലമാരയില്‍ വീര്‍പ്പു മുട്ടിയിരുന്നു. പിന്നെ റബ്ബര്‍ മരങ്ങളുടെ ഇല കൊഴിയുന്നതും തളിര്‍ക്കുന്നതും, പാല്‍ കറങ്ങിയിറങ്ങുന്നതും, റബ്ബര്‍ പൂക്കളില്‍ തേനീച്ചകള്‍ സംഗീതമാകുന്നതും, റബ്ബര്‍ കായ്കള്‍ പൊട്ടിയടരുന്നതും അവര്‍ക്ക് പരിചിതമായിത്തീര്‍ന്നു. പ്രകാശിന് അന്യവും.
വൈക്കത്തഷ്ടമിനാളില്‍:
റബ്ബറില്‍ നിന്നും ഫോര്‍ത്തിലേയ്ക്ക് കടന്ന പ്രകാശ് സാദ്ധ്യതകളുടെ ലോകത്തിലേയ്ക്ക് കപ്പല്‍ പായിച്ചു. ഈ പാച്ചിലിനിടയില്‍ ഓര്‍മ്മകളുടെ സുഖമായ വൈക്കത്തഷ്ടമി. അഷ്ടമിത്തിരക്കുകള്‍ക്കിടയില്‍ ഒരു കാമുകന്റെ വിടര്‍ന്ന മുഖവുമായി തെക്കെനടയില്‍ പ്രകാശ് സംഗമിച്ചു. ‘ഈ നസ്രാണിയും പട്ടരുകുട്ടിയും തമ്മില്‍...? മരങ്ങാട്ടുപ്പള്ളിയില്‍ നിന്നും അമ്മച്ചിയെ കൊണ്ടുവന്ന് ഇവിടെയെല്ലാം ഹനാന്‍ വെള്ളം തളിയ്ക്കാനാണോ ഇവന്റെ പ്ലാന്‍!‘ സഹപ്രവര്‍ത്തകയെന്നൊരു മേല്‍വിലാസം ഞങ്ങള്‍ക്ക് നല്‍കുമ്പോള്‍ വലിയ നുണയൊന്നും പറയാന്‍ പ്രകാശ് പഠിച്ചിട്ടില്ലെന്ന് ഉറപ്പായിരുന്നു. പിന്നെയും ഏറെ വൈകി കെ.ടി.ഡി.സിയില്‍ കായല്‍ കാറ്റേറ്റ് ബീയര്‍ ഗ്ലാസ്സില്‍ വിയര്‍പ്പ് കണങ്ങള്‍ അടിയുമ്പോള്‍ ഞങ്ങള്‍ക്കിടയില്‍ വലിയൊരു മൌനത്തിന്റെ ബര്‍ളിന്‍ മതില്‍ ഉയര്‍ന്നു നിന്നു. ചവര്‍ക്കുന്ന വീര്യം കുടിച്ചിറക്കി അക്കരെനിന്നും വരുന്ന ബോട്ടിന്റെ അരണ്ട പ്രകാശത്തിലേയ്ക്ക് നോക്കിയിരിക്കുമ്പോള്‍ കാമുകന്റെ മുഖം ചുവന്ന് പ്രകാശിച്ചിരുന്നു. സന്ധ്യയായി... പ്രഭാതമായി... ശവക്കുഴികള്‍ തേടി പ്രകാശ് യാത്രയായി.
അവിവാഹിതരെ ഇതിലെ ഇതിലെ:
മറ്റൊരു സമാഗമത്തിന് വൈക്കം തിരഞ്ഞെടുത്തത് മനോജാണ്. പ്രകാശിന് കുമരകമായിരുന്നു ലഹരി. ജീവിതത്തിന്റെ കരുത്താര്‍ന്ന മുഖമുമായി പ്രകാശ് കൃത്യമായി എത്തി. കരിമീന്റെ തനതു വിഭവങ്ങളുമായ് ഞങ്ങള്‍ ആരംഭിയ്ക്കുമ്പോള്‍ സംഘാടകനായ മനോജിന്റെ കസേര ഒഴിഞ്ഞു കിടന്നു. കുമരകത്തെയ്ക്കുള്ള ഉള്‍വിളി പ്രകാശിനെ ഉടയ്ക്കിടെ ഉലയ്ക്കുന്നുണ്ടായിരുന്നു. മനോജിന്റെ വരവോടെ അച്ചുവേട്ടന്റെയും കൊച്ചുപോളിന്റെയും മറ്റും സാന്നിദ്ധ്യം മൊബൈല്‍ ലൌഡ് സ്പീക്കര്‍ ഏറ്റുവാങ്ങി. ബീയറിന്റെ തണുപ്പില്‍ പുതഞ്ഞ് പ്രകാശിനെ മനഃപൂര്‍വ്വം പ്രകോപ്പിച്ചു. അവനും ഒരു പെണ്ണും പെടക്കോഴിയുമൊക്കെ വേണമല്ലോ! അവിവാഹിത ജീവിതത്തിന്റെ അനന്ത സാദ്ധ്യതകളെക്കുറിച്ച് വാചാലനാകാന്‍ ശ്രമിയ്ക്കുകയും ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കാട്ടുകയും ചെയ്ത് പ്രകാശ് ചര്‍ച്ച പുരോഗമിപ്പിച്ചു. പിന്നെ 90-ന്റെ ഓര്‍മ്മകളുടെ തൂക്കുപാലത്തില്‍ കയറിയിറങ്ങി പലവഴികള്‍ താണ്ടി ഒരു ബോട്ട് യാത്രയിലേയ്ക്ക് കെട്ടടങ്ങി വൈക്കം സംഗമം. പ്രകാശിന്റെ വാല്‍ പന്തീരാണ്ടു കൊല്ലം കുഴലിലിട്ടാലും നേരേയാവില്ലെന്നും പിന്നെ വെട്ടി ഉപ്പിലിട്ടാല്‍ നേരെയാവാന്‍ സാദ്ധ്യതയുണ്ടെന്നും കഥാന്ത്യം.
കാലികം:
കാലത്തിന്റെ പ്രയാണത്തില്‍, അനുഭവങ്ങളുടെ തീച്ചുളയില്‍ കുരുത്ത പ്രകാശ് എന്ന അവിവാഹിതന്‍ കോഴിക്കോട് പത്രോഫീസിന്റെ ഡസ്കില്‍ നിന്നും ഏണീറ്റ് നടുവ് നിവര്‍ത്തി. പിന്നെ പതിവുള്ള രാത്രിശീലങ്ങളിലേയ്ക്ക് ഒരു യാത്ര. മുറിയിലെത്തുമ്പോള്‍ അരണ്ട വെളിച്ചത്തില്‍ ഡയറിയുടെ പുറംച്ചട്ട തിളങ്ങുന്നു. തുറന്ന് ആദ്യ നമ്പരില്‍ തന്നെ വിളിയ്ക്കാനുറപ്പിച്ചപ്പോള്‍ ക്ലോക്ക് 12 ന്റെ സംഗീതം പൊഴിച്ചു. “ഈ പാതിരാത്രിയ്ക്കിനി എന്നാ വിളിയ്ക്കാനാ?” ഷൂസ് വലിച്ചുരി മേലോട്ടെറിഞ്ഞ് പ്രകാശ് സ്വയം ചോദിച്ചു. പിന്നെ ഡയറി മേശയിലെയ്ക്ക് വലിച്ചെറിഞ്ഞ് ‘പോടാ മയിരുകളെ...’ എന്ന് അലറി കട്ടിലിലേയ്ക്ക് മറിഞ്ഞു.
(നിയമപ്രകാരമുള്ള മുന്നറിയിപ്പ്: ഇതിലെ കഥാപാത്രങ്ങള്‍ക്ക് മരിച്ചവരോ ജനിയ്ക്കാനിരിക്കുന്നവരോ ആയ ആരോടും യാതൊരു ബന്ധവുമില്ല - ജീവിച്ചിരിയ്ക്കുന്നവരുമായി മാത്രം)
Tuesday, March 25, 2008
നക്ഷത്രങ്ങളെ തേടി
ഞാന്‍ ജാലകങ്ങള്‍ തുറന്നിട്ടു.
വെള്ള പുതച്ച രാത്രി മേഘങ്ങള്‍
എന്നെ വല്ലാതെ നിരാശപ്പെടുത്തി.
മനസ്സ് നിറയെ നക്ഷത്രങ്ങള്‍ നിറയ്ക്കാന്‍
ഞാന്‍ ഡയറിത്താളുകളിലെത്തി
പഴയ കടലാസുകള്‍ കൂട്ടിയൊട്ടിച്ച
നിറം മങ്ങിയ നക്ഷത്രമാണെനിക്ക് കിട്ടിയത്
പ്രഭാതനക്ഷത്രങ്ങളെക്കുറിച്ച് എന്നെ പഠിപ്പിച്ചത്
ആരായിരിക്കാം?
സൂര്യനെ താഴ്ത്തി നക്ഷത്രങ്ങളെ ഉയര്‍ത്താന്‍
എന്നില്‍ ആവേശം നിറച്ചതാരാണ്?
കിഴക്ക് നക്ഷത്രങ്ങള്‍ കാണുന്നത്
ശുഭമോ? അശുഭമോ?
നക്ഷത്രങ്ങളെ നോക്കി പ്രതിജ്ഞയെടുക്കുന്നത്
അബദ്ധമോ? ബന്ധനമോ?
ഇവിടെമാകെ ഇരുട്ടാണ് - അശുഭമാകാം.
അതിനാല്‍ ഞാനിവിടെ നിറുത്തട്ടെ
എവിടെയോ കളഞ്ഞു പോയ എന്റെ ഹൃദയത്തെ
കണ്ടെത്താന്‍ നീയെന്നെ സഹായിക്കണം.
Saturday, March 8, 2008
വിരലുകളെ സ്നേഹിച്ച പെണ്‍കുട്ടി
അവള് എന്നോട് ചേര്‍ന്നിരുന്ന് രഹസ്യം പറഞ്ഞു.
“നിങ്ങളുടെ വിരലുകള്‍ എത്രയോ സുന്ദരമാണ്.”
അതൊരു പുതിയ അറിവായിരുന്നു.
നീണ്ടു മെലിഞ്ഞ വിരലുകള്‍!
‘വിരലുകളെ സ്നേഹിച്ച പെണ്‍കുട്ടി’യെന്നൊരു
കഥയെഴുതാമെന്ന് ഞാനവളോടു പറഞ്ഞു.
അപ്പോഴാണവള്‍ കുണുങ്ങിച്ചിരിച്ചത്.
അവളുടെ നെറ്റിയിലെ സിന്ദുരത്തിന്റെ ഭംഗി
മുക്കുത്തിയോളം രക്തവര്‍ണ്ണങ്ങള്‍ പടര്‍ത്തി,
ഞങ്ങള്‍ക്കിടയിലെ ഇഷ്ടമില്ലായ്കകള്‍ ഞാനും
ഇഷ്ടങ്ങള്‍ അവളും കണ്ടെത്തിക്കൊണ്ടിരുന്നു.
ബന്ധിതയല്ലെന്ന് പ്രഖ്യാപിയ്ക്കാനും -
സ്ത്രീയാണെന്നറിയാനും അവള്‍ക്കാവേശമായി
ശാക്തീകരണത്തിന്റെ കയങ്ങളില്‍ നിന്നും
ജീവതാളം നഷ്ടപ്പെട്ട അവളെ ഞാന്‍ വീണ്ടെടുത്തു
‘ഇനിയും വായിക്കെരുതെ’ന്ന് ഞാന്‍ വിലക്കിയപ്പോള്‍
അവളുടെ കണ്ണുകള്‍ നിര്‍ജ്ജീവമായിരുന്നു.
കണ്ണുകളെയും ഞാന്‍ വ്യാഖ്യാനിച്ചു,
അവള്‍ കരയില്ലെന്ന് എനിക്കുറപ്പായിരുന്നു.
മൈലാഞ്ചിക്കാടുകളില്‍ കാറ്റ് അവസാനിച്ചപ്പോള്‍
സന്ധ്യകളെക്കുറിച്ചുള്ള വേദന എന്നിലും
പ്രഭാതങ്ങളെക്കുറിച്ചുള്ള പ്രതീക്ഷകള്‍ അവളിലും
ഉറഞ്ഞു തുടങ്ങിയിരുന്നു.
എന്നെയരുകില്‍ ചേര്‍ത്ത് ഉപദേശിച്ചപ്പോള്‍
എന്നിലവള്‍ ആരെയാവും കണ്ടത്?
തീര്‍ത്തും ശൂന്യതയാണ് ഞാനെന്നറിഞ്ഞപ്പോള്‍
എന്താവും അവള്‍ കരുതിയത്?
ഒരിക്കെലെങ്കിലും നാം തമ്മിലുള്ള ബന്ധത്തെ
നിര്‍വ്വചിക്കാന്‍ അവളോട് ചോദിക്കണം
ആ ചോദ്യമിപ്പോഴും എന്റെ തൊണ്ടയില്‍
ഒരു നിലവിളിയായ് കുടുങ്ങിക്കിടക്കുകയാണ്.
Tuesday, March 4, 2008
സെയിദ്ദ് മുഹമ്മദിന്റെ പൂര്‍ത്തിയാക്കാത്ത കത്ത്
ഉമ്മയ്ക്ക് സുഖമാണോ? അല്ലാഹുവിന്റെ കൃപയാല്‍ എനിയ്ക്കിവിടെ സുഖമാണ്. ഏല്ലാവര്‍ക്കും അല്ലാഹുവിന്റെ നാമത്തില്‍ ആശംസകള്‍ നേരുന്നു.
ഞാനിവിടെ നന്നായ് പഠിയ്ക്കുന്നുണ്ട്. ഭക്ഷണവും നന്നായ് കഴിക്കുന്നു, എനിക്കിനിയും ഒത്തിരിയെറെ സാധനങ്ങള്‍ ആവശ്യമാണ്. ഒരു പുതിയ സ്കുള്‍ ബാഗാണ് അത്യാവശ്യം. എനിക്കിനി സ്പോര്‍ട്സ് ഷൂസ് വേണ്ടാ. നല്ലൊരു ബൂട്സാണ് എനിക്ക് വേണ്ടത്. അതാവും എനിക്ക് നന്നായ് ചേരുക. എന്റെ നമ്പര്‍ ഓര്‍മ്മയുണ്ടല്ലോ? ഏഴ്.
ഇനി ഉമ്മ വരുമ്പോള്‍ ചോക്കലെറ്റുകള്‍ കൊണ്ടു വരുക. ടീ ഷര്‍ട്ടും ജീന്‍സും നേരത്തെ ചോദിച്ചിരുന്നല്ലോ?? കത്തെഴുതാന്‍ ഒരു ലെറ്റര്‍ പാഡുണ്ടായിരുന്നെങ്കില്‍ എത്ര നല്ലതായിരുന്നു.
ഇവിടെയെല്ലാവര്‍ക്കും വീഡിയോ ഗെയിമുണ്ട്. ഞാന്‍ മാത്രമെങ്ങനെ വെറുതെയിരിയ്ക്കും!
എന്റെ അലമാരിയില്‍ വയ്ക്കാന്‍ ഉമ്മയുടെ ഒരു ഫോട്ടോ കൂടി...
(സ്റ്റഡീ ടൈമില്‍ കത്തെഴുതിയതിന് പിടിയ്ക്കപ്പെട്ട സെയിദ്ദ് മുഹമ്മദിന്റെ ‘കുറ്റകൃത്യ‘ത്തിന്റെ തൊണ്ടിമുതല്‍. പഴയ ഒരു ബുക്കില്‍ നിന്നും 11 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെടുത്തത്)
Sunday, March 2, 2008
ദൈവവുമായ് ഒരു ധാരണ
“വരു, നമ്മുക്ക് നടക്കാനിറങ്ങാം.”
“ഗുരോ, ഞാന്‍ നഗ്നനാണല്ലോ,
പിന്നെയെങ്ങനെ നിന്റെയൊപ്പം...”
അപ്പോള്‍ ദൈവം ചോദിച്ചു -
“പച്ചിലകള്‍ കൂട്ടിത്തുന്നി ഞാന്‍
നിനക്ക് തന്ന കുപ്പായമെവിടെ?”
“ഗുരോ, ആ കുപ്പായം വിറ്റാണ്
സര്‍പ്പത്തില്‍ നിന്നും ഞാന്‍
പഴങ്ങള്‍ വാങ്ങിയത്.”
ദൈവം സ്വരമുയര്‍ത്തി -
“പൊടികള്‍ തിന്ന് ജീവിയ്ക്കാന്‍
ഞാന്‍ നിന്നോട് കല്പിച്ചിരുന്നു.
നീയെന്തിനാണ് പഴങ്ങള്‍ മോഹിച്ചത്?”
“ഗുരോ, പൊടികള്‍ തിന്ന് എനിക്ക്
ദഹനക്കേടുണ്ടായി.
നിന്നെപ്പോലെയാകാനാണ്
ഞാന്‍ പഴം തിന്നത്.”
ദൈവം കോപിച്ചു -
“എന്നെപ്പോലെയാകാനാഗ്രഹിച്ചതിനാല്‍
നീ ശപിക്കപ്പെട്ടവനായിരിക്കും.”
“ഗുരോ, ഞാന്‍ നിന്റെ ശാപങ്ങള്‍ക്കതീതനായ്
നന്മ തിന്മകള്‍ തിരിച്ചരിയുന്നു
പഴം എന്റെ കണ്ണ് തുറപ്പിച്ചിരിക്കുന്നു.”
ദൈവം വീണ്ടും സൌമ്യനായ് -
“നമ്മുക്കിടയില്‍ ഒരു ധാരണ ജനിപ്പിയ്ക്കാം
ഞാന്‍ ദൈവവും നീ പുരോഹിതനുമാവുക.”
Saturday, February 23, 2008
കുറെ ഡെഫനിഷുകള്‍
കന്യാകാത്വത്തെക്കുറിച്ചുള്ള ചര്‍ച്ചക്കിടയില്‍ സുഹൃത്ത് ചോദിച്ചു. “കന്യകകളോ!?, ഈ മോഡേണ്‍ വേള്‍ഡിലോ?”
“ആപ്പോള്‍ എന്തായീ മോഡേണ്‍ വേള്‍ഡ്?”
“ആവോ”
“അപ്പോള്‍ തിരുത്താം.”
“എങ്ങിനെ?”
“കന്യകയെന്നത് അവിവാഹിത എന്നാക്കാം.”
“ഇക്കഴിഞ്ഞ ദിവസം ഞാനൊരു വിവാഹിതയായ കന്യകയെ കണ്ടു!”
“കണ്‍ഫ്യൂഷന്‍...എന്താണീ കന്യക, വിവാഹിത, അവിവാഹിത?”
“ഓരോന്നും ഞാന്‍ ഡിഫൈന്‍ ചെയ്യാം, കേട്ടോളൂ.”
“ഒരു സംശയം, എന്താണീ ഡിഫൈന്‍...?”
“അതോ? നിര്‍വ്വചനം... ഓരോന്നിനെക്കുറിച്ചുമുള്ള ലഘുലേഖയാണ് നിര്‍വ്വചനം.”
“ഒരു കാര്യം കൂടി, നിര്‍വ്വചനങ്ങള്‍ക്ക് ഭൂതകാലവുമായ് യാതൊരു ബന്ധവുമില്ല.”
“നിര്‍വ്വചനം ഒന്ന് - വിവാഹിത:
ഭര്‍ത്താവിന് സുഖം നല്‍കാന്‍ വിധി
മക്കള്‍ക്ക് മുലയൂട്ടാന്‍ വിധി
അമ്മയ്ക്ക് ശുശ്രൂഷയ്ക്ക് വിധി
കാമുകനെ സ്വപ്നം കാണാന്‍ കൊതി
പാത്രങ്ങളും വിഴുപ്പും ഒഴിയാന്‍ കൊതി
ഒരു നുള്ളു സ്നേഹത്തിനായ് കൊതി.”
“നിര്‍വ്വചനം രണ്ട് - അവിവാഹിത:
സ്വപ്നങ്ങളില്ലാത്തവള്‍
കാരണം
എല്ലാമവള്‍ക്ക് അവകാശം
എല്ലാമവള്‍ക്ക് സ്വന്തം
പുടവ അവള്‍ക്ക് നാണം മറയ്ക്കാനല്ല.”
“നിര്‍വ്വചനം മൂന്ന് - കന്യക:
എത്രയോ വട്ടം അവള്‍
ചുണ്ടുകള്‍ കടിച്ചുപ്പൊട്ടിച്ചിരിക്കുന്നു
കൈകള്‍ കൂട്ടിത്തിരുമ്മിയിരിക്കുന്നു.”
Tuesday, February 19, 2008
ലെബനനിലേയ്ക്കുള്ള സ്വപനങ്ങളുടെ ദൂരം
നിന്റെ ഇരുണ്ട ടീ ഷര്‍ട്ടില്‍
ബാല്യത്തിന്റെയും
യുദ്ധത്തിന്റെയും കണ്ണീര്‍പ്പാടുകള്‍
“നീ നക്ഷത്രങ്ങളെവാഗ്ദാനം ചെയ്തു
കുതിരക്കുളമ്പടിയ്ക്കായ് ഞങ്ങള്‍ കാതോര്‍ത്തു.”
റിച്ചാര്‍ഡിന്റെ മുറിയില്‍
നീയെന്നെ വല്ലാതെ പേടിപ്പിച്ചു കളഞ്ഞു
കന്യാമഠത്തിനുള്ളില്‍ നീ തണുത്തുറഞ്ഞു
പോകുമെന്നും ഞാന്‍ ഭയപ്പെട്ടു.
നിന്നിലെ കുരുന്നാവേശങ്ങള്‍ -
പിന്നെ ലോകം തീര്‍ത്ത
മുറിപ്പാടുകള്‍
മാറിയും മറിഞ്ഞും വന്ന
നിറമാറ്റങ്ങള്‍
ഇരുളടഞ്ഞ ഗുഹകളില്‍,
തെണ്ടിക്കാറ്റിന്റെ ആകാശങ്ങളില്‍
സ്വാതന്ത്രത്തിന്റെ...
ധീരതയുടെ...
തുടിതാളം
വടുക്കളിലൂടെ അരിച്ചിരങ്ങിയ
തണുപ്പിലും
പേടിപ്പെടുത്തുന്ന കിനാക്കളിലും
അവസാനം മുളച്ചത്
യുദ്ധങ്ങളില്ലാത്ത ദ്വീപ്.
(1991-ലെ ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ കണ്ട ‘ബെയ്റൂട്ടിന്റെ റാണി’ എന്ന ചലചിത്രത്തിന്റെ ഓര്‍മ്മകളില്‍)
Tuesday, January 15, 2008
ഒരു മീന്‍ തലയ്ക്ക് ഒരു സീറ്റ്!
പാലമിറങ്ങി ഞങ്ങളെത്തിയത് ഒരു ചേരിയിലാണ്. കറുത്ത പൊടി പടര്‍ന്ന് ഇരുണ്ട നിറത്തിലായ ഒരു പ്രദേശം. ചാണകം മെഴുകിയ പോലെ തോന്നിക്കുന്ന തിണ്ണയില്‍ ഒരാള്‍ മലര്‍ന്ന് കിടക്കുന്നുണ്ട്.
“ചേട്ടോ...” സാജു സ്വതസിദ്ധമായ ശൈലിയില്‍ ഒന്ന് കൂക്കി.
അയാള്‍ നിവര്‍ന്ന് വെളുത്ത മീശ മേലോട്ട് തടവി.
“ചേട്ടോ, കുറച്ച് പാനീ.”
“തുമാര്‍ കി പാനീ ചായ്?” അയാള്‍ എണീറ്റു.
“ചായ് നഹി ചേട്ടാ, പാനീ. പാനീ...”
“ഒക്കനെ പൈപ്പ് ആച്ചെ. ഗെയെ പാന്‍ കരുണ്‍.”
ഞങ്ങള്‍ അന്തം വിട്ട് നിന്നു. ഒന്നും മനസ്സിലായില്ല.
“നമ്മുക്ക് തിരിച്ച് നടക്കാം ഇത് ഏരിയ അത്ര പന്തിയല്ലന്ന് തോന്നുന്നു.” ചുറ്റുപാടൊന്ന് വീക്ഷിച്ചിട്ട് ഞാന്‍ സാജുവിനെ നിര്‍ബന്ധിച്ചു.
“ഷംനെ ദുക്കാന്‍ ആച്ചെ, ഒക്കാനെ സര്‍വത്ത് പൈബെന്‍.” മുന്നിലെയ്ക്ക് ചൂണ്ടിക്കാണിച്ച് അയാള്‍ പറഞ്ഞു, പിന്നെ മീശ തടവി കൊണ്ട് ചോദിച്ചു. “തുമി കി കേരള തക്കെ എഷെച്ചോ?”
“യെസ് യെസ് കേരള! കേരള!” സാജു ഒരു വില്‍സ് അയാള്‍ക്ക് നീട്ടി.
“മാഷേ, എന്താ ചോദിച്ചെന്നറിയാതെ വള വളാന്ന് പറഞ്ഞാ ബംഗാളീല്‍ വല്ല തെറിയുമായിരിയ്ക്കും. നമ്മുക്ക് വിട്ടു പിടിയ്ക്കാം.” എനിക്ക് ചെറിയൊരു പരിഭ്രമമുണ്ടായിയുന്നു.
സിഗരറ്റ് കിട്ടിയപ്പോള്‍ അയാളുടെ മുഖത്തൊരു ചിരി പടര്‍ന്നു, പിന്നെ മീശ തടവി മേലോട്ടുയര്‍ത്തി അയാള്‍ തറയിലിരുന്നു. സാജു മറ്റൊരു സിഗരറ്റ് കൊളുത്തി അയാളുടെ ഒപ്പമിരുന്നു.
“ഇവിടെ മറ്റെത് കിട്ടുമോ?” സാജു അയാളോട് കണ്ണിറുക്കി കാട്ടി.
“തുമി കി ബോല്‍ത്തെച്ചോ അമി എക്തുവൊ ബുജുത്തെ പര്‍ച്ചിന.” അയാള്‍ തലയില്‍ ചൊറിഞ്ഞു.
“മാഷേ, നമ്മുക്ക് വിടാം. അപ്പോ ശരി മൂപ്പില്‍സെ.” ഞാനയാള്‍ക്ക് കൈ നീട്ടി. അയാള്‍ ചിരിച്ച് കൊണ്ട് തിരിച്ചും.
പിന്നെ ഞങ്ങള്‍ കുറെ കൂടി മുന്നോട്ട് നടന്നു. സമാനമായ കാഴ്ചകള്‍ മാത്രം. തിരികെ നടന്ന് പാലത്തിലെത്തി. പഴയ തിരക്കില്ല. ട്രാമിന്റെ റെയിലുകള്‍ റോഡില്‍ തിളങ്ങിക്കിടന്നു. ഹുഗ്ലി നദിയില്‍ ഒഴുകി നടക്കുന്ന വഞ്ചികള്‍ക്കപ്പുറം പക്ഷികള്‍ വട്ടമിട്ട് പറക്കുന്നു. താലത്തില്‍ ശിവലിംഗവുമായി ഒരു ഭിക്ഷാംദേഹി എതിരെ വന്നു. അയാള്‍ തന്ന ഭസ്മത്തിന് ഒരു ചിരി മാത്രം ഞങ്ങള്‍ പകരം കൊടുത്തു. അയാള്‍ പിറുപിറുത്ത് കൊണ്ട് അകന്നു പോയി. മറ്റൊരു വശത്ത് എലികള്‍ ഓടിക്കളിക്കുന്ന ഒരു ചെറിയ അമ്പലം. കൌതുകത്തോടെ ഞങ്ങള്‍ താഴോട്ടിറങ്ങി. ഏതോ ചില പാട്ടുകളൊക്കെ പാടിക്കൊണ്ട് അകത്തെ മുറിയിലൊരു പൂജാരി ഇരിപ്പുണ്ട്. അയാള്‍ തലയൊന്നുയര്‍ത്തി നോക്കി പിന്നെ പാട്ട് തുടര്‍ന്നു. എലികള്‍ ചുറ്റും കറങ്ങി നടന്നു, ഒന്ന് രണ്ടെണ്ണം ഞങ്ങളുടെ കാലില്‍ തട്ടി കടന്ന് പോയി. അകത്ത് സാമ്പ്രാണിയുടെ സുഗന്ധത്തില്‍ ഗണപതി പുഞ്ചിരിച്ചു. ‘മദ്രാസ്സിലെയ്ക്കെങ്കിലും ഒരു റിസര്‍വേഷന്‍ ശരിയാക്കി തന്നെ’യെന്ന് എലിവാഹനനോട് പ്രാര്‍ത്ഥിച്ച് ഞങ്ങള്‍ സ്റ്റേഷനിലെയ്ക്ക് തിരിച്ചു.
മീന്‍ തലകള്‍ വറത്തടുക്കി വച്ചിരിക്കുന്ന ഒരു റസ്റ്റോറന്റില്‍ ഒരു ടിപ്പിക്കല്‍ ബംഗാളി ഊണിന് ഞങ്ങള്‍ ഓഡര്‍ കൊടുത്തു. മീന്‍ കറിയും തല വറത്തതും എല്ലാം ചേര്‍ത്ത് ഉശിരന്‍ ഊണ്. ഇതിനിടയില്‍ സാജു ഒരു ടി. ടി. ഇയുമായ് ചങ്ങാത്തത്തിലായി. ഒരു തല വറത്തത് വാങ്ങിക്കൊടുത്താല്‍ മദ്രാസിലേയ്ക്ക് റിസര്‍വേഷന്‍ ശരിയാക്കാമെന്നെറ്റു കക്ഷി. തല വറത്തത് റെഡി! ഊണ് കഴിഞ്ഞ് ഞങ്ങള്‍ അയാളുടെ കൂടെ വച്ചു പിടിച്ചു. സത്യത്തില്‍ അയാളില്ലായിരുന്നെങ്കില്‍ കൃത്യമായി പ്ലാറ്റ്ഫോം കണ്ടുപിടിയ്ക്കാന്‍ ഞങ്ങള്‍ കഷ്ടപ്പെട്ടേനെ. ഗുവഹാട്ടിയില്‍ നിന്നും വന്നിറങ്ങുമ്പോള്‍ ഇത്രയും പ്ലാറ്റ്ഫോം ഹൌറ സ്റ്റേഷന് ഉണ്ടായിരുന്നോ ആവോ! മദ്രാസിലെയ്ക്കുള്ള ട്രയിന്‍ വരുന്ന പ്ലാറ്റ്ഫോം അയാള്‍ കാണിച്ച് തന്നു. പിന്നെ ഞങ്ങളുടെ ടിക്കറ്റ് വാങ്ങി പുറകിലെന്തോ വരച്ച് അയാളുടെ ഫയലില്‍ എന്തോ എഴുതി ടിക്കറ്റ് തിരികെ തന്നു. “റിസര്‍വേഷന്‍ ഓ.കെ!” അയാള്‍ സലാം പറഞ്ഞകന്നു.
കോറോമാണ്ടല്‍ എക്സ്പ്രസ്സ് കണിശക്കാരനായ ജോലിക്കാരെനെപ്പോലെ മദ്രാസ്സിലേയ്ക്ക് പാഞ്ഞു. ചെക്കിംഗിനിടയില്‍ ടി. ടി. ഇ ഞങ്ങളുടെ നേരേ ചീറി. “ഛീ! റിസര്‍വെഷനില്ലാതെ റിസര്‍വേഷന്‍ കംമ്പാര്‍ട്ടുമെന്റില്‍ കയറിയിരിക്കുന്നോ?..... അടുത്ത സ്റ്റേഷനിലിറങ്ങി ഓര്‍ഡിനറി കംമ്പാര്‍ട്ടുമെന്റില്‍ കയറിക്കൊള്ളണം.” “സര്‍.....” ടിക്കറ്റിന്റെ മറുവശത്തെ മീന്‍ തല കാട്ടി ഞങ്ങള്‍ ഒരു ശ്രമം നടത്തി. ഫൈനടിയ്ക്കുമെന്നൊരു വാണിംഗ് ഞങ്ങള്‍ക്ക് തന്ന് എക്സാമിനര്‍ അടുത്ത ക്യാബിനിലെയ്ക്ക് പോയി. അവിടെയും കക്ഷി ആരോടൊക്കെയൊ ദേഷ്യപ്പെടുന്നുണ്ട്. “ഏല്ലാ അണ്ണന്മാരും മീന്‍ തല വാങ്ങിക്കൊടുത്ത് കയറിയിരിക്കുവാ” സാജു ആരോടെന്നില്ലാതെ പറഞ്ഞു.
പിന്നെയൊരു ടോം ആന്‍ഡ് ജെറി കളിയുടെ അവസാനത്തില്‍ റിസര്‍വേഷന്‍ കംമ്പാര്‍ട്ടുമെന്റില്‍ തന്നെ മദ്രാസ്സിലെത്തി. അടുത്ത പ്ലാറ്റ്ഫോമില്‍ ഞങ്ങളെ കാത്ത് മദ്രാസ്സ് മെയില്‍! അതില്‍ സുഖമായ ഉറക്കം... നാടിന്റെ പച്ചപ്പിലേയ്ക്ക് മദ്രാസ്സ് മെയില്‍ കൂവി പാഞ്ഞു... ഹായ് എത്ര സുഖകരമീ യാത്രകള്‍!
Thursday, January 10, 2008
ശവപ്പെട്ടിപ്പണിക്കാരന്‍
അവസാന മിനുക്കില്‍ മുഴുകുമ്പോള്‍
അയാളെതേടി അവശ്യക്കാരനെത്തി
മുഖങ്ങളില്ലാത്ത മനുഷ്യരൂപങ്ങള്‍
അയാളുടെ നെടുവീര്‍പ്പുകളിലെയ്ക്ക്
മുഷിഞ്ഞ നോട്ടുകള്‍ സമ്മാനിച്ചകന്നു.
ഓരോ പെട്ടിയിലും മുഖം ചേര്‍ത്ത്
പരേതന്റെ ആത്മദുഃഖങ്ങളെ ആവാഹിച്ച്
ചായക്കുട്ടുകളില്‍ സ്പനങ്ങള്‍ കലര്‍ത്തി
അയാള്‍ മരണത്തിന് നിറം പകര്‍ന്നു
ഒടുവില്‍ നിറം പിടിയ്ക്കാത്ത
ജീവിതം അയാള്‍ക്ക് ബാക്കിയായി.
ജീവിതത്തിന്റെയറ്റങ്ങള്‍ കൂട്ടിപിടിയ്ക്കാന്‍
മരണത്തെ കൂട്ടാക്കിയത്
അയാളെ വല്ലാതെ അസ്വസ്തനാക്കി
മൂകത ഘനീഭവിച്ച രാത്രികളില്‍
നിലയ്ക്കാത്ത തേങ്ങലുകളുടെ
പ്രവാഹത്തിലെക്ക് അയാള്‍ ഒഴുകിപ്പോയി.
വിറങ്ങലിച്ച കര്‍ക്കിടകത്തിന്റെ
കോരിച്ചൊരിയുന്ന ആരവങ്ങളില്‍
അവസാനത്തെ ആവശ്യക്കാരനായ്
അയാള്‍ മരിച്ചു -
സ്വയംഹത്യയുടെ തെളിവുകള്‍
ഒന്നുമെ അവശേഷിപ്പിക്കാതെ.
മഴയൊഴിഞ്ഞപ്പോള്‍
ചീവിടുകള്‍ നീട്ടികരഞ്ഞു.
Sunday, January 6, 2008
ഒ. വി വിജയനും മാവേലിതമ്പുരാനും
തികഞ്ഞ യുക്തിവാദിയായ (അയിരുന്ന?) വിപിനനങ്കിള്‍ ഹൈദരാബാദിലെ ഓണത്തിന്റെ പ്രധാന ആതിഥേയനായിരുന്നു. പലപ്പോഴും വീട്ടിലെ ചര്‍ച്ചകള്‍ക്ക് അങ്കിള്‍ വലിയ ഹരം പകര്‍ന്നിട്ടുണ്ട്. ആയിടെ രൂപം കൊണ്ട ഒരു സംഘടനയെക്കുറിച്ചും ഓണാഘോഷത്തെക്കുറിച്ചും സൂചിപ്പിച്ചെങ്കിലും ഞാനതില്‍ വലിയ താല്പര്യം പ്രകടിപ്പിച്ചില്ല. ഒ. വി. വിജയന്‍ ഹൈദരാബാദിലുണ്ടെന്നും അദ്ദേഹമായിരിക്കും വിശിഷ്ടാഥിതിയെന്നും പറഞ്ഞപ്പോള്‍ ഞാന്‍ സജീവമായി.
“ഒ. വി. വിജയനൊന്നും വരില്ല. അദ്ദേഹം ഒരു പരിപാടികളിലും പങ്കെടുക്കാറില്ല.” എന്റെ അറിവ് ഞാന്‍ വെളിപ്പെടുത്തി.
“ഏയ്. വരും. ഞങ്ങള്‍ കാണാന്‍ പോകുന്നുണ്ട്.” അങ്കിള്‍ ഉറപ്പിച്ചു.
“ബെറ്റുണ്ടോ? ഒ.വി വിജയന്‍ വന്നാല്‍ നിങ്ങടെ പരിപാടിടെ ചിലവ് മുഴുവന്‍ ഞാനേറ്റു.” ചില്ലി കാശ് കൈയ്യിലില്ലാത്ത ഞാന്‍ വെല്ലുവിളിച്ചു.
അങ്കിള്‍ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. അങ്കിള്‍ പരാജയം സമ്മതിച്ചെന്ന് ഞാന്‍ കരുതി ഞാന്‍ ഞെളിഞ്ഞിരുന്നു. പിന്നെ വിജയന്‍ കഥാപാത്രങ്ങളിലൂടെ ചര്‍ച്ച നീണ്ടു.
പിന്നെയും കുറെ ദിവസങ്ങള്‍ കഴിഞ്ഞാണ് വിപിനനങ്കിളിനെ കാണുന്നത്. എന്റെ മുഖത്ത് ഒരു വെല്ലുവിളിയുടെ ഭാവം വരുത്തി ഞാന്‍. അങ്കിള്‍ പോക്കറ്റില്‍ നിന്നും ഒരു നോട്ടീസെടുത്തു തന്നു.
“ഓണാഘോഷം... ... ... വിശിഷ്ടാഥിതി: ശ്രീ. ഒ. വി. വിജയന്‍... ... ...”
“ഇത് നേരാണോ?” എനിക്ക് വിശ്വസിക്കാന്‍ തോന്നിയില്ല.
“അപ്പോ, ചിലവിന്റെ കാര്യം?” അങ്കിള്‍ ഉറക്കെ ചിരിച്ചു.
എന്റെ മുഖമൊക്കെ ചുക്കി ചുളിഞ്ഞു പോയി. വല്ലാത്തൊരു ചമ്മല്‍. “നേരാണോ? ഒ. വി വിജയന്‍ വരുമോ?...” എനിക്കപ്പോഴും ഉറപ്പായില്ല.
“വരും. പരിപാടിക്ക് പോരാന്‍ റെഡിയായിക്കോ.” അങ്കിള്‍ തോളില്‍ തട്ടി.
ഭാരതീയ വിദ്യാഭവന്റെ മുകളിലെത്തെ നിലയില്‍ ചെറിയൊരു ഹാള്‍. ചെറിയ സദസ്സ്. എന്റെ മനസ്സ് ആവേശത്തിലായിരുന്നു. ഏറ്റവും പുറകിലായി ഒരു ബഞ്ചിലിരുന്നു. ‘ഒന്ന് കാണണം. അകലെ നിന്നെങ്കിലും.’ അത്രയെ ഞാന്‍ ആഗ്രഹിച്ചുള്ളു. ഇതിപ്പോള്‍ അടുത്തു കാണാം. ഭാഗ്യം.
അധികം താമസിയാതെ ഖസാക്കിന്റെ കഥാകാരന്‍ ഹാളിലെത്തി. അദ്ദേഹത്തെ എത്തിക്കുകയായിരുന്നു! രണ്ടാളുകള്‍ താങ്ങി. എനിക്ക് വല്ലാത്തൊരു ജിജ്ഞാസ. ഞാനെണിറ്റ് ബഞ്ചിന്റെ മുകളില്‍ കയറി. ആദ്യമായി ഒ. വി വിജയനെ കാണുന്നതിന്റെ ആവേശമൊന്നും അപ്പോള്‍ എനിക്ക് തോന്നിയില്ല. അദ്ദേഹം ആകെ അവശനായിരിക്കുന്നു. വല്ലാത്ത ഒരു ദയനീയ ഭാവം. വേദിയില്‍ ഇരുന്ന് സദസ്സിനെ നോക്കി അദ്ദേഹം പുഞ്ചിരിച്ചു. മുഖത്തേയ്ക്ക് പാറി വീണ മുടിയിഴകള്‍ അയാസപ്പെട്ട് അദ്ദേഹം വകഞ്ഞു മാറ്റി. തുവെള്ള സാരി ധരിച്ച ഒരു സ്ത്രീ അദ്ദേഹത്തിന്റെ കണ്ണടയൂരി തുടച്ച് തിരികെ വച്ചു കൊടുത്തു.
ഖസാക്കിലെ കരിമ്പനകളില്‍ കാറ്റ് വീശിയടിക്കുന്നതു പോലൊരു പ്രസംഗം പ്രതീക്ഷിച്ച് ഞാന്‍ കാത്തിരുന്നു. അദ്ദേഹത്തിന്റെ ഊഴമെത്തിയപ്പോള്‍ സംഘാടകര്‍ ഒരു മൈക്കെടുത്ത് അദ്ദേഹത്തിന്റെ കൈയ്യില്‍ കൊടുത്തു. കസേരയില്‍ ഇരുന്നു തന്നെ അദ്ദേഹം ഓണാശംസകള്‍ നേര്‍ന്നു. “നിങ്ങള്‍ എന്നോട് കാണിച്ച സ്നേഹത്തിനും ദയയ്ക്കും നന്ദി.” വിറയാര്‍ന്ന ശബ്ദത്തില്‍ ഇതിഹാസകാരന്‍ പറഞ്ഞു നിറുത്തി.
സദസ്സ് ഉച്ചത്തില്‍ കൈയ്യടിച്ചു. എനിക്ക് കൈകള്‍ അനങ്ങുന്നില്ല. ഒ. വി യുടെ പല കഥാപാത്രങ്ങളും എന്റെ മനസ്സിലൂടെ കടന്നു പോയി. വല്ലാത്തൊരു പിരിമുറുക്കം തോന്നി.
കേരളീയ തനതുകലാരൂപങ്ങള്‍ അണിയറയില്‍ തയ്യാറായി നിന്നിരുന്നു. അവയ്ക്കായ് വേദിയില്‍ നിന്നും അദ്ദേഹത്തെ താഴെയ്ക്ക് പിടിച്ചിറക്കി. കാഴ്ചകളില്‍ താല്പര്യം ജനിയ്ക്കാതെ അദ്ദേഹം യാത്രയാകാനൊരുങ്ങി. രണ്ടു വശങ്ങളിലും താങ്ങി അദ്ദേഹത്തെ പുറത്തേയ്ക്ക് നടത്തി. ഏതോ ഒരു ആവേശത്താല്‍ ഞാന്‍ ഹാളിന്റെ മുന്നിലേക്കോടി. അദ്ദേഹത്തെ ലിഫ്റ്റിന്റെ അടുത്തേയ്ക്ക് കൊണ്ടു പോകുന്നു, ഞാന്‍ ഗോവണി വഴി താഴെക്കോടി. ഇടയില്‍ ശക്തിയായ ഒരു കൂട്ടിയിടി. സാക്ഷാല്‍ മാവേലിത്തമ്പുരാന്‍! “ഒന്ന് നോക്കി ഇറങ്ങിക്കുടെ... ഇപ്പോ മറിഞ്ഞു വീണെനെ...” ഭിത്തിയില്‍ ചാരി നിന്ന് മാവേലി ചൂടായി.
“സോറി മാവേലി...” തിരിഞ്ഞു നില്‍ക്കാതെ ഞാന്‍ താഴോട്ടോടി.
ലിഫ്റ്റിന്റെ മുന്നിലെത്തി. ഹാവു. അവര്‍ താഴെയെത്തിയിട്ടില്ല. ഒരല്പം കഴിഞ്ഞ് ലിഫ്റ്റ് താനേ തുറന്നു. ദാ നേരേ മുന്നില്‍ കഥാകാരന്‍. ഞാനങ്ങാതെ നിന്നു. അവര്‍ക്ക് പുറത്തേയ്ക്ക് കടക്കാനുള്ള വഴിയടഞ്ഞാണ് ഞാന്‍ നിന്നിരുന്നത്. ആ ബോധം വന്നപ്പോള്‍ ഞാന്‍ എന്തോ പറയണമെന്നാശിച്ചു. പക്ഷേ ഒരു ശബ്ദവും പുറത്തേയ്ക്ക് വന്നില്ല. ഞാന്‍ കുനിഞ്ഞ് ആ കാലുകളില്‍ വീണു. തിരികെ എഴുന്നേള്‍ക്കുമ്പോള്‍ അദ്ദേഹം എന്നെ ദയാപൂര്‍വ്വം നോക്കി. കണ്ണടയ്ക്കുള്ളില്‍ ആ കണ്ണുകള്‍ തിളങ്ങുന്നുണ്ട്. പിന്നെ കാറിനടുത്തേയ്ക്ക് നടത്തുമ്പോഴും കാറിലിരിക്കുമ്പോഴും അദ്ദേഹം എന്നെ തന്നെ നോക്കി കൊണ്ടിരുന്നു. ഇനി അദ്ദേഹം നോക്കിയത് എന്നെ ആയിരുന്നില്ലെങ്കില്‍ പോലും ഞാനിന്നും വിശ്വസിക്കുന്നത് ആ തിളങ്ങുന്ന കണ്ണുകള്‍ എന്നെ മാത്രം നോക്കുകയായിരുന്നെന്ന്.
Tuesday, January 1, 2008
പുതുവര്‍ഷത്തില്‍ മാറ്റേണ്ടത്
പുതുവര്‍ഷത്തില്‍
മാറ്റേണ്ടത്?
ഞാന്‍ മാറിയാല്‍
ഞാന്‍ ഞാനല്ലാതാകും
അപ്പോള്‍
ഞാന്‍ മാറണ്ടാ.
നീ മാറിയാല്‍
നീ നിയല്ലാതാകും
അപ്പോള്‍
നീയും മാറണ്ടാ.
എങ്കിലും
തീര്‍ച്ചയായും
മാറ്റേണ്ട ഒന്നുണ്ട്.
അതിനാള്‍
ഞാനീ കലണ്ടര്‍
മാറ്റിയിടുന്നു.